2016, ജൂലൈ 17, ഞായറാഴ്‌ച

പൊതുമരാമത്ത്‌ പണികള്‍ നന്നാകാന്‍ പിരിവ്‌ എടുക്കുന്നത്‌ ആദ്യം നിര്‍ത്തണം- ഓള്‍ കേരള ഗവണ്മന്റ്‌ കോണ്‍ട്രാക്ടേഴ്‌സ്‌ അസോസിയേഷന്‍.



കൊച്ചി
കേരളത്തിലെ പൊതുമരാമത്ത്‌ വകുപ്പിന്റെ കീഴിലുള്ള പണികളില്‍ അഴിമതി ഇല്ലാതാക്കാന്‍ പൊതുമരാമത്ത്‌ മന്ത്രിയുടെ പാര്‍ട്ടിക്കാര്‍ തന്നെ കരാറുകാരില്‍ നിന്നും പിരിവ്‌ എടുക്കുന്നതില്‍ നിന്നും പിന്മാറി മാതൃക കാണിക്കണമെന്ന്‌ ഓള്‍ കേരള ഗവണ്മന്റ്‌ കോണ്‍ട്രാക്ടേഴ്‌സ്‌ അസോസിയേഷന്‍. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥന്മാരും ആണ്‌ പൊതുമരാമത്ത്‌ പണികള്‍ മോശമാകാന്‍ കാരണം.
സംസ്ഥാന സര്‍ക്കാരിന്റെ പണികളില്‍ നിന്നും ലഭിക്കുന്നതില്‍ ഒരു നല്ല വിഹിതം രാഷ്ട്രീയക്കാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും നല്‍കേണ്ടിവരുന്നു. 100 രൂപയുടെ പണി ലഭിക്കുമ്പോള്‍ നികുതിയായും മറ്റും 21 രൂപയോളം നല്‍കേണ്ട്‌ിവരുന്നു. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥന്മാരും വാങ്ങുന്ന തുക അതിനു പുറമെ. പണികള്‍ മോശമാകുനുള്ള കാരണങ്ങള്‍ ഈ അഴിമതികളാണെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. നിലവില്‍ 2650 കോടി രൂപയാണ്‌ പൊതുമരാമത്ത്‌ ഇറിഗേഷന്‍ ,ഹര്‍ബര്‍ വകുപ്പുകളിലായി കുടിശ്ശിക കരാറുകാര്‍ക്ക്‌ ലഭിക്കാനുള്ളത്‌. ഇത്‌ എന്നു ലഭിക്കുമെന്നു പോലും വ്യക്തമല്ല. 
ഈ സാഹചര്യത്തില്‍ അടുത്തിടെ മെട്രോ റെയില്‍ സാരഥി ഇ.ശ്രീധരന്‍ എഞ്ചിനിയര്‍മാരുടെ യോഗത്തില്‍ നടത്തിയ പ്രസ്‌താവന നിര്‍ഭാഗ്യകരമായി പോയെന്നും കോണ്‍ട്രാക്ടേഴ്‌സ്‌ അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു. മെട്രോ റെയില്‍ അടക്കമുള്ള പണികളില്‍ ഇ.ശ്രീധരന്‍ സ്വന്തമായി എസ്റ്റിമേറ്റ്‌ ഉണ്ടാക്കുകയും യാതൊരു മാറ്റവും വരുത്താതെ സര്‍ക്കാര്‍ ഇത്‌ അംഗീകരിക്കുകയും ചെയ്യുന്നു . മുന്‍കൂര്‍ അഡ്വാന്‍സ്‌ ഉള്‍പ്പെടെ യാതോരു തടസ്സവുമില്ലാതെ കൃത്യമയാി പണം കൊടുക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ കരാറുകാര്‍ക്ക്‌ ഇ.ശ്രീധരനു നല്‍കുന്ന ആനുകൂല്യം നല്‍കിയാല്‍ അതേ ഗുണനിലവാരത്തോടെ പണികള്‍ ചെയ്യാന്‍ സാധിക്കും. ഓരോ പണികള്‍ക്കും അതിന്റേതായ റേറ്റും പണി ചെയ്യാനുള്ള സ്വാതന്ത്ര്യവും നല്‍കിയാല്‍ മലേഷ്യന്‍ കമ്പനിയേക്കാള്‍ മെച്ചമായി ഇവിടത്തെ കരാറുകാര്‍ക്കും പണികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. 
കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന നാളുകളില്‍ കരാറുകള്‍ നല്‍കിയതില്‍ കോടികളുടെ തട്ടിപ്പ്‌ നടന്നതായും ഓള്‍ കേരള ഗവണ്മന്റ്‌ കോണ്‍ട്രാക്ടേഴ്‌സ്‌ അസോസിയേഷന്‍ ആരോപിച്ചു. ഭൂരിഭാഗം കരാറുകളും തോന്നിയ നിരക്കില്‍ തങ്ങള്‍ക്കു വേണ്ടപ്പെട്ടവരെയാണ്‌ എല്‍പ്പിച്ചത്‌. മിക്കവയിലും രാഷ്ട്രീയക്കാരുടെ ബിനാമികളായിരുന്നു ഈ പണികള്‍ എറ്റെടുത്തു നടത്തിയവര്‍. യാതൊരു ടെന്‍ഡറും വിളിക്കാതെയായിരുന്നു കരാര്‍ നല്‍കിയത്‌. 967 കോടിരൂപയുടെ പണികളാണ്‌ ഊരാളി ലേബര്‍ കോണ്‍ട്രാക്ടര്‍മാര്‍ക്കു നല്‍കിയത്‌. വന്‍ തുകയാണ്‌ ഇതില്‍ നഷ്ടം വന്നിരിക്കുന്നത്‌. അതേപോലെ തെരഞ്ഞെടുപ്പിനു മുന്‍പ്‌ നല്‍കിയ ക്വട്ടേഷന്‍ വര്‍ക്ക്‌്‌ ഇലക്ഷന്‍ ഫണ്ടിനു വേണ്ടിയായിരുന്നുവെന്നും ഓള്‍ കേരള ഗവണ്മന്റ്‌ കോണ്‍ട്രാക്ടേഴ്‌സ്‌ അസോസിയേഷന്‍ ആരോപിച്ചു.
യാതോരു മാനദണ്ഡവുമില്ലാതെ അക്രഡിറ്റഡ്‌ ഏജന്‍സി എന്ന ഓമനപ്പേരില്‍ ടെണ്ടറില്ലാതെ വിളിച്ചു നല്‍കിയതുമൂലം കോടിക്കണക്കിനു രൂപയുടെ ബാധ്യതയാണ്‌ വരുത്തിയത്‌. 
വാര്‍ത്താ സമ്മേളനത്തില്‍ ഓള്‍ കേരള ഗവണ്മന്റ്‌ കോണ്‍ട്രാക്ടേഴ്‌സ്‌ അസോസിയേഷന്‍ വര്‍ക്കിങ്ങ്‌ പ്രസിഡന്റ്‌ കെ.സി.ജോണ്‍, ജനറല്‍ സെക്രട്ടറി സണ്ണി പെന്നിക്കര, വൈസ്‌ പ്രസിഡന്റ്‌ എച്ച്‌.മുഹമ്മദ്‌,ജില്ലാ പ്രസിഡന്റ്‌ കെ.എ.അബ്ദുള്ള, ,പി.വി സ്റ്റീഫന്‍ എന്നിവര്‍ പങ്കെടുത്തു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ