2015, സെപ്റ്റംബർ 28, തിങ്കളാഴ്‌ച

കളിസ്ഥലമില്ലാത്തതിനെ തുടര്‍ന്ന്‌ ലോക കപ്പ്‌ യോഗ്യതാ മത്സരം നഷ്‌ടമാകുന്നു.



കൊച്ചി: കളിസ്ഥലമില്ലാത്തതിനെ തുടര്‍ന്ന്‌ ലോക കപ്പ്‌ യോഗ്യതാ മത്സരം നഷ്‌ടമാകുന്നു. എ ഐ എഫ്‌ എഫ്‌ നവംബര്‍ 12ന്‌ കേരളത്തില്‍ നടത്താനിരുന്ന ഇന്ത്യ-ഗുവാം മത്സരമാണ്‌ അനുയോജ്യമായ ഗ്രൗണ്ടില്ലാത്തതിനെ തുടര്‍ന്ന്‌ കേരളത്തിന്‌ പുറത്തേക്ക്‌ മാറ്റാന്‍ ഇടവരുത്തിയിരിക്കുന്നത്‌.
കേരളത്തിന്‌ ലഭിച്ച പ്രസ്‌തുത മത്സരം തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ്‌ സ്റ്റേഡിയത്തില്‍ വച്ച്‌ നടത്തുന്നതിനായിരുന്നു കെ എഫ്‌ എ പദ്ധതിയിട്ടിരുന്നത്‌. ഇതുപ്രകാരം കളിസ്ഥലം ലഭ്യമാക്കുന്നതിന്‌ സ്റ്റേഡിയത്തിന്റെ നടത്തിപ്പ്‌ ചുമതലയുള്ള ഐ എല്‍ ആന്റ്‌ എഫ്‌ എസ്‌ കമ്പനിക്ക്‌ കെ എഫ്‌ എ കത്ത്‌ നല്‍കിയതാണ്‌. എന്നാല്‍ കമ്പനി സ്റ്റേഡിയം വിട്ടുനല്‍കുന്നതിന്‌ വാടകയായി വന്‍തുക(34,30,000) ആവശ്യപ്പെട്ടതോടെ കെ എഫ്‌ എ ഗ്രീന്‍ഫീല്‍ഡില്‍ മത്സരം നടത്താനുള്ള തീരുമാനത്തില്‍ നിന്നും പിന്‍മാറാന്‍ തീരുമാനിച്ചതായാണ്‌ വിവരം. ഇത്രയും വലിയ തുക നല്‍കി ലോക കപ്പ്‌ യോഗ്യതാ മത്സരം സംഘടിപ്പിച്ചാല്‍ വന്‍ സാമ്പത്തിക ബാദ്ധ്യത ഉണ്ടാകുമെന്നതാണ്‌ തീരുമാനത്തില്‍ നിന്നും കെ എഫ്‌ എയെ പിന്തിരിപ്പിച്ചത്‌.
ഗ്രീന്‍ഫീല്‍ഡിനു പകരം ഇത്തരമൊരു അന്താരാഷ്‌ട്ര മത്സരം സംഘടിപ്പിക്കാന്‍ യോജ്യമായ കേരളത്തിലെ ഏക സ്ഥലം കൊച്ചി നെഹ്‌റു സ്റ്റേഡിയമാണ്‌. എന്നാല്‍ ഇതേ കാലയളവില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ മത്സരങ്ങള്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ അരങ്ങേറുന്നതിനാല്‍ ഇവിടെയും മത്സരം സംഘടിപ്പിക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ്‌ ഇന്ത്യ-ഗുവാം മത്സരം കേരളത്തിനു പുറത്ത്‌ നടത്തേണ്ട സാഹചര്യമുണ്ടായിരിക്കുന്നത്‌.
ഇക്കാര്യം ചൂണ്ടിക്കാട്ടി കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‌ നിവേദനം നല്‍കിയതായി കെ എഫ്‌ എ സെക്രട്ടറി പി അനില്‍കുമാര്‍ പറഞ്ഞു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ