2016, ജൂലൈ 29, വെള്ളിയാഴ്‌ച

മാധ്യമ പ്രവര്‍ത്തകര്‍ നന്മയുടെ പക്ഷം ചേര്‍ന്ന്‌ പ്രവര്‍ത്തിക്കണം: - മന്ത്രി അഡ്വ. മാത്യു. ടി. തോമസ്‌

 കെആര്‍എല്‍സിബിസി മീഡിയ കമ്മീഷന്‍ സംഘടിപ്പിച്ച മീഡിയ കമ്മീഷന്‍ 2016 ബഹുമാനപ്പെട്ട ജലവിഭവ വകുപ്പു മന്ത്രി അഡ്വ. മാത്യു ടി. തോമസ്‌ ഉദ്‌ഘാടനം ചെയ്യുന്നു. ഫാ. ആന്റണി വിബിന്‍ സേവ്യര്‍ വേലിക്കകത്ത്‌, മോണ്‍. ജോസഫ്‌ പടിയാരംപറമ്പില്‍, ജെയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്‌, ഹൈബി ഈഡന്‍ എംഎല്‍എ, ആര്‍ച്ച്‌ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറക്കല്‍, ഷാജി ജോര്‍ജ്‌, ഫാ. ഫ്രാന്‍സിസ്‌ സേവ്യര്‍ താന്നിക്കാപ്പറമ്പില്‍, ഗ്രേസി ബാബു ജേക്കബ്‌ എന്നിവര്‍ സമീപം


കൊച്ചി: ധാര്‍മികത മുന്‍നിര്‍ത്തിയുള്ള മാധ്യമ പ്രവര്‍ത്തനമാണ്‌ ഇന്നിന്റെ ആവശ്യമെന്ന്‌ ജലവിഭവമന്ത്രി മാത്യു ടി. തോമസ്‌ പറഞ്ഞു. കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക്‌ ബിഷപ്‌സ്‌ കൗണ്‍സില്‍ (കെആര്‍എല്‍സിബിസി) മീഡിയ കമ്മീഷന്‍ സംഘടിപ്പിച്ച ലത്തീന്‍ കത്തോലിക്ക മാധ്യമ സംഗമം എറണാകുളം ആശിര്‍ഭവനില്‍ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ നിഷ്‌പക്ഷരാണെന്ന വാദം ശരിയല്ല. എല്ലാ മാധ്യമങ്ങള്‍ക്കും പക്ഷങ്ങളുണ്ട്‌. പക്ഷേ നന്മയുടെ പക്ഷം ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുകയാണ്‌ മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും ചെയ്യേണ്ടത്‌. വിവരസാങ്കേതിക വിദ്യ ഏറെ വികസിച്ചതിനാല്‍ ഇന്ന്‌ വാര്‍ത്തകള്‍ വളച്ചൊടിക്കാന്‍ എളുപ്പമല്ല. വാര്‍ത്തകളുടെ നേരറിയാന്‍ ഇന്ന്‌ എളുപ്പത്തില്‍ സാധിക്കുന്നു. തമസ്‌കരിക്കപ്പെട്ടവരുടെ ശബ്‌ദമായി മാധ്യമ പ്രവര്‍ത്തകര്‍ മാറേണ്ടതുണ്ടെന്ന്‌ സമ്മേളനത്തില്‍ അദ്ധ്യക്ഷം വഹിച്ച കെആര്‍എല്‍സിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ കൂടിയായ വരാപ്പുഴ ആര്‍ച്ച്‌ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറക്കല്‍ വ്യക്തമാക്കി. മുഖ്യധാരയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടവര്‍ക്കു വേണ്ടിയാണ്‌ യേശു സംസാരിച്ചത്‌. അതിനു വേണ്ടി പീഡകള്‍ ഏറ്റുവാങ്ങുകയും ചെയ്‌തുവെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. 
ഹൈബി ഈഡന്‍ എംഎല്‍എ മുഖ്യസന്ദേശം നല്‍കി. ചടങ്ങില്‍ കേരളടൈംസ്‌ ദിനപത്രത്തിന്റെ മുന്‍ മാനേജിംഗ്‌ എഡിറ്ററും പ്രമുഖ എഴുത്തുകാരനും ചരിത്രകാരനുമായ മോണ്‍. ജോര്‍ജ്‌ വെളിപ്പറമ്പിലിനെ ആദരിച്ചു. വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍. ജോസഫ്‌ പടിയാരംപറമ്പില്‍, കെആര്‍എല്‍സിസി വൈസ്‌ പ്രസിഡന്റ്‌ ഷാജി ജോര്‍ജ്‌, കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ്‌ സേവ്യര്‍ താന്നിക്കാപ്പറമ്പില്‍, കെഎല്‍സിഡബ്ല്യുഎ സംസ്ഥാന പ്രസിഡന്റ്‌ ജെയിന്‍ ആന്‍സില്‍ ഫ്രാന്‍സിസ്‌, കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഗ്രേസി ബാബു ജേക്കബ്‌ തുടങ്ങിയവര്‍ സംബന്ധിച്ചു. കെആര്‍എല്‍സിബിസി മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. ആന്റണി വിബിന്‍ സേവ്യര്‍ വേലിക്കകത്ത്‌ സ്വാഗതവും അസോസിയേറ്റ്‌ സെക്രട്ടറി ബിജോ സില്‍വേരി നന്ദിയും പറഞ്ഞു.
കേരളസമൂഹത്തിലെ ചലനങ്ങള്‍-മാധ്യമങ്ങളുടെ ഇടപെടലും സഭയുടെ നിലപാടും' എന്ന വിഷയത്തില്‍ റവ. ഡോ. പോള്‍ തേലക്കാട്ട്‌, എന്‍. പി ചെക്കുട്ടി, ഷാജി ജോര്‍ജ്‌, അഡ്വ. ലാലി വിന്‍സെന്റ്‌, നിഷ ജെബി എന്നിവര്‍ പങ്കെടുത്ത പാനല്‍ ചര്‍ച്ചയും തുടര്‍ന്ന്‌ കൊച്ചിന്‍ ആര്‍ട്‌സ്‌ ആന്‍ഡ്‌ കമ്യൂണിക്കേഷന്‍സ്‌ (സിഎസി) അവതരിപ്പിച്ച ലൈറ്റ്‌ ആന്‍ഡ്‌ സൗണ്ട്‌ ഷോയും ഉണ്ടായിരുന്നു. മാര്‍ഷല്‍ ഫ്രാങ്ക്‌ പാനല്‍ ചര്‍ച്ചയില്‍ മോഡറേറ്ററായിരുന്നു. അഗസ്റ്റിന്‍ കണിപ്പിള്ളി തിരുവനന്തപുരം നന്ദി പറഞ്ഞു.


.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ