2015, മേയ് 28, വ്യാഴാഴ്‌ച

കൊച്ചിക്ക്‌ ഫിഫയുടെ താല്‍ക്കാലിക അംഗീകാരം

കൊച്ചി: ഫിഫ അണ്ടര്‍-17 ലോകകപ്പിനുള്ള വേദിയായി കൊച്ചിക്ക്‌ ഫിഫയുടെ താല്‍ക്കാലിക അംഗീകാരം. ഇന്നലെ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ കളിയുമായി ബന്ധപ്പെട്ട്‌ സ്റ്റോക്ക്‌ ഹോള്‍ഡേഴ്‌സിനായി സംഘടിപ്പിച്ച ശില്‍പ്പശാലക്ക്‌ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ്‌ ഫിഫ അണ്ടര്‍-17 ലോകകപ്പ്‌ ടൂര്‍ണമെന്റ്‌ ഡയറക്‌ടര്‍ ഹാവിയര്‍ സെപ്പി, പ്രൊജക്‌ട്‌ ഡയറക്‌ടര്‍ ജോയ്‌ ഭട്ടാചാര്യ എന്നിവര്‍ ചേര്‍ന്ന്‌ കൊച്ചിയെ താല്‍ക്കാലിക അംഗീകാരം ലഭിക്കുന്ന ആദ്യ വേദിയായി പ്രഖ്യാപിച്ചത്‌. മറ്റു വേദികളെ പിന്നീട്‌ പ്രഖ്യാപിക്കും. ഡല്‍ഹി, നവി മുംബൈ, ഗോവ, കൊല്‍ക്കത്ത, ഗുഹാവത്തി എന്നിവയാണ്‌ സാധ്യത ലിസ്റ്റിലുള്ള മറ്റു വേദികള്‍. പ്രൊവിഷണല്‍ സെലക്ഷന്‍ അഗ്രിമെന്റ്‌ അണ്ടര്‍-17 ലോകകപ്പ്‌ നോഡല്‍ ഓഫീസര്‍ എം.പി.എം മുഹമ്മദ്‌ ഹനീഷ്‌ ഐ.എ.എസിനും കെ.എഫ്‌.എ പ്രസിഡന്റ്‌ കെ.എം.ഐ മേത്തര്‍ക്കും ടൂര്‍ണമെന്റ്‌ ഡയറക്‌ടര്‍ സാവിയര്‍ സെപ്പി കൈമാറി. കൊച്ചിയില്‍ ഫിഫക്ക്‌ ശുഭാപ്‌തി വിശ്വാസമുണ്ടെന്നും സമയ പരിധിക്കുള്ളില്‍ തന്നെ കൊച്ചി മത്സരങ്ങള്‍ക്കായി സജ്ജമാകുമെന്നാണ്‌ ഞങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും ഹാവിയര്‍ സെപ്പി പറഞ്ഞു. ഇതുവരെയുള്ള ഒരുക്കങ്ങളില്‍ ഫിഫ പൂര്‍ണ സംതൃപ്‌തരാണെന്നും സര്‍ക്കാറും ഫുട്‌ബോള്‍ അസോസിയേഷനും ജനപ്രതിനിധികളും മികച്ച പിന്തുണയാണ്‌ ലോകകപ്പിന്റെ ഒരുക്കങ്ങള്‍ക്ക്‌ നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകകപ്പിന്‌ തയ്യാറാകുന്നതിനായി 2016 സെപ്‌തംബര്‍ വരെയാണ്‌ കൊച്ചിക്ക്‌ സമയം അനുവദിച്ചിരിക്കുന്നത്‌. ഇതിനിടയില്‍ പ്രധാന വേദിയായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയവും നാലു പരിശീലന സ്റ്റേഡിയങ്ങളും പൂര്‍ണ സജ്ജമാക്കി ഫിഫക്ക്‌ കൈമാറണം. സെപ്‌തംബറില്‍ ഫിഫയുടെ സാങ്കേതിക സമിതി അന്തിമ പരിശോധന നടത്തിയ ശേഷം കൊച്ചിയെ മത്സര വേദിയായി ഔദ്യോഗികമായി പ്രഖ്യാപിക്കും. താരങ്ങളുടെ പരിശീലനത്തിനായി കൊച്ചി കോര്‍പ്പറേഷന്റെ കീഴിലുള്ള ഫോര്‍ട്ടുകൊച്ചി വേളി ഗ്രൗണ്ട്‌, പനമ്പിള്ളി നഗര്‍ ബോയ്‌സ്‌ സ്‌കൂള്‍ ഗ്രൗണ്ട്‌, മഹാരാജാസ്‌ കോളജ്‌ ഗ്രൗണ്ട്‌ എന്നിവയുടെ ട്രെയിനിങ്‌ സൈറ്റ്‌ കരാറുംചടങ്ങില്‍ കൈമാറി. നാലാമത്തെ പരിശീലന വേദിയായി പരിഗണിക്കുന്ന കുഫോസ്‌ സ്റ്റേഡിയത്തിന്റെ കരാര്‍ ഒരാഴ്‌ച്ചക്കകം ഒപ്പുവെക്കും. മത്സര വേദിയായ കലൂര്‍ രാജ്യാന്തര സ്റ്റേഡിയം സംബന്ധിച്ച കരാര്‍ കഴിഞ്ഞ ഏപ്രിലില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യത്തില്‍ എ.ഐ.എഫ്‌.എഫ്‌ ചീഫ്‌ എക്‌സിക്യൂട്ടിവ്‌ ഓഫിസര്‍ സുനന്ദോദറിന്‌ ജി.സി.ഡി.എ കൈമാറിയിരുന്നു. കലൂര്‍ സ്റ്റേഡിയത്തിന്റെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട്‌ ജി.സി.ഡി.എ 42 കോടിയുടെ എസ്റ്റിമേറ്റാണ്‌ സര്‍ക്കാറിന്‌ സമര്‍പ്പിച്ചിട്ടുള്ളത്‌. ഇതില്‍ ഒരു വിഹിതം കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്‌. കരാര്‍ പ്രകാരം കളി നടത്തുന്നതിനാവശ്യമായ എല്ലാ സൗകര്യവും മൈതാനത്തിന്‍െറ ഉടമസ്ഥരായ ജി.സി.ഡി.എ ചെയ്യേണ്ടത്‌. 2013 സെപ്‌റ്റംബറില്‍ തന്നെ സര്‍ക്കാര്‍ ഇതു സംബന്ധിച്ച്‌ എ.ഐ.എഫ്‌.എഫിനും ഫിഫക്കും ഗാരന്റി നല്‍കിയിരുന്നു. സുരക്ഷാ സംവിധാനം, വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍, ലോകോത്തര നിലവാരത്തിലുള്ള സജ്ജീകരണം, ആവശ്യമായ പെര്‍മിറ്റുകള്‍ മുതലായ എല്ലാ സംവിധാനങ്ങളും ജി.സി.ഡി.എയാണ്‌ ഒരുക്കേണ്ടത്‌. കളിയുടെ വിപണനത്തിനുള്ള അവകാശം ഫിഫക്കായിരിക്കും. കളിക്ക്‌ ആറുമാസം മുമ്പ്‌ മൈതാനം ഫിഫക്ക്‌ വിട്ടുകൊടുക്കണം.
പരിശീലന ഗ്രൗണ്ടുകള്‍ ഒരുക്കുന്നതിനായി നാലു കോടി രൂപയുടെ പ്രൊജക്‌ടാണ്‌ തയ്യാറാക്കിയിട്ടുള്ളത്‌. ഈ ഫണ്ട്‌ സര്‍ക്കാര്‍ സ്വന്തമായി കണ്ടെത്തണം. പരിശീലനം ഫ്‌ളഡ്‌ലൈറ്റിനു കീഴിലായതിനാല്‍ മികച്ച വെളിച്ച സംവിധാനമടക്കുള്ള കാര്യങ്ങള്‍ നാലു സ്റ്റേഡിയങ്ങളിലും തയ്യാറാക്കണം. അതാത്‌ പ്രദേശങ്ങളിലെ എം.എല്‍.എമാരുടെ ഫണ്ട്‌ ഉപയോഗിച്ച്‌ സ്റ്റേഡിയവും അനുബന്ധ സൗകര്യങ്ങളും ഒരുക്കാനാണ്‌ കെ.എഫ്‌.എ ഉദ്ദേശിക്കുന്നത്‌. സ്റ്റേഡിയങ്ങള്‍ ഒരുക്കുമ്പോള്‍ സാങ്കേതിക സഹായവും നിര്‍ദ്ദേശങ്ങളും ഫിഫ നല്‍കും. മത്സര വേദിയുടെയും പരിശീലന വേദിയുടെയും നിലവാരം ഉയര്‍ത്താനായി ഫിഫ സംഘം നിര്‍ദേശിച്ച കാര്യങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടിവരും. മത്സര വേദിയേക്കാള്‍ പത്ത്‌ മടങ്ങ്‌ മികച്ചതായിരിക്കണം പരിശീലന ഗ്രൗണ്ടുകളെന്ന്‌ ടെക്‌നികള്‍ കമ്മിറ്റി നിര്‍ദേശിച്ചിരുന്നു.
2016ലെ ചാമ്പ്യന്‍ഷിപ്പിനു മുന്നോടിയായി പിച്ചിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി അന്താരാഷ്‌ട്ര സൗഹൃദ മത്സരങ്ങളടക്കം സ്റ്റേഡിയത്തില്‍ നടത്തും. മറ്റു സാധ്യത വേദികളില്‍ ഗുഹാവത്തി ഒഴിച്ച്‌ മറ്റുള്ള വേദികളിലെല്ലാം ഫിഫ സംതൃപ്‌തരാണ്‌. ഗുവാവത്തിയെ ഒഴിവാക്കി ചാമ്പ്യന്‍ഷിപ്പ്‌ അഞ്ചു വേദികളിലാക്കി ചുരുക്കാനും സാധ്യതയുണ്ട്‌. അങ്ങനെ വന്നാല്‍ കൊച്ചിയില്‍ കൂടുതല്‍ മത്സരങ്ങളുണ്ടാകും. ആദ്യറൗണ്ടില്‍ ഒരു ഗ്രൂപ്പിലെ ആറ്‌ കളികള്‍ക്ക്‌ പുറമേ നോക്കൗട്ട്‌ റൗണ്ടിലെ സെമി മത്സരങ്ങളിലൊന്ന്‌ കൊച്ചിക്ക്‌ അനുവദിക്കാനും സാധ്യതയുണ്ട്‌. രണ്ട്‌ വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന 17 വയസിന്‌ താഴെയുള്ളവരുടെ ലോകകപ്പില്‍ ഇന്ത്യയുള്‍പ്പെടെ 24 രാജ്യങ്ങളാണ്‌ പങ്കെടുക്കുക. ആറ്‌ ഭൂഖണ്ഡങ്ങളിലായി നടക്കുന്ന യോഗ്യതാ ടൂര്‍ണമെന്റുകളിലൂടെ ശേഷിച്ച ടീമുകളെ തിരഞ്ഞെടുക്കും. യൂറോപ്പില്‍നിന്നും മധ്യ അമേരിക്കന്‍ മേഖലയില്‍നിന്നും അഞ്ച്‌ ടീമുകള്‍ വീതവും ഏഷ്യ, ലാറ്റിനമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളില്‍നിന്ന്‌ നാല്‌ ടീമുകളും ഓഷ്യാനിയയില്‍നിന്ന്‌ ഒരു ടീമുമാണ്‌ യോഗ്യത നേടിയെത്തുക. ആകെ 24 ടീമുകളും 52 മത്സരങ്ങളുമാണുള്ളത്‌. ടീമുകളെ ആറ്‌ ഗ്രൂപ്പുകളായി തിരിക്കും. ഈ വര്‍ഷത്തെ ലോകകപ്പിന്‌ ലാറ്റിനമേരിക്കന്‍ രാജ്യമായ ചിലിയാണ്‌ വേദിയാവുക. ഇന്ത്യയുടെ ഫുട്‌ബോള്‍ ചരിത്രത്തിലാദ്യമായാണ്‌ ഫിഫയുടെ ഒരു ചാമ്പ്യന്‍ഷിപ്പ്‌ എത്തുന്നത്‌
ഫിഫ അണ്ടര്‍-17 ലോകകപ്പ്‌ ഹെഡ്‌ ഓഫ്‌ വെന്യൂസ്‌ ഓപ്പറേഷന്‍സ്‌ റോമ ഖന്ന, ഡൊമിനിക്‌ പ്രസന്റേഷന്‍ എം.എല്‍.എ, മേയര്‍ ടോണി ചമ്മിണി, ജി.സി.ഡി.എ ചെയര്‍മാന്‍ എന്‍ വേണുഗോപാല്‍, ജില്ലാ കളക്‌ടര്‍ എം.ജി രാജമാണിക്കം തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ