2015, മേയ് 25, തിങ്കളാഴ്‌ച

മയക്കു മരുന്ന്‌ ഉപയോഗവും വില്‍പനയും തെളിയിക്കുന്നതില്‍ പൊലീസ്‌ പരാജയപ്പെട്ടു




ഡിജെ പാര്‍ട്ടിക്കിടെ മയക്കു മരുന്നു കണ്ടെത്തിയ കേസില്‍ പൊലീസ്‌ കണ്ടെടുത്ത തെളിവുകള്‍ അശക്തം. പ്രതികളുടെ മയക്കു മരുന്ന്‌ ഉപയോഗവും വില്‍പനയും തെളിയിക്കുന്നതില്‍ പൊലീസ്‌ പരാജയപ്പെട്ടു. ഇതോടെ പിടിയിലായ ഏഴു പേരില്‍ റഷ്യന്‍ സംഗീതചജ്ഞന്‍ ഒഴികെ ആറുപേര്‍ക്ക്‌ ഞായറാഴ്‌ച്ച രാത്രി തന്നെ ജാമ്യം ലഭിച്ചു. മുഖ്യപ്രതി റഷ്യന്‍ സംഗീതജ്ഞന്‍ സൈക്കോവിസ്‌കി വാസ്‌ലി മാര്‍ക്കലാവോ (37)ക്കും ഉടന്‍തന്നെ ജാമ്യം ലഭിക്കും. പ്രതികളെ മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കിയപ്പോഴാണ്‌ ഇവരുടെ മയക്കു മരുന്ന്‌ ഉപയോഗം ശാസ്‌ത്രീയമായി തെളിയിക്കാന്‍ പൊലീസിനു കഴിയാതെ പോയത്‌. ഇതോടെ ആറു പേരെ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. ഒരു ലക്ഷം രൂപ ബോണ്ടിന്റെയും രണ്ട്‌ ആള്‍ജാമ്യത്തിലുമാണ്‌ ഇവരെ വിട്ടയച്ചത്‌. ജാമ്യ വ്യവസ്ഥകള്‍ പാലിക്കാന്‍ വാസ്‌ലി മാര്‍ക്കലോവക്ക്‌ കഴിയാതിരുന്നതോടെ ഇയാള്‍ക്ക്‌ ജാമ്യം നിഷേധിക്കുകയായിരുന്നു.
പിടികൂടുന്ന മയക്കു മരുന്ന്‌ 100 ഗ്രാമില്‍ താഴെയാണെങ്കില്‍ എന്‍ഡിപിഎസ്‌ ആക്‌റ്റ്‌ പ്രകാരം പ്രതികള്‍ക്ക്‌ ജാമ്യം നല്‍കാന്‍ കോടതിക്ക്‌ കഴിയും. വാസ്‌ലി മാര്‍ക്കലാവോയില്‍ നിന്നും 57 ഗ്രാം മയക്കു മരുന്നു മാത്രമാണ്‌ പൊലീസിനു കണ്ടെത്താനായത്‌. 5000 രൂപ പിഴയടച്ചാല്‍ പുറത്തിറങ്ങാവുന്ന വകുപ്പേ ഇതിലുള്ളു. നിലവില്‍ ജാമ്യ വ്യവസ്ഥകളും വിസാ ചട്ട ലംഘനവും ചൂണ്ടിക്കാട്ടി വാസ്‌ലി മാര്‍ക്കലോവയുടെ ജാമ്യം നീട്ടുന്നതിനാണ്‌ പൊലീസിന്റെ ശ്രമം. ജാമ്യത്തിലിറങ്ങിയാല്‍ മാര്‍ക്കലോവ രാജ്യം വിടാനുള്ള സാഹചര്യവും പൊലീസ്‌ കോടതിയില്‍ ഉന്നയിക്കും. ശനിയാഴ്‌ച്ച രാത്രിയിലാണ്‌ കുണ്ടന്നൂരിലെ ലേ മെറിഡിയന്‍ ഹോട്ടലില്‍ നടന്ന നിശാപാര്‍ട്ടിക്കിടെയാണ്‌ മുന്തിയ ഇനം ലഹരി പദാര്‍ഥങ്ങള്‍ പൊലീസ്‌ കണ്ടെത്തിയത്‌. റഷ്യന്‍ സീക്രട്ട്‌ എന്നറിയപ്പെടുന്ന മയക്കു മരുന്നില്‍
അഡ്വഞ്ചര്‍ വണ്‍ എന്ന പേരിലാണ്‌ പാക്കറ്റിലാക്കിയിരുന്നത്‌. കഞ്ചാവ്‌, ഹഷീഷ്‌, മരിജ്വാന തുടങ്ങിയ ലഹരി പദാര്‍ഥങ്ങളുടെ സാനിധ്യം ഈ പൊടിയില്‍ ഉണ്ടെന്ന്‌ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. പൊടി കലക്കിയ കുപ്പി വെള്ളം പാര്‍ട്ടി നടന്ന ഹാളില്‍ പലയിടത്തായി വച്ചിരുന്നതും പൊലീസ്‌ കണ്ടെത്തിയിരുന്നു. പൊടിയില്‍ അടങ്ങിയിരിക്കുന്ന ലഹരി പദാര്‍ഥങ്ങള്‍ ഏതൊക്കെയെന്ന്‌ കണ്ടെത്തുന്നതിനായി കാക്കനാടുള്ള ഫോറിന്‍സിക്‌ ലാബില്‍ വിശദ പരിശോധനക്ക്‌ അയച്ചിരിക്കുകയാണ്‌. ഒരാഴ്‌ച്ചക്ക്‌ ശേഷമെ ലാബില്‍ നിന്നുള്ള റിസല്‍റ്റ്‌ വരു. പൊടിയില്‍ എന്തൊക്കെ ലഹരി പദാര്‍ഥങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന്‌ റിസല്‍റ്റ്‌ വന്ന ശേഷമെ സ്ഥിരീകരിക്കാനാവു. എന്നാല്‍ തന്റെ പക്കല്‍ നിന്നും കണ്ടെടുത്ത പൊടി വീടുകളില്‍ ഉപയോഗിക്കുന്ന കോഫി പൗഡര്‍ മാത്രമാണെന്നാണ്‌ മാര്‍ക്കലോവയുടെ വിശദീകരണം.
അതേ സമയം വാസ്‌ലി മാര്‍ക്കലോവയും കൂടി ജാമ്യത്തിലിറങ്ങുന്നതോടെ കേസിന്റെ അന്വേഷണം നിലക്കും. കെറ്റമിന്‍ ഉള്‍പ്പെടെയുള്ള മയക്കു മരുന്ന്‌ എങ്ങനെയാണ്‌ പാര്‍ട്ടിയില്‍ എത്തിയതെന്നതുള്‍പ്പെടെയുള്ള അന്വേഷണം ഇതോടെ നിലക്കാനാണ്‌ സാധ്യത. സംഭവത്തില്‍ ഹോട്ടലിന്റെ പങ്കു സംബന്ധിക്കുന്ന അന്വേഷണത്തിനും ഇതോടെ അവസാനമാകും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ