കൊച്ചി: മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഭാഗ്യം കൊണ്ടാണ് തങ്ങള്‍
രക്ഷപ്പെട്ടത്. നേപ്പാളില്‍ ഭൂകമ്പത്തില്‍ നശിച്ച സ്ഥലങ്ങളില്‍ പലയിടങ്ങളിലും
തങ്ങള്‍ സന്ദര്‍ശിച്ചവയാണ്. ഒരു ദിവസം കൂടി അവിടെ തങ്ങാമെന്ന് സംഘത്തിലെ പലരും
നിര്‍ബന്ധിച്ചിട്ടും ചെവിക്കൊള്ളാതിരുന്നതാണ് ഇന്ന് ജീവനോടെയിരിക്കുന്നതിന്
കാരണം- കേരളത്തില്‍ നിന്നും നേപ്പാളിലേക്ക് തീര്‍ഥാടനത്തിനും
വിനോദസഞ്ചാരത്തിനുമായി പോയ സംഘത്തലവന്റെ വാക്കുകളാണിവ. ഇന്നലെ
ഖൊരക്‌പൂര്‍-തിരുവനന്തപുരം എക്‌സ്‌പ്രസില്‍ എറണാകുളം സൗത്ത് റെയില്‍വേ
സ്‌റ്റേഷനിലെത്തിയ സംഘാംഗങ്ങള്‍ക്ക് എത്രയും വേഗം വീട്ടിലെത്താനുള്ള
തിടുക്കമായിരുന്നു. സ്‌ത്രീകളും കുട്ടികളും അടങ്ങുന്ന 58 അംഗമാണ് കേരളത്തില്‍
നിന്നും നേപ്പാളിലേക്ക് തീര്‍ഥാടനത്തിനും വിനോദസഞ്ചാരത്തിനുമായി പോയത്‌്. 14
ദിവസത്തെ തീര്‍ഥാടനമായിരുന്നു.
നേപ്പാളില്‍ നിന്നും ഖൊരക്‌പൂരിലെത്തി അവിടെ
നിന്നും 26-ന് രാവിലെയാണ് ഖൊരക്‌പൂര്‍-തിരുവനന്തപുരം എക്‌സ്‌പ്രസില്‍
കേരളത്തിലേക്ക് സംഘം യാത്ര തിരിച്ചത്. ഇന്നലെ ഉച്ചയ്‌ക്ക് രണ്ടരയോടെ എറണാകുളം
സൗത്ത് റെയില്‍വേ സ്‌റ്റേഷനിലെത്തി. ഈമാസം 15-നാണ സംഘം നേപ്പാളിലേക്ക് യാത്ര
തിരിച്ചത്. 17-ന് അവിടെയെത്തി, നേപ്പാളിലെ വിവിധ തീര്‍ഥാടന കേന്ദ്രങ്ങളില്‍
സന്ദര്‍ശനം നടത്തിയ ശേഷം 24-ന് രാത്രി 12 ഓടെ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയായ
സൊണോലിയിലെത്തി. അന്നുതന്നെ രാത്രി മുതല്‍ തന്നെ കാലാവസ്ഥ വളരെ മോശമായിരുന്നു.
അടുത്ത ദിവസമായ 25-ന് രാവിലെയാണ് ഭൂകമ്പമുണ്ടായത്. സൊണോലിയയില്‍ ഭൂകമ്പം സാരമായി
ബാധിച്ചില്ല അതുകൊണ്ടുതന്നെ 25-ന് തങ്ങള്‍ ഇന്ത്യയില്‍ ഖൊരക്‌പൂരിലെത്തിയ ശേഷമാണ്
ഭൂകമ്പം നടന്ന വിവരം അറിയുന്നത്. അവിടെ വച്ച് നാട്ടില്‍ നിന്നും ബന്ധുക്കള്‍
ഫോണില്‍ ബന്ധപ്പെട്ടും ഖൊരക്‌പൂരില്‍ താമസിച്ചിരുന്ന ലോഡ്‌ജില്‍ ടിവി
വാര്‍ത്തകളിലൂടെയും മറ്റും നേപ്പാളിലെ അപകടവിവരം അറിയുകയായിരുന്നു.
നേപ്പാളില്‍
കാഠ്‌മണ്ഡുവില്‍ തങ്ങള്‍ സന്ദര്‍ശിച്ച തീര്‍ഥാടന കേന്ദ്രങ്ങളില്‍
നാശനഷ്ടമുണ്ടായതായി സുവര്‍ണന്‍ പറഞ്ഞു. തങ്ങള്‍ സന്ദര്‍ശിച്ച കാഠ്‌മണ്ഡുവിലെ
പശുപതിനാഥിന്റെ ക്ഷേത്രം, സ്വയംഭൂനാഥ്, ജലനാരായണ ക്ഷേത്രം, ഭൗതനാഥ്
എന്നിവിടങ്ങളിലും നേപ്പാളിലെ പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ സംഘ ഭക്തപൂറിലെ പുരാതന
കെട്ടിടങ്ങള്‍ക്കെല്ലാം നാശമുണ്ടായിട്ടുണ്ട്. കൂടാതെ തങ്ങള്‍ താമസിച്ചിരുന്ന
പോഖ്രയിലെയും കാഠ്‌മണ്ഡുവിലെയും ഹോട്ടലുകള്‍ക്കും നാശനഷ്ടമുണ്ടായിട്ടുണ്ടെന്നുമാണ്
അറിയുന്നു. അപകടങ്ങള്‍ ഒന്നും തന്നെ തങ്ങള്‍ നേരിട്ടു കണ്ടിട്ടില്ല, കേട്ടറിവ്
മാത്രമേയുള്ളൂ. എന്നാല്‍ 25-ന് അര്‍ധരാത്രി ഭൂകമ്പമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന്
മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ഖൊരക്‌പൂരില്‍ താമസിച്ചിരുന്ന ലോഡ്‌ജില്‍
നിന്നും പുറത്തിറക്കി നിര്‍ത്തിയത് ഭയചകിതരാക്കിയെന്നും സുവര്‍ണന്‍ പറയുന്നു.
പിന്നീട് ഒരു മണിക്കൂറിന് ശേഷം അപകടമുണ്ടാകില്ലെന്ന് അറിയിപ്പ് ലഭിച്ചതിനെ
തുടര്‍ന്നാണ് തങ്ങളെ തിരികെ ലോഡ്‌ജില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 35 വര്‍ഷമായി
തങ്ങള്‍ ഇത്തരത്തില്‍ തീര്‍ഥാടന യാത്ര പോകാറുണ്ടെന്ന് സുവര്‍ണന്‍ പറയുന്നു. ഓരോ
വര്‍ഷവും ഓരോ സ്ഥലങ്ങളാണ് തെരഞ്ഞെടുക്കാറുള്ളത്. അഞ്ച് കുട്ടികളും 29
സ്‌ത്രീകളും 24 പുരുഷന്മാരുമാണ് സംഘത്തിലുണ്ടായിരുന്നത്. ചാലക്കുടി, ആലുവ
ഭാഗങ്ങളിലുള്ളവര്‍ അവിടെ ഇറങ്ങി. ശേഷിച്ച ഫോര്‍ട്ടുകൊച്ചി, എളമക്കര, തൃപ്പൂണിത്തുറ
എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് എറണാകുളം സൗത്ത് റെയില്‍വേ
സ്റ്റേഷനിലെത്തിയത്.