2015, ഏപ്രിൽ 28, ചൊവ്വാഴ്ച

മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ട്‌ തള്ളിക്കളയുക- എം.എ ബേബി


കൊച്ചി
വിവിധ റിപ്പോര്‍ട്ടുകളുടെ കൂട്ടുപിടിച്ച്‌ മത്സ്യത്തൊഴിലാളികളെ ദ്രോഹിക്കാന്‍ മന്‍മോഹന്‍ സിങ്ങിന്റെ പാത പിന്‍തുടരുകയാണ്‌ മോഡി സര്‍ക്കാരും ചെയ്യുന്നതെന്ന്‌ സിപിഐ എം പോളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി. ഡോ. മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ടും സെയ്‌ദാ റാവു റിപ്പോര്‍ട്ടും നടപ്പാക്കിയാല്‍ പത്തുകോടി മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങള്‍ പട്ടിണിയിലാകും. മൂലധന ശക്തികളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക്‌ കീഴടങ്ങുന്ന നയമാണ്‌ സര്‍ക്കാര്‍ കമ്മറ്റികളും കാണിക്കുന്നത്‌. നമ്മുടെ കടലിലെ മത്സ്യ സമ്പത്ത്‌ ഇന്ത്യയിലെ വന്‍കിട കുത്തകകള്‍ക്കും വിദേശ കുത്തകകള്‍ക്കും കൈമാറുകയാണ്‌. പാരമ്പര്യമായും ചരിത്രപരമായും ഇന്ത്യയിലെ മത്സ്യത്തൊഴിലാളികള്‍ക്ക്‌ മാത്രം അവകാശപ്പെട്ട സമ്പത്താണ്‌ ഇപ്രകാരം കൈമാറ്റം ചെയ്യപ്പെടുന്നത്‌. ഒരു അഭയ ബോധത്തോടെ അവര്‍ കടലമ്മയെന്നു വിളിക്കുന്നിടത്തേക്കാണ്‌ മത്സ്യ സംസ്‌കരണ ഫാടക്‌ടറികള്‍ എന്നു വിശേഷിപ്പിക്കുന്ന വന്‍കിട കപ്പലുകളെ പ്രവേശിപ്പിക്കുന്നത്‌. പ്രകൃതി നശീകരണം എന്ന അശാസ്‌ത്രീയമായ വികസനമാണ്‌ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തീരദേശസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സിഎംഎഫ്‌ആര്‍ഐയ്‌ക്ക്‌ മുന്നില്‍ നടത്തുന്ന 48 മണിക്കൂര്‍ സമരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു എം എ ബേബി.
വന്‍കിട മത്സ്യക്കമ്പനികള്‍ക്ക്‌ ട്യൂണ മത്സ്യം പിടിക്കാന്‍ ട്രോളിങ്‌ നിരോധനം പോലും എടുത്തു കളയാനാണ്‌ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കുന്നതിലൂടെ ശ്രമിക്കുന്നത്‌. തീരപരിപാലന നിയമത്തിന്റെ പേരില്‍ പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക്‌ സ്വന്തം കൂരപോലും നന്നാക്കാന്‍ അനുവദിക്കാത്ത സര്‍ക്കാരുകള്‍ വന്‍കിട മൂലധന ശക്‌തികള്‍ക്ക്‌ യാതൊരു മടിയും കൂടാതെ അനുവാദങ്ങള്‍ നല്‍കുകയാണ്‌. വിഴിഞ്ഞം പദ്ധതി മോഡിയുടെ ആത്മമിത്രവും ശതകോടീശ്വരനുമായ അദാനിയുടെ മടിയിലേക്ക്‌ വെച്ചു നീട്ടുകയാണ്‌ സര്‍ക്കാര്‍ ചെയ്‌തത്‌. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണത്തിലാകണം വിഴിഞ്ഞം പദ്ധതി നടപ്പാക്കേണ്ടതെന്നും എം എ ബേബി പറഞ്ഞു. ആറന്മുള പദ്ധതി നടപ്പാക്കുമെന്ന്‌ പ്രസിഡന്റ്‌ പാര്‍ലമെന്റിലെ ഇരു സഭകളിലും നടത്തിയ പ്രസംഗം ചട്ട വിരുദ്ധമാണ്‌. ഹരിത ട്രീബ്യൂണലിലും കോടതികളിലുമായി കേസില്‍ കിടക്കുന്ന പദ്ധതി നടപ്പാക്കുമെന്ന്‌ എങ്ങനെ പ്രസിഡന്റിന്‌ പറയാനാകുമെന്നും അദ്ദേഹം ചോദിച്ചു.
നമ്മുടെ രാജ്യത്തിന്റെ വിലപിടിപ്പുള്ള പലതും വിദേശ കുത്തകകള്‍ക്ക്‌ അടിയറ വെയ്‌ക്കുന്ന നയത്തിനെതിരെ ഇടത്‌പക്ഷം ഒറ്റക്കെട്ടായി അണിനിരക്കുമെന്നും എം എ ബേബി പറഞ്ഞു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ