കൊച്ചി
ആര്‍ക്കു വേണ്ടി വാദിക്കാനും നിയമോപദേശം നല്‍കാനും അഭിഭാഷകന്‍ എന്നനിലയില്‍ എം.കെ.ദാമോദരന് അവകാശമുണ്ട്. എന്നാല്‍ കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ കാത്തു സൂക്ഷിക്കാന്‍ ബാധ്യതയുള്ള മുഖ്യമന്ത്രി, സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിപരീതമായ നിലപാടുകള്‍ സ്വീകരിക്കേണ്ട വ്യക്തിയുടെ നിയമോപദേശം സ്വീകരിച്ചതാണ് കുറ്റമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി.തോമസ്.
സാന്റിയോഗോ മാര്‍ട്ടിന്റേയും ക്വാറി ഉടമകളുടേയും വക്കീല്‍ ആയ എം.കെ.ദാമോദരന് ഒരിക്കലും ഇതിനെതിരായ സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയില്ല. എതിര്‍കക്ഷികളുടെ വക്കീലിനെ കേസ് ഏല്‍പ്പിച്ചാല്‍ കേരള സര്‍ക്കാര്‍ തോല്‍ക്കും. മനഃപൂര്‍വ്വം തോറ്റുകൊടുക്കുവനാണോ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നതെന്നു വ്യക്തമാക്കണം. കേരള സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റാങ്കുള്ളയാള്‍ മാര്‍ട്ടിന്റെയും ക്വാറി ഉടമകളുടേയും ഉള്‍പ്പെടെ കേരള സര്‍ക്കാരിനെതിരെ വാദിക്കുന്ന കേസുകളില്‍ എന്തുപദേശമാണ് പിണറായി വിജയനു നല്‍കിയതെന്ന് വ്യക്തമാക്കണമെന്നും പി.സി.തോമസ് ആവശ്യപ്പെട്ടു. കേരള സര്‍ക്കാരിന്റെ രഹസ്യരേഖകള്‍ എം.കെ.ദാമോദരനെ എല്‍പ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റക്കാരനാണെന്നും പി.സി.തോമസ് പറഞ്ഞു. മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്നും ഡല്‍ഹിയില്‍ പറഞ്ഞ മുഖ്യമന്ത്രി ഒന്നരമാസത്തിനു ശേഷം നിയമസഭയില്‍ തിരിച്ചു പറഞ്ഞു. ഈ ഒന്നരമാസത്തിനകം തമിഴ്‌നട് മുഖ്യമന്ത്രി ജയലളിത കേന്ദ്രമന്ത്രി ഉമാഭാരതിയെ നേരില്‍ കണ്ടു കേന്ദ്ര നിലപാട് തമിഴ്‌നാടിനു അനുകൂലമാക്കി. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ വെള്ളത്തിന്റെ ഉയരം 152 ആയി ഉയര്‍ത്തി. നാളെ തമിഴ്‌നാടിനു വേണ്ടി കോടതിയില്‍ ഹാജരാകുന്ന എം.കെ.ദാമോദരന്റെ ഉപദേശമാണോ ഡല്‍ഹിയില്‍ മുല്ലപ്പെരിയാര്‍ ഡാമിനെ സുരക്ഷിതമാക്കിയതെന്നും തോമസ് ചോദിച്ചു.
വിവരാവകാശ നിയമത്തിനെതിരായ മുഖ്യമന്ത്രിയുടെ നിലപാട് ആര്‍ക്കുവേണ്ടിയാണെന്നും വ്യക്തമാക്കണം. മെത്രാന്‍ കായലിനെപ്പറ്റി ആയാലും മുന്‍ സര്‍ക്കാരിന്റെ അഴിമതിയെക്കുറിച്ചായാലും ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശം നിഷേധിക്കാന്‍ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്നും പി.സി.തോമസ് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ അഹമ്മദ് തോട്ടത്തില്‍, ജില്ലാ പ്രസിഡന്റ് സജി തുരുത്തിക്കുന്നേല്‍, ജില്ലാ സെക്രട്ടറി സുരേഷ് കടപ്പത്ത് എന്നിവരും പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ