2016, ജൂൺ 8, ബുധനാഴ്‌ച

ബിഷപ്പ്‌ മാര്‍ ജേക്കബ്‌ മുരിക്കന്‍ വിപിഎസ്‌ ലേക്ക്‌ഷോര്‍ ആശുപത്രി വിട്ടു; സൂരജിനെ മുറിയിലേക്ക്‌ മാറ്റി


ബിഷപ്പ്‌ ജേക്കബ്‌ മുരിക്കന്‍ ആശുപത്രി വിടുമ്പോള്‍ നന്ദി പറഞ്ഞ്‌ സൂരജിന്റെ ഭാര്യ രശ്‌മി. 




കൊച്ചി: ദൈവത്തിന്റെ അനുഗ്രഹമാണ്‌ ഇത്തരത്തിലൊരു അവയവദാനത്തിനു തന്നെ പ്രാപ്‌തനാക്കിയതെന്ന്‌ പാലാ രൂപതാ സഹായ മെത്രാന്‍ മാര്‍ ജേക്കബ്‌ മുരിക്കന്‍. അവയവമാറ്റ ശസ്‌ത്രക്രിയയ്‌ക്കു ശേഷം ആരോഗ്യവാനായി ബിഷപ്പ്‌ ജേക്കബ്‌ മുരിക്കന്‍ ഇന്നലെ ( 8-6-16) വിപിഎസ്‌ ലേക്ക്‌ഷോര്‍ ആശുപത്രി വിട്ടു. ഒരാഴ്‌ച കഴിഞ്ഞ്‌ ചെക്കപ്പിന്‌ എത്തണം. ഒരു മാസം വിശ്രമം വേണമെന്ന്‌ നെഫ്രോളജിസ്റ്റ്‌ ഡോ.എബി ഏബ്രഹാം നിര്‍ദേശിച്ചു. ശസ്‌ത്രക്രിയയുടെ മുറിവ്‌ കരിഞ്ഞതായി യൂറോളജിസ്റ്റ്‌ ഡോ. ജോര്‍ജ്‌ പി.ഏബ്രഹാം പറഞ്ഞു. അദ്ദേഹത്തിന്‌ സാധാരണ ഭക്ഷണം കഴിക്കാനാവും. 
തന്റെ വൃക്കദാനത്തിലൂടെ സമൂഹത്തിനു പ്രചോദനം നല്‍കാന്‍ കഴിഞ്ഞാല്‍ കൃതാര്‍ത്ഥനായെന്ന്‌ അദ്ദേഹം പറഞ്ഞു. സൂരജിനെപ്പോലെ കുടുംബത്തിന്റെ താങ്ങും തണലുമായ ഒട്ടേറെപ്പേര്‍ അവയവം ലഭിക്കാനായി കാത്തിരിക്കുന്നുണ്ട്‌. സുമനസുകള്‍ കനിഞ്ഞാല്‍ അവര്‍ക്ക്‌ ജീവിതം നല്‍കാനാവും- ബിഷപ്പ്‌ കൂട്ടിച്ചേര്‍ത്തു. 
വൃക്ക സ്വീകരിച്ച സൂരജിനെ ഇന്ന്‌ ഐസിയുവില്‍ നിന്ന്‌ മുറിയിലേക്ക്‌ മാറ്റി. ഒരാഴ്‌ച കൂടി ആശുപത്രി വാസം വേണ്ടി വരുമെന്ന്‌ ഡോക്‌ടര്‍മാര്‍ അറിയിച്ചു. 
ഈ മാസം ഒന്നാം തീയതിയാണ്‌ എറണാകുളം വിപിഎസ്‌ ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ നടന്ന അവയവമാറ്റത്തിലൂടെയാണ്‌ ബിഷപ്പ്‌ മുരിക്കന്‍ വൃക്ക ദാനം ചെയ്‌ത്‌ ഈ കാരുണ്യവര്‍ഷത്തില്‍ ബിഷപ്പ്‌ മുരിക്കന്‍ കാരുണ്യത്തിന്റെ പ്രതീകമായത്‌. ഒരു ഹിന്ദു യുവാവിന്‌ വൃക്ക നല്‍കിയതിലൂടെ മതത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിച്ച്‌ ഈ മഹാദാനം ലോകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. 
കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാലയില്‍ ജീവനക്കാരനായ സൂരജ്‌ എന്ന 31 വയസുകാരന്‍ കഴിഞ്ഞ ഒരു വര്‍ഷമായി വൃക്ക ലഭിക്കാന്‍ കാത്തിരിക്കുകയായിരുന്നു. ജന്മനാ ഒരു വൃക്ക മാത്രമുള്ള സൂരജ്‌ കഴിഞ്ഞ വര്‍ഷം മൂത്രത്തില്‍ അണുബാധ വന്നതിനെതുടര്‍ന്ന്‌ നടത്തിയ പരിശോധനയിലാണ്‌ ഒരു വൃക്കമാത്രമേ ഉള്ളൂവെന്നറിഞ്ഞതും വൃക്കയുടെ തകരാര്‍ കണ്ടെത്തിയതും. തുടര്‍ന്ന്‌ കിഡ്‌നി ഫെഡറേഷനുമായി ബന്ധപ്പെട്ട്‌ കാത്തിരിക്കുകയായിരുന്നു. 
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സൂരജിനു തന്റെ വൃക്ക അനുയോജ്യമാകുമെന്ന്‌ പരിശോധനകളില്‍ തെളിഞ്ഞതോടെ ഒട്ടും വൈകാതെ തന്നെ അവയവമാറ്റം നടത്താന്‍ തീരുമാനിക്കുകയായിരുന്നു ഈ വൈദിക ശ്രേഷ്‌ഠന്‍.
വിപിഎസ്‌ ലേക്ക്‌ഷോര്‍ ആശുപത്രിയിലെ യൂറോളജിസ്റ്റുമാരായ ഡോ. ജോര്‍ജ്‌ പി. ഏബ്രഹാം, ഡോ. ഡാറ്റ്‌സണ്‍ ജോര്‍ജ്‌ പി., നെഫ്രോളജിസ്റ്റുമാരായ ഡോ. എബി ഏബ്രഹാം, ഡോ. ജിതിന്‍ എസ്‌. കുമാര്‍, ചീഫ്‌ ഓഫ്‌ സ്റ്റാഫും അത്യാഹിതചികിത്സാ വിഭാഗം മേധാവിയുമായ ഡോ. മോഹന്‍ മാത്യു, ഡോ. മത്തായി സാമുവല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിദഗ്‌ദ സംഘം അവയവമാറ്റ ശസ്‌ത്രക്രിയയ്‌ക്കും ചികിത്സകള്‍ക്കും നേതൃത്വം നല്‍കി. 








അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ