കൊച്ചി: സ്‌കൂള്‍ വിദ്യാര്‍ഥികളെ സംരംഭകരാക്കി വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ടുള്ള സ്റ്റാര്‍ട്ട് അപ്പ് @ സ്‌കൂള്‍ പദ്ധതിക്ക് തുടക്കം. കളമശേരി കിന്‍ഫ്ര പാര്‍ക്കിലെ സ്റ്റാര്‍ട്ട് അപ്പ് വില്ലേജില്‍ ബെന്നി ബഹനാന്‍ എംഎല്‍എ പദ്ധതിയുടെ ഉദ്‌ഘാടനം നിര്‍വഹിച്ചു.
കുട്ടികളുടെ കഴിവും ഇച്ഛാശക്തിയും ബുദ്ധിയും വളര്‍ത്തി സാമൂഹ്യ പ്രതിബദ്ധതയുള്ള സംരംഭകരെ വാര്‍ത്തെടുക്കാന്‍ സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പുതുതലമുറയിലെ വിദ്യാര്‍ഥികള്‍ക്ക് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നതിന് ഒട്ടേറെ അവസരങ്ങളുണ്ട്. അവരുടെ സ്വപ്‌നങ്ങളും സങ്കല്‍പ്പങ്ങളും പ്രോത്സാഹിപ്പിച്ച് വ്യവസായ സംരംഭകരാക്കുക എന്നതാണ് സ്റ്റാര്‍ട്ട് അപ്പ്@ സ്‌കൂള്‍ പദ്ധതിയുടെ ലക്ഷ്യം. പദ്ധതിക്കായി നിരവധി സ്‌കൂളുകളെ കണ്ടെത്തിയിട്ടുണ്ടെന്നും ഇന്‍ഫോപാര്‍ക്കിലെ ബന്ധപ്പെട്ടവരുമായി ആശയവിനിമയം നടത്താന്‍ കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
വെണ്ണല സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 45 വിദ്യാര്‍ഥികളാണ് ചടങ്ങില്‍ പങ്കെടുത്തത്. സ്റ്റാര്‍ട്ട് അപ്പ് വില്ലേജിനെ കൂടുതല്‍ അടുത്തറിയുന്ന ലാബ് സന്ദര്‍ശനം, വീഡിയോ പ്രസന്റേഷന്‍, വിജയിച്ച വ്യവസായ സംരംഭകരുമായുള്ള മുഖാമുഖം എന്നിവയാണ് വിദ്യാര്‍ഥികള്‍ക്കായി പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇന്‍ഫോപാര്‍ക്ക് സിഇഒ റിഷികേശ് നായര്‍, സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ കണ്‍സള്‍ട്ടന്റ് സിജോ കുരുവിള ജോര്‍ജ്, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ വി.എസ്. ദിലീപ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ