കൊച്ചി: സംസ്ഥാനത്തെ സാങ്കേതികവിദ്യാഭ്യാസ മേഖല തലകുത്തി
നില്‍ക്കുന്ന സ്ഥിതിയാണെന്നും അതു നേരേയാക്കുക എന്നതാണ് ഇടതുമുന്നണി
സര്‍ക്കാരിന്റെ സുപ്രധാന കടമകളിലൊന്ന് എന്നും പൊതുമരാമത്തു വകുപ്പു മന്ത്രി ജി.
സുധാകരന്‍ പറഞ്ഞു.
കളമശേരി ഗവ. പോളിടെക്‌നിക്കില്‍ സ്റ്റാഫ്
ക്വാര്‍ട്ടേഴ്‌സ്, കെമിക്കല്‍ എന്‍ജിനീയറിംഗ് പ്രോജക്ട് ലാബ് ഉദ്‌ഘാടനത്തിനും
ശിലാസ്ഥാപനത്തിനും ശേഷം യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എന്‍ജിനീയറിംഗ് കോളേജുകള്‍ക്കു പകരം കൂടുതല്‍ പോളിടെക്‌നിക്കുകളും ഐടി ഐകളുമാണ്
ഇനി നമുക്ക് ആവശ്യം. പോളിടെക്‌നിക്കുകള്‍ രാജ്യത്തിന്റെ അടിസ്ഥാനമാണ്.
കേരളത്തില്‍ ആകെയുള്ളത് 51 പോളിടെക്‌നിക്കുകളാണ്. അതേസമയം ചുരുങ്ങിയ
വര്‍ഷത്തിനുള്ളില്‍ ഇവിടെ അണ്‍ എയ്‌ഡഡ്, സ്വാശ്രയ എന്‍ജിനീയറിംഗ് കോളേജുകള്‍
കൂണുപോലെ പൊന്തി. ഇതു വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുകയായിരുന്നു. കഴിവുള്ളവര്‍ക്കു
അതു പ്രകടിപ്പിക്കാന്‍ കഴിയുന്നില്ല. കാരണം ഇവരെ സഹായിക്കാന്‍ വേണ്ടത്ര
വിദഗ്‌ധരില്ല. ഓവര്‍സീയര്‍മാരുടെ 700 ഒഴിവുകളാണ് സംസ്ഥാനത്തുള്ളതെന്ന് മന്ത്രി
അറിയിച്ചു.
അടിസ്‌്‌ഥാനപരമായ പല കാര്യങ്ങളിലും നാം പിന്നോട്ടുപോയി. കരാറുകാരും
എന്‍ജിനീയര്‍മാരും തമ്മിലുള്ള വഴിവിട്ട ബന്ധം നിര്‍മാണമേഖലയെ തകര്‍ത്തു.
സമൂഹത്തില്‍ ഡോക്ടര്‍മാരേക്കാള്‍ പ്രാധാന്യം ലഭിക്കേണ്ടത്
എന്‍ജിനീയര്‍മാര്‍ക്കാണ്. രോഗിയുണ്ടെങ്കിലേ ഡോക്ടറുള്ളൂ. യഥാര്‍ഥത്തില്‍
പോളിടെക്‌നിക്കുകളാണ് എന്‍ജിനീയറിംഗിന്റെ അടിസ്ഥാനം. എന്തിനാണ് 160 അണ്‍ എയ്‌ഡഡ്
എന്‍ജിനീയറിംഗ് കോളേജുകള്‍... കുറേ കുട്ടികള്‍ എങ്കിലും പഠിക്കട്ടേയെന്നു
കരുതിയാണ് സര്‍ക്കാര്‍ ഇവക്കെതിരേ നടപടിയെടുക്കാത്തത്. വിദ്യാഭ്യാസ രംംഗത്താണ്
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നത്. ബികോമിന് അഞ്ചുലക്ഷം രൂപ വരെ
വാങ്ങുന്ന കോളേജുകളുണ്ട്. പണമുള്ളവര്‍ അതു വാരിയെറിയുകയാണ്. ജനങ്ങളുടെ
മനോഭാവത്തില്‍ ആരോ വരുത്തിയ മാറ്റം അവര്‍ക്കു തന്നെ ഇപ്പോള്‍ ശാപമായിരിക്കുകയാണ്.
സ്വന്തം വീടു പോലെയാണു സമൂഹത്തെയും കാത്തുസൂക്ഷിക്കേണ്ടത്. ചെറിയ വീടായാലും വലിയ
വീടായാലും വൃത്തിയുള്ളതായിരിക്കണമെന്നു ശ്രീനാരായണ ഗുരു പറഞ്ഞിട്ടുണ്ട്. 65000
എന്‍ജിനീയറിംഗ് കോളേജ് സീറ്റുകളില്‍ 30000 ഒഴിഞ്ഞുകിടക്കുകയാണ്. ജോലിയില്ലാതെ
എന്‍ജിനീയര്‍മാര്‍ തെക്കുംവടക്കും നടക്കുന്ന സ്ഥിതിയാണിപ്പോള്‍. പ്രവേശന
പരീക്ഷതന്നെ കാലഹരണപ്പെട്ടുവെന്ന് മന്ത്രി പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ