2015, ജൂലൈ 16, വ്യാഴാഴ്‌ച

ഏഴിക്കര സ്‌കൂളിലെ പുതിയ കെട്ടിടം മന്ത്രി ബാബു ഉദ്ഘാടനം ചെയ്തു



കൊച്ചി: മത്സ്യഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ ഏഴിക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മ്മിച്ച പുതിയ അക്കാദമിക് ബ്ലോക്ക് ഫിഷറീസ്, തുറമുഖ, എക്‌സൈസ് വകുപ്പു മന്ത്രി ശ്രീ കെ ബാബു ഉദ്ഘാടനം ചെയ്തു.  വടക്കേക്കര കൊട്ടുവള്ളിക്കാട് എസ് എന്‍ എം ഗവ.എല്‍ പി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും മന്ത്രി നിര്‍വ്വഹിച്ചു.

സംയോജിത മത്സ്യഗ്രാമ പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിച്ച ഏഴിക്കര സ്‌കൂളിലെ കെട്ടിടത്തിന് 26.50 ലക്ഷം രൂപയാണ് ചെലവ്. കൊട്ടുവള്ളിക്കാട് സ്‌കൂളിലെ ഇരുനില അക്കാദമിക് ബ്ലോക്കിന് 59.55 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. 

തീരദേശ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യവികസനത്തിന് 54.72 കോടി രൂപ ചെലവില്‍ 55 പദ്ധതികളാണ് തീരദേശ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്നത്. ഇതില്‍ 4.83 കോടി രൂപയുടെ പദ്ധതികള്‍ എറണാകുളം ജില്ലയിലാണ്. ജില്ലയിലെ 13 വിദ്യാഭ്യാസ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ 11 പദ്ധതികള്‍ പൂര്‍ത്തീകരിച്ചു.

അംഗന്‍വാടികള്‍, സ്‌കൂള്‍ കെട്ടിടങ്ങള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, കുടിവെള്ള വിതരണം തുടങ്ങി നിരവധി പദ്ധതികള്‍ സംയോജിത മത്സ്യഗ്രാമപദ്ധതിയിലുള്‍പ്പെടുത്തി കോര്‍പ്പറേഷന്‍ നടപ്പാക്കുന്നുണ്ട്. കേരളമൊട്ടുക്ക് നടപ്പാക്കുന്ന 580 കോടിയുടെ പദ്ധതികളില്‍ 94.63 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയായി. 
ശ്രീ വിഡി സതീശന്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ തീരദേശ വികസന കോര്‍പ്പറേഷന്‍ റീജിയണല്‍ മാനേജര്‍ ഡോ പി ടി മാത്യു പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും തദ്ദേശ ഭരണസ്ഥാപനങ്ങളുടെ പ്രതിനിധികളും  പങ്കെടുത്തു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ