2015, മാർച്ച് 7, ശനിയാഴ്‌ച

മയക്കുമരുന്നിന്റെ പണത്തില്‍ ആഡംബര ജീവിതം താമസിക്കാന്‍ പ്രതിദിനം കാല്‍ലക്ഷം രൂപ വാടകയുടെ വീട്‌



  1. കൊച്ചി: കൊക്കൈയ്‌ന്‍ കേസില്‍ അറസ്റ്റിലായ നൈജീരിയന്‍ സ്വദേശി ഒക്കോവ ചിഗോസി കോളിന്‍സിന്‌ കേരളത്തിലെ കൂടുതല്‍ പേരുമായി ബന്ധമുള്ളതായി പൊലീസ്‌. കൊച്ചിയിലെ സ്‌മോക്ക്‌ പാര്‍ട്ടികളിലും നിശാ പാര്‍ട്ടികളിലും മുന്തിയ ഇനം ലഹരി എത്തിച്ചിരുന്നത്‌ കോളിന്‍സിന്റെ സംഘമാണെന്ന്‌ ചോദ്യം ചെയ്യലില്‍ വ്യക്തമായി. അതേസമയം കേസില്‍ പിടിയിലായ രേഷ്‌മയും ബ്ലസി സില്‍വസ്റ്ററും നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍ ഉള്ളതായി പൊലീസിനു ബോധ്യമായിട്ടുണ്ട്‌. ഇരുവരെയും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനാണ്‌ അന്വേഷണ സംഘത്തിന്റെ നീക്കം. 
  2. മുമ്പ്‌ നിരവധി തവണ കോളിന്‍സ്‌ കൊച്ചിയില്‍ എത്തിയതായി പൊലീസ്‌ സംശയിക്കുന്നുണ്ട്‌. കോളിന്‍സുമായി ബന്ധമുള്ളവരുടെ വിവരങ്ങള്‍ ശേകരിക്കുന്നതിനാണ്‌ അന്വേഷണ സംഘത്തിന്റെ ശ്രമം. അതേസമയം വെള്ളിയാഴ്‌ച്ച വൈകിട്ട്‌ കൊച്ചിയിലെത്തിച്ച പ്രതിയെ ചോദ്യം ചെയ്യാന്‍ തുടങ്ങവെ താന്‍ മാരക രോഗിയാണെന്നായിരുന്നു ഇയാളുടെ വെളിപെടുത്തല്‍. തുടര്‍ന്ന്‌ വിശദമായ പരിശോധന നടത്തിയെങ്കിലും ഇതിന്റെ റിസല്‍റ്റ്‌ വരാന്‍ വൈകും. 
  3. മയക്കു മുരുന്നു കച്ചവടത്തിലൂടെ സമ്പാദിക്കുന്ന പണം ഉപയോഗിച്ച്‌ കോളിന്‍സ്‌ ഗോവയില്‍ ആഡംബര ജീവിതം നയിക്കുകയായിരുന്നു. നൈജീരിയക്കാര്‍ തിങ്ങി പാര്‍ക്കുന്ന നോര്‍ത്ത്‌ ഗോവയില്‍ പ്രതിദിനം 25,000 രൂപക്കു മേല്‍ വാടക നല്‍കുന്ന വീട്ടിലായിരുന്നു ഇയാളുടെ താമസം. പ്രതിയെ കുറിച്ച്‌ വ്യക്തമായ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ്‌ എറണാകുളം സെന്‍ട്രല്‍ സിഐ ഫ്രാന്‍സിസ്‌ ഷെല്‍ബിയും സംഘവും ഗോവയിലേക്ക്‌ തിരിച്ചത്‌. തുടര്‍ന്ന്‌ ലഹരി ആവശ്യമുണ്ടെന്നു പറഞ്ഞ്‌ കോളിന്‍സുമായി ബന്ധപ്പെടുകയായിരുന്നു. ഇതിനായി ലഹരി മാഫിയകള്‍ ഉപയോഗിക്കുന്ന കോഡ്‌ ഭാഷ അന്വേഷണ സംഘം നേരത്തെ പിടിയിലായ പ്രതികളില്‍ നിന്നും മനസിലാക്കിയിരുന്നു. തുടര്‍ന്ന്‌ ആവശ്യം അറിയിച്ചതനുസരിച്ച്‌ കോളിന്‍സ്‌ സ്‌കൂട്ടറില്‍ എത്തിയെങ്കിലും സംശയം തോന്നിയതോടെ വാഹനം ഉപേക്ഷിച്ച്‌ ഓടി രക്ഷപെടാന്‍ ശ്രമിച്ചു. പിന്തുടര്‍ന്നോടിയ പൊലീസ്‌ നോര്‍ത്ത്‌ ഗോവയിലെ ചേപ്പേടം എന്ന സ്ഥലത്തു നിന്നാണ്‌ കോളിന്‍സിനെ പിടികൂടിയത്‌. കോളനിയിലെ നൈജീരിയക്കാരെ നേരിടാന്‍ ഗോവ പൊലീസിലെ ആന്റി നാര്‍കോട്ടിക്‌ സെല്ലിന്റെ സഹായവും പൊലീസ്‌ തേടിയിരുന്നു. ഇയാളുടെ താമസ സ്ഥലത്തുനിന്നും 75000 രൂപയും പാസ്‌പോര്‍ട്ടും പൊലീസ്‌ കണ്ടെടുത്തിട്ടുണ്ട്‌ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ