2016, ഫെബ്രുവരി 23, ചൊവ്വാഴ്ച

ശീമാട്ടിയുമായി രഹസ്യധാരണ ജില്ലാ കലക്ടര്‍ക്കെതിരെ വിജിലന്‍സ്‌ അന്വേഷണം




കൊച്ചി
മെട്രോ റെയിലിനു വേണ്ടി സ്ഥലം ഏറ്റെടുക്കുന്നതില്‍ ശീമാട്ടിയ്‌ക്ക്‌ കോടികള്‍ ലാഭം കിട്ടുന്ന തരത്തില്‍ രഹസ്യധാരണ ഉണ്ടാക്കിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ എറണാകുളം ജില്ലാ കലക്ടര്‍ എം.ജി.രാജമാണിക്യത്തിനെതിരെ അന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ്‌ കോടതി ഉത്തരവായി. ഒരു മാസ്‌ത്തിനകം ദ്രുത പരിശോധന പൂര്‍ത്തികരിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ വിജിലന്‍സ്‌ കോടതി ജഡ്‌ജി പി.മാധവന്‍ ഉത്തരവിട്ടു. 
മെട്രോ റെയിലിനു വേണ്ടി ഭൂമി നഷ്ടപ്പെട്ട 400 ഓളം പേര്‍ക്ക്‌ ലഭിക്കാതിരുന്ന നഷ്ടപരിഹാരവും സൗകര്യവും ആണ്‌ ശീമാട്ടിയ്‌ക്ക്‌ ലഭിച്ചിരിക്കുന്നത്‌. 
മെട്രോ റെയില്‍ പദ്ധതിയ്‌ക്കായി ശീമാട്ടിയുടെ 32 സ്ഥലം ഏറ്റെടുത്തതില്‍ ഉണ്ടാക്കിയ കരാറില്‍ അഴിമതി ഉണ്ടെന്ന്‌ ആരോപിച്ച്‌ പൊതുപ്രവര്‍ത്തകനായ ഗിരീഷ്‌ ബാബു നല്‍കിയ ഹര്‍ജിയുടെ പശ്ചാത്തലത്തിലാണ്‌ മൂവാറ്റുപുഴ വിജിലന്‍സ്‌ കോടതി ജഡ്‌ജി പി മാധവന്‍ ദ്രുതപരിശോധനയ്‌ക്ക്‌ ഉത്തരവിട്ടത്‌. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനു വേണ്ടി ഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ എറണാകുളം ജില്ലാ കളക്ടര്‍ എം ജി രാജമാണിക്യം, ശീമാട്ടി ഉടമകളായ ബീനാ കണ്ണന്‍, തിരുവെങ്കിടം എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ്‌ ഹര്‍ജി നല്‍കിയിരുന്നത്‌ . 
ശീമാട്ടിയുടെ ഉടമസ്ഥയിലുള്ള 32 സെന്റ്‌ ഭൂമി, സെന്റിന്‌ 52 ലക്ഷം രൂപ വീതം നല്‍കി കെ എം ആര്‍ എല്‍ ഏറ്റെടുത്തു.എന്നാല്‍ ഈ ഭൂമിക്ക്‌ സെന്റിന്‌ 80 ലക്ഷം രൂപ വില കിട്ടേണ്ടതാണെന്ന ഭൂവുടമ ബീന കണ്ണന്റെ അവകാശ വാദം ജില്ലാ കളക്ടര്‍ എം ജി രാജമാണിക്യം അംഗീകരിക്കുകയും ബീനാ കണ്ണനും ജില്ലാ കളക്ടറും തമ്മില്‍ മറ്റ്‌ കരാറില്‍ നിന്ന്‌ വിഭിന്നമായി ഒരു കരാര്‍ ഉണ്ടാക്കുകയും ചെയ്‌തു. ശീമാട്ടിയുടെ ഏറ്റെടുത്ത ഭൂമി മെട്രോ റെയില്‍ പദ്ധതിക്കായി മാത്രമേ ഉപയോഗിക്കാവു എന്ന്‌ ഈ കരാറില്‍ ഉള്‍പ്പെടുത്തി. ഇതുമൂലം ഏറ്റെടുത്ത ഭൂമി സമ്പൂര്‍ണ്ണമായും കെ എം ആര്‍ എല്ലിന്‌ ഉപയോഗിക്കാന്‍ കഴിയാതെ വരുമെന്നുമുള്ള കെ എം ആര്‍ എല്ലിന്റെ വാദവും, ഗിരീഷ്‌ കോടതിയെ ബോധ്യപ്പെടുത്തി. ഈ ഉണ്ടാക്കിയ കരാര്‍ മെട്രോ ഉടമകളായ കെ എം ആര്‍ എല്ലിന്‌ വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണ്‌. കൊച്ചി മെട്രോ റെയില്‍ പദ്ധതിക്കായി നാനൂറോളം ഭൂവുടമകളില്‍ നിന്ന്‌ 40 ഹെക്ടര്‍ ഭൂമി ഏറ്റെടുത്തിട്ടുണ്ട്‌. ജില്ലാ കളക്ടര്‍ സ്വന്തം സ്വാര്‍ത്ഥ ലാഭത്തിനും ശീമാട്ടി ഉടമകള്‍ക്ക്‌ വഴിവിട്ട്‌ ലാഭം ഉണ്ടാക്കുന്നതിനും അധികാര ദുര്‍വിനിയോഗം ചെയ്‌ത്‌ ഉണ്ടാക്കിയ കരാര്‍ പ്രകാരം മറ്റ്‌ ഭൂവുടമകള്‍ കോടതിയെ സമീപിച്ചാല്‍ കെ എം ആര്‍ എല്ലിന്‌ വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നും ഏറ്റെടുത്ത ഭൂമികള്‍ സമ്പൂര്‍ണമായും ഉപയോഗിക്കാന്‍ കഴിയാതെ വരുമെന്നും ഗിരീഷ്‌ കോടതിയെ ബോധ്യപ്പെടുത്തി. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ