കൊച്ചി: നഗരസൗന്ദര്യ വത്‌കരണത്തിന്റെ പേരില്‍ എം ജി റോഡിന്റെ പടിഞ്ഞാറുഭാഗത്തെ വാഹനഗതാഗതം നിരോധിക്കാനുള്ള തീരുമാനം അശാസ്‌ത്രീയവും അപ്രായോഗികവുമാണെന്ന് സിപിഐ ജില്ലാസെക്രട്ടറി പി രാജു പ്രസ്‌താവിച്ചു. നഗരത്തിലെ പ്രധാന പാതകളിലൊന്നായ എം ജി റോഡ് അടച്ചുകെട്ടാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് കൊച്ചി കോര്‍പ്പറേഷനോടും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനോടും അദ്ദേഹം ആവശ്യപ്പെട്ടു. എന്തിന്റെ പേരിലായാലും അപരിഷ്‌കൃതമായ ഈ തീരുമാനം യാതൊരു കാരണവശാലും അംഗീകരിക്കുകയില്ലെന്നും രാജു വ്യക്തമാക്കി.
എം ജി റോഡില്‍ മാധവ ഫാര്‍മസി ജംഗ്‌ഷന്‍ മുതല്‍ ജോസ് ജംഗ്‌ഷന്‍ വരെ പടിഞ്ഞാറു ഭാഗത്ത് നടപ്പാതയും സൈക്കിള്‍പാതയും പൂന്തോട്ടവും നിര്‍മ്മിച്ച് നഗരം മോടി പിടിപ്പിക്കാന്‍ കോര്‍പ്പറേഷനും കെഎംആര്‍എല്ലും തീരുമാനമെടുത്തിരിക്കുകയാണ്. ഇതിലേക്ക് ആ ഭാഗത്തുകൂടിയുള്ള ഗതാഗതം നിറുത്തലാക്കും. ഇപ്പോള്‍ത്തന്നെ ഗതാഗതകുരുക്കില്‍പ്പെട്ട് വീര്‍പ്പുമുട്ടുന്ന നഗരത്തില്‍ അശാസ്‌ത്രീയമായ ഈ പരിഷ്‌ക്കാരം വലിയ പ്രത്യാഘാതമുണ്ടാക്കും. നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞ് ഉപയോഗശൂന്യമായ റോഡുകള്‍ വാഹനഗതാഗതത്തിന് സൗകര്യപ്രദമായ രീതിയില്‍ നന്നാക്കാന്‍ താല്‍പ്പര്യ കാണിക്കാത്ത കോര്‍പ്പറേഷന്‍ നഗരസൗന്ദര്യവത്‌ക്കരണത്തിന് വ്യഗ്രത കാണിക്കുന്നത് അപഹാസ്യമാണെന്ന് രാജു പറഞ്ഞു.
നഗരം മോടിപിടിപ്പിക്കുന്നതില്‍ ആരും എതിരല്ല. അത് ദീര്‍ഘവീക്ഷണത്തോടെയാവണം. എം ജി റോഡിന്റെ പടിഞ്ഞാറുഭാഗത്തു കൂടിയുള്ള വാഹന ഗതാഗതത്തിന് തടസ്സം വരാത്ത വിധത്തില്‍ രണ്ടു റോഡുകളുടെയും നടുവിലായി സൗന്ദര്യവത്‌ക്കരണത്തിനുള്ള സാധ്യതകള്‍ പരിശോധിക്കുകയാണ് വേണ്ടതെന്ന് രാജു അഭിപ്രായപ്പെട്ടു.
നഗരത്തിലെ വാഹന ഗതാഗതം താറുമാറാക്കുന്ന തരത്തിലുള്ള അധികൃതരുടെ അശാസ്‌ത്രീയമായ തീരുമാനത്തിനെതിരെ നിരവധി സംഘടനകള്‍ ഇതിനകം രംഗത്തുവന്നിട്ടുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ