കൊച്ചി തൃശൂര് സ്വദേശികളായ ഫാജിറയുടെയും, ഇസ്‌ഹാക്കിന്റെയും
നിക്കാഹിനാണ് ആസ്റ്റര് മെഡ്‌സിറ്റി അരങ്ങൊരുക്കിയത്. കയ്‌പമംഗലം
വടക്കേത്തലയ്‌ക്കല് ഹുമയൂണ് കബീറിന്റെയും, നാദിറ കബീറിന്റെയും പുത്രിയാണ് ഫാജിറ.
ഈ മാസം ഏഴിന് ചെന്ദ്രാപ്പിന്നി ഇടമുട്ടം റോഡില് പതിനേഴ് എന്ന സ്ഥലത്ത് ഹുമയൂണ്
ഓടിച്ചിരുന്ന ഇയോണ് കാര് ഫോര്‌ച്യൂണറുമായി കൂട്ടിയിടിചതിനെ തുടര്‌ന്ന് ഹുമയൂണ്,
ഭാര്യ നാദിറ, ഭാര്യാമാതാവ്, സഹോദര ഭാര്യ ഷാമില എന്നിവരെ വിദഗ്‌ദ്ധ
ചികിത്സയ്‌ക്കായി ആസ്റ്റര് മെഡ്‌സിറ്റിയിലെത്തിക്കുകയായിരുന്നു. വലതുകാലിലും,
വാരിയെല്ലിനും, നടുവിനും ഗുരുതരമായി പരിക്കേറ്റ ഹുമയൂണ്, കാലിനും നടുവിനും സാരമായി
പരിക്കേറ്റ ഷാമില എന്നിവരെ ശസ്‌ത്രക്രിയയ്‌ക്കു വിധേയരാക്കി. ഇരുവരും ആശുപത്രിയില്
ചികിത്സയില് തുടരുകയാണ്. സാരമായി പരിക്കേറ്റ നാദിറയെയും മാതാവിനെയും നേരത്തെ
തന്നെ ഡിസ്‌ചാര്‌ജ് ചെയ്‌തിരുന്നു. നിക്കാഹ് തീയതി നേരത്തേ
നിശ്ചയിച്ചതിന്‌പ്രകാരം തന്നെനടത്താമെന്ന് വരന്റെ വീട്ടുകാര് അറിയിച്ചതിന്
തുടര്‌ന്നാണ് ഫാജിറയുടെയും, ഒല്ലൂക്കര കണയംകോട് വീട്ടില് മൊയ്‌തീന് മകന്
ഇസ്‌ഹാക്കിന്റെയും നിക്കാഹിന് ആസ്റ്റര് മെഡ്‌സിറ്റി വേദിയൊരുക്കിയത്. ഇതിനായി
ആസ്റ്റര് മെഡ്‌സിറ്റിയില് അലങ്കാരങ്ങളോടെ പ്രത്യേക സൌകര്യമൊരുക്കി . വരന്റെയും,
വധുവിന്റയും ഫോട്ടോ അടങ്ങിയ ഫ്‌ലക്‌സും വേദിയില് ആശുപത്രി അധികൃതര്
ഒരുക്കിയിരുന്നു. വരനും വിവാഹ സംഘവും 4.30 ഓടെ വേദിയിലെത്തി. ഹുമയൂണ് കബിറിനെ
ഹോസ്‌പിറ്റല് ബെഡ്ഡില് തന്നെ നിക്കാഹിന്റെ വേദിയില് എത്തിച്ചതോടെ ചടങ്ങുകള്
ആരംഭിച്ചു. ശസ്‌ത്രക്രിയയ്‌ക്ക് നേതൃത്വം നല്‌കിയ ഓര്‌ത്തോപീഡിക്‌സ്
കണ്‌സല്‌ട്ടന്റ് ഡോ. വിജയമോഹന്, ആസ്റ്റര് മെഡ്‌സിറ്റി ചീഫ് ഓപ്പറേറ്റിംഗ്
ഓഫീസര് രമേശ് കുമാര് അടക്കമുള്ളവര് ചടങ്ങില് പങ്കെടുത്തു. ചടങ്ങിന് ശേഷം
വധുവിനുള്ള വിവാഹ സമ്മാനം ഇസ്‌ഹാക്കിന് ആശുപത്രി അധികൃതര് കൈമാറി. ഇരുവര്‌ക്കും
വിവാഹാശംസകളും നേര്‌ന്നു. നിക്കാഹിനെത്തുന്നവര്‌ക്കായി ലഘുഭക്ഷണവും
ഒരുക്കിയിരുന്നു. അടുത്ത ദിവസം തന്നെ ഇസ്‌ഹാക്കിനൊപ്പം ഫാജിറ ഭര്‌ത്യ വീട്ടിലേക്ക്
പോകുമെന്നും വധുവിന്റെ ബന്ധുക്കള് അറിയിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ