കൊച്ചി: ജനറലാശുപത്രിയിലെ പുല്‍ത്തകിടിയിലൊരുക്കിയ തുറന്ന വേദിയില്‍ തങ്ങള്‍ക്ക് സാന്ത്വനവുമായെത്തിയ രമ്യ നമ്പീശനെ കണ്ടപ്പോള്‍ രോഗികള്‍ തിക്കിതിരക്കി. കൂട്ടിരിപ്പുകാരും വഴിപോക്കരും വെള്ളിത്തിരയിലെ നക്ഷത്രത്തെ കാണാന്‍ കൂടിയപ്പോള്‍ അതൊരു വലിയ സദസായി.
അവര്‍ക്ക് സംഗീത വിരുന്നു നല്‍കിയ രമ്യയും നിരാശപ്പെടുത്തിയില്ല. താന്‍ സ്‌കൂളില്‍ പാടിയിരുന്ന പ്രാര്‍ഥനാഗാനവും തന്റെ സൂപ്പര്‍ഹിറ്റ് 'ആണ്ട ലോണ്ടെ' എന്നു തുടങ്ങുന്ന ഗാനവും ആലപിച്ച് താരം ശ്രോതാക്കളുടെ കണ്ണും കരളും കവര്‍ന്നു. കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ പരിപാടിയിലെ എഴുപത്തിമൂന്നാമത്തെ സദസാണ് രമ്യയ്ക്ക് ലഭിച്ചത്. മെഹ്ബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്ര, ലേക്‌ഷോര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ എന്നിവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
ആശുപത്രികളില്‍ എന്നും വിഷാദമയമായ അന്തരീക്ഷമാണ് താന്‍ കണ്ടിട്ടുള്ളതെന്നും അതിന് മാറ്റം വരുത്തുന്നതാണ് ഇത്തരം പരിപാടികളെന്നും രമ്യ പറഞ്ഞു. സംഗീതം എന്നും ഇഷ്ടവിഷയമായതുകൊണ്ട് ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ പദ്ധതിയില്‍ സഹകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.
'പ്രേമം' എന്ന ചിത്രത്തില്‍ സംഗീതാസ്വാദകരെ ഹരം പിടിപ്പിച്ച 'മലരേ നിന്നെ..' എന്ന ഗാനം സംഗീത സംവിധായകനായ രാഹുല്‍ സുബ്രഹ്മണ്യന്‍ ആലപിച്ചപ്പോള്‍ എല്ലാം മറന്ന് സദസ് കരഘോഷം മുഴക്കി. യുവപിന്നണി ഗായകന്‍ അരുണ്‍ ആലാട്ടും പിന്നിലായില്ല. 'ബെസ്റ്റ് ആക്ടര്‍' എന്ന ചിത്രത്തിലെ 'സ്വപ്നം ഒരു ചാക്ക്..' ആയിരുന്നു അരുണിന്റെ മാസ്റ്റര്‍പീസ്. 'പ്രണയ'ത്തിലെ 'പാട്ടില്‍ ഈ പാട്ടില്‍...' എന്ന ഗാനവുമായി ഹരിത ബാലകൃഷ്ണനും തന്റെ റോള്‍ ഭംഗിയാക്കി. 'കാനന ഛായയില്‍...,' 'സുറുമ എഴുതിയ..' തുടങ്ങിയ പാടിപ്പതിഞ്ഞ ഗാനങ്ങളിലൂടെയും ഇവര്‍ സദസിനെ ഹരം കൊള്ളിച്ചു.
അന്തരിച്ച പ്രശസ്ത സംഗീതജ്ഞന്‍ എം.എസ്. വിശ്വനാഥന്‍, കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് കണ്ണന്‍ സൂരജ് എന്നിവര്‍ക്ക് ചടങ്ങില്‍ ആദരാഞ്ജലികളര്‍പ്പിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ