2015, സെപ്റ്റംബർ 28, തിങ്കളാഴ്‌ച

ഐഎന്‍എസ്‌ വിരാട്‌ നാവികസേനയോട്‌ വിടപറയാന്‍ ഒരുങ്ങി









കൊച്ചി
ഇന്ത്യന്‍ നാവിക സേനയുടെ അഭിമാനമായ വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ്‌ വിരാട്‌ 28 വര്‍ഷത്തെ വീരേതിഹാസങ്ങള്‍ക്കു ശേഷം വിടപറയാന്‍ ഒരുങ്ങി.
ലോകത്തിലെ ഏറ്റവും പഴക്കമേറിയ വിമാനവാഹിനികപ്പലാണ്‌ ഇതോടെ വിടപറയുക.
കൊച്ചിന്‍ ഷിപ്പ്‌ യാര്‍ഡില്‍ രണ്ടുമാസത്തെ അറ്റകുറ്റപ്പണികള്‍ക്കു ശേഷം ഐഎന്‍എസ്‌ വിരാട്‌ ഉടനടി കൊച്ചിയില്‍ നിന്നും തിരിക്കും. ഇനി വിരാട്‌ കൊച്ചിയില്‍ തിരിച്ചെത്തുവാന്‍ സാധ്യതയില്ല. അടുത്ത വര്‍ഷത്തോടെ ഡീകമ്മീഷന്‍ ചെയ്യും. തുടര്‍ന്ന്‌ കപ്പല്‍ മ്യൂസിയം ആക്കി മാറ്റുവാനുള്ള തീരുമാനത്തിലാണ്‌. ആന്ധ്ര സര്‍ക്കാര്‍ ഇതിനുള്ള ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്‌. കാക്കിനാട തുറമുഖത്ത്‌ വിരാട്‌ ഇന്ത്യന്‍ നാവികസേനയുടെ ഉജ്ജല പോരാട്ടങ്ങളുടെ കഥപറയുവാന്‍ ഉണ്ടാകും.
അതേസമയം ഐഎന്‍എസ്‌ വിരാട്‌ എന്ന പേരില്‍ പുതിയ വിമാനവാഹിനി കപ്പല്‍ നാവികസേനയില്‍ എത്തും. പ്രതിരോധ വകുപ്പ്‌ ഉടനടി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ്‌ സൂചന. വിരാട്‌ വിടപറയുന്നതോടെ ഇന്ത്യന്‍ നാവികസേനയുടെ പക്കല്‍ വിമാനവാഹിനി കപ്പല്‍ ആയി ഐഎന്‍എസ്‌ വിക്രമാദിത്യ മാത്രമെ ഉണ്ടാകുകയുള്ളു.
ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധത്തില്‍ പാക്കിസ്ഥാനെ അടിയറവ്‌ പറയിച്ചുകൊണ്ട്‌ കറാച്ചി തുറമുഖത്ത്‌ അഗ്നിവര്‍ഷിച്ച ഐഎന്‍എസ്‌ വിക്രാന്ത്‌ നേരത്തെ ഡീ കമ്മീഷന്‍ ചെയ്‌തു കഴിഞ്ഞു. പകരം എത്തുന്ന പുതിയ വിക്രാന്തിന്റെ പണികള്‍ ഷിപ്പ്‌ യാര്‍ഡില്‍ പൂര്‍ത്തിയാകാറായി. അടുത്ത വര്‍ഷം ഐഎന്‍എസ്‌ വിക്രാന്ത്‌ ഇന്ത്യന്‍ നാവികസേനയ്‌ക്ക്‌ കരുത്തേകാന്‍ എല്ലാ പ്രൗഡികളോടുകൂടിയും കൊച്ചിയില്‍ നിന്നും തിരിക്കുമെന്നു കരുതുന്നു. 1943ല്‍ നിര്‍മ്മിച്ച ഈ കപ്പല്‍ നിലവില്‍ ലോകത്തിലെ ഏറ്റവും പ്രായമേറിയ വിമാനവാഹിനി കപ്പലാണ്‌ ബ്രിട്ടീഷ്‌ റോയല്‍ നേവിയുടെ ഭാഗമായി 1959 ല്‍ എച്ച്‌ എം എസ്‌ ഹെര്‍മിസ്‌ എന്ന പേരില്‍ കമ്മീഷന്‍ ചെയ്‌ത ഈ കപ്പല്‍ 1982ലെഫോക്ക്‌ലണ്ട്‌ യുദ്ധത്തില്‍ ബ്രിട്ടന്റെ വിജയത്തില്‍ വിജയക്കൊടിപാറിച്ചു. 27 വര്‍ഷം ബ്രിട്ടീഷ്‌ നേവിയുടെ ഭാഗമായിരു്‌ന എച്ച്‌എംഎസ്‌ ഹെര്‍മിസ്‌ 1985ല്‍ ബ്രിട്ടീഷ്‌ നാവിക സേനയില്‍ നിന്നും വിടപറഞ്ഞു. 1986ല്‍ ഇന്ത്യ ഈ വിമാനവാഹിനി കപ്പല്‍ സ്വന്തമാക്കി. 1989ല്‍ വിരാട്‌ എന്ന പേരില്‍ ഇന്ത്യന്‍ നാവിക സേയയുടെ ഭാഗമായി. 1989ജൂലൈയില്‍ ശ്രീലങ്കയില്‍ ഇന്ത്യന്‍ സേനയുടെ ഓപ്പറേഷന്‍ ജ്യൂപ്പിറ്ററിനു അകമ്പടിയായി പോയത്‌ ഐഎന്‍എസ്‌ വിരാട്‌ ആയിരുന്നു. അതിനു ശേഷം 2001ല്‍ പാര്‍ലമെന്റിനു നേരെയുണ്ടായ ഭീകര ആക്രമണകാലഘട്ടത്തില്‍ അറബിക്കടലില്‍ സൈന്യം നടത്തിയ ഓപ്പറേഷന്‍ പരാക്രമയില്‍ വെസ്റ്റേണ്‍ കപ്പല്‍പ്പടയുടെ നേതൃത്വം ഐഎന്‍എസ്‌ വിരാടിനായിരുന്നു.
ഇപ്പോള്‍ അരനൂറ്റാണ്ടിന്റെ പഴക്കമുണ്ടെങ്കിലും 2014-15 വര്‍ഷത്തെ ഏറ്റവും മികച്ച നാവിക സേനാ കപ്പല്‍ ആയി തിരഞ്ഞെടുക്കപ്പെട്ടതും വിരാട്‌ ആണെന്ന്‌ കപ്പലിന്റെ കമാന്‍ഡിങ്ങ്‌ ഓഫീസര്‍ ക്യാപ്‌റ്റന്‍ രാജേഷ്‌ പെന്‍ഡേക്കര്‍ വാര്‍ത്താ ലേഖകരോട്‌ പറഞ്ഞു. വിരാടിന്റെ മുഖ്യചുമതല ലഭിക്കുന്ന 21ാമത്തെ ക്യാപ്‌റ്റനാണ്‌ രാജേഷ്‌. 55 വര്‍ഷം കടലിനോട്‌ മല്ലിട്ട ഈ വിമാനവാഹിനി ഇന്നും ഏത്‌ സൈനിക നീക്കത്തിനും സജ്ജമാണെന്നും ആധൂനിക സംവിധാനങ്ങള്‍ ഓരോ കാലഘട്ടത്തിലും കൂട്ടിച്ചേര്‍ത്തുകൊണ്ട്‌ കപ്പല്‍ പുതുക്കുവാനും കഴിഞ്ഞിട്ടുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ