2016, മേയ് 24, ചൊവ്വാഴ്ച

പുതുമുഖങ്ങളുടെ ഹാപ്പി വെഡിങ്‌



കൊച്ചി: നവാഗതനായ ഒമര്‍ സംവിധാനം ചെയ്യുന്ന ഹാപ്പി വെഡിങ്‌ പ്രേക്ഷകരിലേയ്‌ക്ക്‌. പൂര്‍ണമായും പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയിരിക്കുന്ന ചിത്രം എന്റര്‍ടെയ്‌ന്‍മെന്റ്‌ ലക്ഷ്യമിട്ടാണ്‌ നിര്‍മിച്ചിരിക്കുന്നതെന്ന്‌ സംവിധായകന്‍ ഒമര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രേമം ഫെയിം സിജു വില്‍സണ്‍, ഷറഫുദ്ദീന്‍, ജസ്റ്റിന്‍, സൗബിന്‍ താഹിര്‍ എന്നിവരാണ്‌ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. പുതുമുഖതാരങ്ങളായ അനു സിത്താരയും, ദൃശ്യയുമാണ്‌ നായികമാര്‍. അരുണ്‍ മുരളീധരന്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ഏഴ്‌ പാട്ടുകളുണ്ട്‌. കൊച്ചിയിലും തൃശൂരുമായിട്ടാണ്‌ സിനിമ ചിത്രീകരിച്ചിരിക്കുന്നത്‌്‌. താരമൂല്യമുള്ള അഭിനേതാക്കളില്ലെന്ന പേരില്‍ പ്രധാന തിയറ്ററുകള്‍ ചിത്രം തഴഞ്ഞെന്നും സംവിധായകന്‍ പറഞ്ഞു. ആദ്യം 30 ല്‍ താഴെ തിയറ്ററുകളില്‍ മാത്രമെ ചിത്രം റിലീസ്‌ ചെയ്‌തുള്ളൂ. ഇപ്പോള്‍ 40 ഓളം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്‌. അന്താരാഷ്ട്ര വിതരണ ഏജന്‍സിയായ ഇറോസ്‌ ഇന്റര്‍നാഷണലാണ്‌ ചിത്രം തിയറ്ററിയില്‍ എത്തിച്ചിരിക്കുന്നത്‌. വാര്‍ത്താസമ്മേളനത്തില്‍ നടന്‍മാരായ സിജു വില്‍സണ്‍, ഷറഫുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ