രോഗിയുടെ മന്ദഹാസം ചിത്രത്തിലൂടെ പ്രചോദനമാക്കി
ഡാനിയേല്‍ കോണെല്‍ ജനറലാശുപത്രിയില്‍
കൊച്ചി: താന്‍ വരച്ച ചിത്രത്തിലെ കഥാപാത്രമായ അര്‍ബുദ രോഗിയുടെ പുഞ്ചിരിക്കുന്ന മുഖം സമൂഹത്തിന് സന്തോഷവും ആശ്വാസവും പകരുന്നതാണെന്ന് പ്രശസ്ത ഓസ്‌ട്രേലിയന്‍ ചിത്രകാരന്‍ ഡാനിയേല്‍ കോണെല്‍ കൊച്ചിക്കാര്‍ക്കുമുമ്പില്‍ തെളിയിച്ചു.
തനിക്ക് പ്രചോദനമായ അമ്മിണി സ്റ്റാന്‍ലി എന്ന 70 വയസുള്ള അര്‍ബുദരോഗിയെ സന്തോഷവതിയും ശക്തയുമായി ചിത്രീകരിച്ച അദ്ദേഹം ആ കലാസൃഷ്ടിയെ എറണാകുളം ജനറല്‍ ആശുപത്രിയ്ക്ക് സമ്മാനിച്ചു. കീമോതെറാപ്പി നടത്തി മുടിയെല്ലാം പൊഴിഞ്ഞ അമ്മിണി ജീവിതദുരന്തത്തെ അഭിമുഖീകരിക്കുകയാണെങ്കിലും അവരുടെ മുഖത്തെ മന്ദഹാസം എല്ലാവര്‍ക്കും പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു. കരിക്കട്ടയില്‍ വരച്ച ആ കൂറ്റന്‍ ഛായാചിത്രം അദ്ദേഹം രോഗികള്‍ക്ക് പുതുവര്‍ഷസമ്മാനമായി സമര്‍പ്പിച്ചു. അത് ഇനി ജനറല്‍ ആശുപത്രിയുടെ കാന്‍സര്‍വാര്‍ഡിലെ ഇടനാഴിയെ അലങ്കരിക്കും.
കൊച്ചി-മുസിരിസ് ബിനാലെയുടെ ആദ്യപതിപ്പിന്റെ ഭാഗമായി കേരളത്തിലെത്തിയിരുന്ന ഡാനിയേല്‍ കോണെല്‍ ഇത്തവണയും ബിനാലെയെന്ന തന്റെ പതിവ് മുടക്കിയില്ല. മാനുഷിക ബന്ധമുള്ള കഥാപാത്രങ്ങളെ ചിത്രീകരിക്കുന്നതില്‍ ഗവേഷണം നടത്തുകയാണ് ഈ മെല്‍ബണ്‍ സ്വദേശി.
ഇത്തരം ചിത്രീകരണ പദ്ധതികള്‍ എല്ലാ ആശുപത്രികളിലേക്കും വ്യാപിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രികള്‍ നിരാശാബോധം സൃഷ്ടിക്കുന്ന സ്ഥലങ്ങളാകരുത്. പ്രതീക്ഷയും സന്തോഷവും തരുന്ന ഇടങ്ങളാകണം അവ. കലാകാരന്മാര്‍ ആശുപത്രികളില്‍ പോയി സ്വന്തം സൃഷ്ടികളുടെ സാന്ത്വനശേഷി രോഗികളെ ബോധ്യപ്പെടുത്തണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.
കോണെലിന്റെ ചിത്രം ഡോക്ടര്‍മാരടക്കം എല്ലാവരിലും കൗതുകം ജനിപ്പിച്ചിട്ടുണ്ട്. രോഗികള്‍ക്ക് ആശ്വാസം പകരുന്ന ഇത്തരം ചിത്രങ്ങള്‍ വില മതിക്കാനാവാത്തതാണെന്ന് ആശുപത്രിയുടെ സാന്ത്വന പരിരക്ഷാ വിഭാഗത്തിലെ ഡോ. ജി.മോഹന്‍ പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ