2015, മേയ് 28, വ്യാഴാഴ്‌ച

കൊച്ചി ബിനാലെ പുതിയ ക്യൂറേറ്ററെ
ശനിയാഴ്‌ച തിരഞ്ഞെടുക്കും

കൊച്ചി: അടുത്ത വര്‍ഷാവസാനം ആരംഭിക്കുന്ന കൊച്ചി ബിനാലെയുടെ മൂന്നാം പതിപ്പിന്റെ ക്യൂറേറ്ററെ ശനിയാഴ്‌ച നടക്കുന്ന ഉന്നതതല സമിതിയുടെ യോഗത്തില്‍ തിരഞ്ഞെടുക്കും. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ രക്ഷാധികാരികള്‍, കലാകാരന്‍മാര്‍, വിദഗ്‌ധര്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ അടങ്ങുന്ന ഉന്നതതല സമിതിയാണ്‌ ഡല്‍ഹിയില്‍ നടക്കുന്ന യോഗത്തില്‍ പുതിയ ക്യൂറേറ്ററെ കണ്ടെത്തുക.

കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ്‌ ബോസ്‌ കൃഷ്‌ണമാചാരി, സെക്രട്ടറി റിയാസ്‌ കോമു, രക്ഷാധികാരി സുനില്‍ വി എന്നിവരെ കൂടാതെ കലാ നിരൂപകന്‍ രഞ്‌ജിത്‌ ഹോസ്‌കോട്ടെ, പ്രൊമോട്ടര്‍മാരായ കിരണ്‍ നാടാര്‍, ഷിറീന്‍ ഗാന്ധി, കലാകാരന്‍മാരായ അതുല്‍ ദോഡിയ, ജ്യോതി ബസു, ഭാരതി ഖേര്‍ എന്നിവരാണ്‌ 2016 ഡിസംബര്‍ 12 ന്‌ ആരംഭിക്കുന്ന ബിനാലെയുടെ ഉന്നതതല സമിതി അംഗങ്ങള്‍.

കൊച്ചി ആസ്ഥാനമായി 2010ല്‍ രൂപം കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പുതിയ ക്യൂറേറ്ററെ തിരഞ്ഞെടുക്കുന്നതില്‍ സുതാര്യത ഉറപ്പുവരുത്തുന്നതിനായി അടുത്തിടെ വിദഗ്‌ധരെ ഉള്‍പ്പെടുത്തി ഉന്നതതല സമിതി രൂപീകരിച്ചിരുന്നു. കലാലോകത്തെ പ്രശസ്‌തരെ ഉള്‍പ്പെടുത്തിയുള്ള പുതിയ ആര്‍ട്ടിസ്റ്റിക്‌ ഉപദേശക ബോര്‍ഡ്‌ യോഗം ചേരുന്നത്‌ 2016 ലേക്കുള്ള പുതിയ ക്യൂറേറ്ററെ തിരഞ്ഞെടുക്കുന്നതിനുള്ള സൂതാര്യമായ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണെന്ന്‌ റിയാസ്‌ കോമു പറഞ്ഞു.

പുതിയ ഉപദേശക സമിതിയില്‍ ബിനാലെ ഫൗണ്ടേഷന്‍ അംഗങ്ങള്‍ക്കു പുറമെ കലാലോകത്തെ പ്രഗത്ഭരും പ്രമുഖരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന്‌ ബോസ്‌ കൃഷ്‌ണമാചാരി പറഞ്ഞു.
2013ലെ ഇത്തരമൊരു യോഗത്തിലൂടെയാണ്‌ മാര്‍ച്ച്‌ 29ന്‌ തിരശ്ശീല വീണ 108 ദിവസം നീണ്ട 2014ലെ ബിനാലെയുടെ ക്യൂറേറ്ററായി ജിതീഷ്‌ കല്ലാട്ടിനെ തിരഞ്ഞെടുത്തത്‌. ബോസ്‌ കൃഷ്‌ണമാചാരി, റിയാസ്‌ കോമു എന്നിവരെ കൂടാതെ കലാ ചരിത്രകാരി ഗീത കപൂര്‍, മുംബൈ ബാവു ദാജി ലാഡ്‌ മ്യൂസിയം ഡയറക്ടര്‍ തസ്‌നീം സക്കറിയ മേഹ്‌ത്ത, കലാരംഗത്തെ പ്രമുഖരായ ഷീല ഗൗഡ, ബാലന്‍ നമ്പ്യാര്‍, ഗുജറാള്‍ ഫൗണ്ടേഷനിലെ ഫിറോസ്‌ ഗുജറാള്‍, ക്യൂറേറ്ററും ഗ്യാലറിസ്റ്റുമായ അഭയ്‌ മസ്‌കാര എന്നിവരും ഉള്‍പ്പെട്ടിരുന്നു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ