2016, ജൂലൈ 17, ഞായറാഴ്‌ച

ബിരുദ പഠനത്തിനു സീറ്റുകള്‍ ബാക്കി കിടക്കും- സ്വാശ്രയ കോളേജ്‌ മാനേജ്‌മെന്റ്‌ അസോസിയേഷന്‍



കൊച്ചി
ഈ വര്‍ഷം ആര്‍ട്‌സ്‌ ആന്റ്‌ സയന്‍സ്‌ കോളേജുകളില്‍ സീറ്റ്‌ കിട്ടുവാനില്ല എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന്‌ കേരള സ്‌റ്റേറ്റ്‌ സെല്‍ഫ്‌ ഫിനാന്‍സ്‌ ആര്‍ട്‌സ്‌ ആന്റ്‌ സയന്‍സ്‌ കോളേജ്‌ മാനേജ്‌മെന്റ്‌ അസോസിയേഷന്‍.
ഈ വാര്‍ത്ത ചില പത്രങ്ങളിലൂടെ പ്രചരിപ്പിച്ചതിനു പിന്നില്‍ സ്വകാര്യ എയ്‌ഡഡ്‌ കോളേജ്‌ മാനേജ്‌മെന്റുകളാണെന്ന്‌ അസോസിയേഷന്‍ ആരോപിച്ചു. സീറ്റുകള്‍ ഇല്ലെന്നു പറഞ്ഞു പരത്തി ലക്ഷങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും എത്രയും വേഗം പിടിച്ചു വാങ്ങാനുള്ള ഗൂഢശ്രമാണ്‌ നടത്തുന്നത്‌. ഇതിന്റെ ഫലമായി ഈ വര്‍ഷം സെല്‍ഫ്‌ ഫിനാന്‍സ്‌ കോളേജുകളില്‍ പകുതിപോലും വിദ്യാര്‍ത്ഥികളെ ലഭിക്കില്ല എന്ന അവസ്ഥായാണ്‌ സംജാതമായിരിക്കുന്നത്‌. ഭൂരിപക്ഷം സെല്‍ഫ്‌ ഫൈനാന്‍സ്‌ കോളേജുകളുടേയും നിലനില്‍പ്പ്‌ പ്രതിസന്ധിയിലായിരിക്കുന്നതായും അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു.
സംസ്ഥാനത്ത്‌ ആയിരത്തോളം കോഴ്‌സുകളാണ്‌ നിലവിലുള്ളത്‌. . പുതിയതായി 400 ഓളം കോഴ്‌സുകള്‍ക്കും അപേക്ഷ നല്‍കിയട്ടുണ്ട്‌. ഇവയക്ക്‌ അനുമതി ലഭിക്കാനുള്ള ശ്രമമാണ്‌ ഈ പ്രചാരത്തിനു പിന്നില്‍. എം.ജി സര്‍വകലാശാലയില്‍ ബിരുദ പഠനത്തിന്‌ 65,000 അപേക്ഷകളാണ്‌ ലഭിച്ചിരിക്കുന്നത്‌. ഇതില്‍ മെറിറ്റില്‍ 30,000 സീറ്റുകളും മാനേജ്‌മെന്റ്‌ ക്വാട്ടയില്‍ 30,000ത്തോളവും ഗവണ്മന്റ്‌ കോളേജുകളില്‍ 20,000 ത്തോളം സീറ്റുകളും ലഭ്യമാണ്‌ ഈ നിിലയില്‍ സ്വാശ്രയ കോളേജുകളില്‍ പഠിക്കുവാന്‍ വിദ്യാര്‍ഥികളെ ലഭിക്കില്ലെന്നും കേരള സ്‌റ്റേറ്റ്‌ സെല്‍ഫ്‌ ഫിനാന്‍സ്‌ ആര്‍ട്‌സ്‌ ആന്റ്‌ സയന്‍സ്‌ കോളേജ്‌ മാനേജ്‌മെന്റ്‌ അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത്‌ 504 സ്വാശ്രയ കോളേജുകളാണ്‌ നിലവിലുള്ളത്‌. 66,000 സീറ്റുകളും ലഭ്യമാണ്‌. എന്നാല്‍ 2013 മുതല്‍ എയ്‌ഡഡ്‌ കോളേജുകളില്‍ മാനദണ്ഡങ്ങള്‍ പരിഗണിക്കാതെ ധാരാളമായി അണ്‍എയ്‌ഡഡ്‌ കോഴ്‌സുകള്‍ നല്‍കിയതിലും ഗവണ്മന്റ്‌ ക്വാട്ടയില്‍ യുണിവേഴ്‌സിറ്റി നടപ്പാക്കിയ ക്യാപ്‌ അലോട്ട്‌മെന്റിലെ അശാസ്‌ത്രീയതയും കാരണം കഴിഞ്ഞവര്‍ഷം 25 ശതമാനം സീറ്റുകള്‍ സ്വാശ്രയ കോളേജുകളില്‍ ഒഴിഞ്ഞുകിടക്കുകയാണ്‌. 
അതേസമയം നിലവിലെ റഗുലര്‍ എയ്‌ഡഡ്‌ കോളേജുകളുടെ മറവില്‍ വന്‍ കൊള്ളയാണ്‌ നടക്കുന്നത്‌. സര്‍ക്കാര്‍ ചെലവിലും യുജിസി ഗ്രാന്റിലും പ്രവര്‍ത്തിക്കുന്ന എയ്‌ഡഡ്‌ കോളേജുകളില്‍ ചട്ടവിരുദ്ധമായി നല്‍കിയട്ടുള്ള അണ്‍ എയ്‌ഡഡ്‌ കോഴ്‌സുകള്‍ വിദ്യാര്‍ത്ഥികളിലും മാതാപിതാക്കളിലും കുഴപ്പം സൃഷ്ടിക്കുകയാണ്‌. പ്രത്യേക സ്ഥലത്ത്‌ പ്രത്യേകം ക്യാമ്പസ്‌ ഉണ്ടാക്കി അണ്‍ എയഡഡ്‌ കോഴ്‌സുകള്‍ നടത്തുന്നതിനു പകരം നിലവിലെ പ്രശസ്‌തമായ ഭൂരിഭാഗം കോളേജുകളിലും അതേപേരില്‍ അതേ പ്രിന്‍സിപ്പാള്‍, സ്റ്റാഫ്‌, ണോണ്‍ ടീച്ചിങ്ങ്‌ സ്‌റ്റാഫ്‌ ,സ്റ്റാഫ്‌ റൂം എന്നിവ അണ്‍ എയ്‌ഡഡ്‌ കോഴ്‌സിനു ഉപയോഗപ്പെടുത്തുകയാണ്‌.കൊച്ചിയിലെ ഒരു പ്രമുഖ കോളേജില്‍ ബികോം കോഴ്‌സിനു അഞ്ച്‌ ലക്ഷം രൂപവരെ യാണ്‌ നിരക്ക്‌ നിശ്ചയിച്ചിരിക്കുന്നത്‌. 
ഈ വര്‍ഷം സെപ്‌തംബര്‍ 22 വരെ അലോട്ട്‌മെന്റ്‌ നീട്ടിയിരിക്കുന്നതും ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളുടെ പഠനത്തിനെ ബാധിക്കും. ഒന്നാം സെമസ്‌റ്റര്‍ പരീക്ഷ നടത്തണമെങ്കില്‍ യൂണിവേഴ്‌സിറ്റിയുടെ നിയമപ്രകാരം 90 അധ്യയന വര്‍ഷം നിര്‍ബന്ധമാണ്‌. ഈ നിലയില്‍ ഇത്‌ അസാധ്യമാകുമെന്നും കേരള സ്‌റ്റേറ്റ്‌ സെല്‍ഫ്‌ ഫിനാന്‍സ്‌ ആര്‍ട്‌സ്‌ ആന്റ്‌ സയന്‍സ്‌ കോളേജ്‌ മാനേജ്‌മെന്റ്‌ അസോസിയേഷന്‍ വ്യക്തമാക്കി.
അതേസമയം യഥാര്‍ത്ഥ സ്വാശ്രയ കോളേജുകളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ ഫീസ്‌ ഇളവും സമര്‍ത്ഥരായവര്‍ക്ക്‌ സ്‌കോളര്‍ഷിപ്പും നല്‍കുന്നു സൗജന്യമായി പ്രത്യേക ട്യൂഷന്‍ നല്‍കിയും നല്ല വിജയശതമാനം എന്ന ലക്ഷ്യമാണ്‌ സ്വാശ്രയ കോളേജുകള്‍ക്കുള്ളതെന്നും കേരള സ്‌റ്റേറ്റ്‌ സെല്‍ഫ്‌ ഫിനാന്‍സ്‌ ആര്‍ട്‌സ്‌ ആന്റ്‌ സയന്‍സ്‌ കോളേജ്‌ മാനേജ്‌മെന്റ്‌ അസോസിയേഷന്‍ ഭാരവാഹികളായ ടിസാന്‍ തച്ചങ്കരി (കെ.എസ്‌ എം.എ ജനറല്‍ സെക്രട്ടറി, മൂന്നാര്‍ കേറ്ററിങ്ങ്‌ കോളേജ്‌), എം.പി.എ. റഹീം (കെ.എസ്‌ എം.എ ചെയര്‍മാന്‍, നെസ്റ്റ്‌ അക്കാഡമിക്‌ സിറ്റി), കെ.എം.മൂസ, ടി.ടി.ജോയി എന്നിവര്‍ പറഞ്ഞു. 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ