2016, ഏപ്രിൽ 11, തിങ്കളാഴ്‌ച

ഈസ്‌റ്റേണ്‍ ചെമ്മീന്‍ പ്രഥമ രാജ്യാന്തര ഹ്രസ്വചിത്ര പുരസ്‌കാരം കൊച്ചിയില്‍





കൊച്ചി,: ഈസ്‌റ്റേണ്‍ ചെമ്മീന്‍ രാജ്യാന്തര ഹ്രസ്വചിത്ര പുരസ്‌കാരത്തിന്‌ സൃഷ്ടികള്‍ ക്ഷണിച്ചു. ഗ്ലോബല്‍ കെ മാഗസിന്റെ പ്രസാധകരായ ഗ്ലോബല്‍ 
ഇനിഷ്യേറ്റീവ്‌ ഫോര്‍ എക്‌സലന്‍സ്‌ ആണ്‌ സംഘാടകര്‍. ലോകത്തെമ്പാടുമുള്ള 
യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കുമിടയില്‍ ഹ്രസ്വചിത്രങ്ങള്‍ ആവേശമായി മാറിക്കൊണ്ടിരിക്കുകയാണ്‌. ട്രാന്‍സ്‌ജെന്റര്‍ പ്രശ്‌നങ്ങളും ഇക്കാലത്ത്‌ ഹ്രസ്വചിത്രങ്ങളില്‍ 
ആഗോളതലത്തില്‍ പ്രത്യേക വിഷയമായി ശ്രദ്ധയാകര്‍ഷിച്ച്‌ കൊണ്ടിരിക്കുന്നു. ഇത്‌ 
പരിഗണിച്ച്‌ ഈസ്‌റ്റേണ്‍ ചെമ്മീന്‍ ഹ്രസ്വചിത്ര പുരസ്‌കാരത്തില്‍ ഫോക്കസ്‌ കാറ്റഗറി വിഭാഗമായി ഇത്തവണ ട്രാന്‍സ്‌ജെന്റര്‍ ചിത്രങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.മെയ്‌ 9വരെയാണ്‌ എന്‍ട്രികള്‍ സ്വീകരിക്കുക. 25 മിനിറ്റ്‌ ആണ്‌ പരമാവധി ദൈര്‍ഘ്യം. ജൂണില്‍ പത്മയില്‍ ചിത്രങ്ങള്‍ സ്‌ക്രീന്‍ ചെയ്യും

നിലവില്‍ ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന ചുരുക്കം ചില ഹ്രസ്വചിത്ര മേളകള്‍ മാത്രമേ ഇന്ത്യയിലുള്ളു. ഇന്ത്യയിലും രാജ്യാന്തര തലത്തിലും ഹ്രസ്വചിത്ര കലണ്ടറില്‍ മികച്ചൊരു പേരായി മാറുകയെന്നതാണ്‌ ഈസ്‌റ്റേണ്‍ ചെമ്മീന്‍ രാജ്യാന്തര 
ഹ്രസ്വചിത്ര പുരസ്‌കാരത്തിന്റെ ലക്ഷ്യം. ഇന്ത്യന്‍ ചലച്ചിത്ര ചരിത്രത്തിലെ ക്ലാസിക്കുകളിലൊന്നായ ചെമ്മീന്‍ സിനിമയുടെ സുവര്‍ണജൂബിലി ആഘോഷവേളയില്‍ 
അതിന്റെ സ്‌മരണാര്‍ഥംകൂടിയാണ്‌ പുരസ്‌കാരത്തിന്‌ ചെമ്മീന്‍ എന്നു 
പേര്‌ നല്‍കിയിരിക്കുന്നത്‌. 
സിനിമയുടെ വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച ഒരുസംഘം വിദഗ്‌ദ്ധരാണ്‌ പുരസ്‌കാരങ്ങള്‍ നിര്‍ണയിക്കുക. ദേശീയ പുരസ്‌കാര ജേതാവായ സംവിധായകന്‍ ഡോ. ബിജു, ബോളിവുഡ്‌ സിങ്ക്‌ സൗണ്ട്‌ വിദഗ്‌ദ്ധനും സൗണ്ട്‌ എന്‍ജിനീയറുമായ ജയദേവന്‍ ചക്കാടത്ത്‌, ആറു തവണ സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം 
നേടിയിട്ടുള്ള പ്രശസ്‌ത ഛായാഗ്രാഹകന്‍ എം.ജെ.രാധാകൃഷ്‌ണന്‍, 2015ല്‍ 'ഇവിടെ'യിലൂടെ മികച്ച ചിത്രസംയോജകനുള്ള പുരസ്‌കാരം നേടിയ മനോജ്‌, കേരള സര്‍വ്വകലാശാല സാംസ്‌കാരിക പഠന കേന്ദ്രം മേധാവിയും നിരൂപകയുമായ ഡോ. മീന ടി. പിള്ള, രാജ്യാന്തര തിയേറ്റര്‍ ആക്ടിവിസ്റ്റും ചെന്നൈയില്‍ നിന്നുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റുമായ എയ്‌ഞ്ചല്‍ ഗ്ലാഡി എന്നിവരാണ്‌ ജൂറി അംഗങ്ങള്‍. 
പ്രമുഖ പത്രപ്രവര്‍ത്തകനായ സിറാജ്‌ ഷാ ആണ്‌ ആര്‍ട്ടിസ്റ്റിക്‌ ഡയറക്ടര്‍. മികച്ച ചിത്രത്തിന്‌ ഒരു ലക്ഷം രൂപയാണ്‌ സമ്മാനം. നടന്‍/നടി, സംവിധായകന്‍, ചിത്രസംയോജകന്‍, തിരക്കഥ, ജനപ്രിയ ചിത്രം എന്നീ വിഭാഗങ്ങളിലും പുരസ്‌കാരങ്ങളുണ്ട്‌. സോഷ്യല്‍ മീഡിയയില്‍ ഓഡിയന്‍സ്‌ പോളിലൂടെയായിരിക്കും ജനപ്രിയ ചിത്രം തെരഞ്ഞെടുക്കുക. വിജയിക്കുന്ന സംവിധായകന്‌ ജൂറി അംഗങ്ങളിലൊരാളുടെ അടുത്ത ചിത്രത്തില്‍ സഹായി ആകാന്‍ അവസരം ലഭിക്കുമെന്നതാണ്‌ സവിശേഷത. 
വാര്‍ത്താ സമ്മേളനത്തില്‍ നവാസ്‌ മീരാന്‍, വിവേക്‌ പോള്‍,മന്‍സൂര്‍ പിമന്‍, എന്നിവര്‍ പങ്കെടുത്തു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ