2015, മാർച്ച് 7, ശനിയാഴ്‌ച

സര്‍ക്കാര്‍ തീയേറ്ററുകള്‍ ലാഭകച്ചവടത്തിനു മാത്രം - നടന്‍ സലീം കുമാര്‍



കൊച്ചി: സംസ്ഥാനത്തെ സര്‍ക്കാര്‍ തീയേറ്ററുകള്‍ ലാഭകച്ചവടത്തിനു വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നവയാണെന്ന്‌ ദേശീയ അവാര്‍ഡ്‌ ജേതാവ്‌ നടന്‍ സലിംകുമാര്‍. സലിംകുമാര്‍ സംവിധാനം ചെയ്‌ത കംപാര്‍ട്ട്‌മെന്റിന്റെ വിശേഷങ്ങള്‍ മാധ്യമ പ്രവര്‍ത്തകരോട്‌ പങ്കുവയ്‌ക്കുകയായിരുന്നു അദ്ദേഹം. നിലവാരമുള്ള മലയാള സിനിമകള്‍ക്ക്‌ സര്‍ക്കാര്‍ തീയേറ്ററുകളില്‍ പോലും അവസരം നല്‍കുന്നില്ല.
ലാഭകച്ചവടത്തിനായി തീയേറ്ററുകള്‍ ഇതര സിനിമകളെ തെരഞ്ഞെടുത്തതോടെ തന്റെ സിനിമയുടെ പ്രദര്‍ശനം തല്‍ക്കാലത്തേക്ക്‌ നിര്‍ത്തി വച്ചിരിക്കുകയാണ്‌. വിഷുവിനു ശേഷം സിനിമ വീണ്ടും തീയേറ്ററുകളില്‍ എത്തിക്കാനാണ്‌ ശ്രമിക്കുന്നത്‌. ഇത്‌ സാധ്യമായില്ലെങ്കില്‍ പ്രൊജക്‌റ്ററുമായി പറമ്പുകളില്‍ ഇറങ്ങി പ്രദര്‍ശനം നടത്താനും തനിക്ക്‌ മടിയില്ല. സലിംകുമാര്‍ എന്നു കേള്‍ക്കുമ്പോള്‍ 10 പേരെങ്കിലും കൂടുമെന്നും അദ്ദേഹം.
ഭിന്നശേഷിയുള്ളവരുടെ കഥപറയുന്ന ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്‌തിരിക്കുന്നതും ഭിന്നശേഷിയുള്ളവര്‍ തന്നെയാണ്‌. എന്നാല്‍ ചിത്രം റീലീസ്‌ ചെയ്‌തതിനു പിന്നാലെ തമിഴിലെ എട്ടോളം സിനിമകളും മലയാളത്തിലെ മൂന്നോളം സിനിമകളും തീയേറ്ററിലെത്തിയതോടെ കംപാര്‍ട്ട്‌മെന്റ്‌ ശ്രദ്ധിക്കപ്പെടാതെ പോകുകയായിരുന്നു. സര്‍ക്കാര്‍ തീയേറ്ററുകളില്‍ പോലും പ്രദര്‍ശനം വെട്ടിച്ചുരുക്കി.
തന്റെ അവസാനത്തെ സംരഭമാണ്‌ കംപാര്‍ട്ട്‌മെന്റ്‌. ഭിന്ന ശേഷിയുള്ള 200 പേരെ അണിനിരത്തിയാണ്‌ സനിമ പൂര്‍ത്തിയാക്കിയത്‌. ഇത്തരക്കാരുടെ മാതാപിതാക്കള്‍ക്കായിട്ടാണ്‌ സിനിമ സമര്‍പ്പിച്ചതെങ്കിലും അവര്‍ പോലും സിനിമയെ നിരസിക്കുകയായിരുന്നു. ചിലര്‍ സിനിമ കാണുക പോലും ചെയ്യാതെ വിമര്‍ശിക്കുന്നുമുണ്ട്‌. തനിക്ക്‌ ദേശീയ അവാര്‍ഡ്‌ നേടിത്തന്ന `അദാമിന്റെ മകന്‍ അബു' താന്‍ തന്നെയാണ്‌ വിതരണത്തിനെടുത്തത്‌. ചിത്രത്തിന്‌ ദേശീയ അവാര്‍ഡ്‌ ലഭിച്ചെങ്കിലും നിര്‍മാതാവിന്‌ നഷ്ടം മാത്രമേ ഉണ്ടായിട്ടുള്ളു. ഇത്തരം സിനിമകളെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ യാതൊരു സംവിധാനങ്ങളും നിലവിലില്ല.
കംപാര്‍ട്ട്‌മെന്റിന്റെ കഥ, തിരക്കഥ, സംഭാഷണം, നിര്‍മാണം എന്നിവയും സലിംകുമാര്‍ തന്നെയാണ്‌ നിര്‍വഹിച്ചിരിക്കുന്നത്‌. 70-75 ലക്ഷം രൂപ മാത്രമാണ്‌ ചിത്രത്തിനായി ചെലവായതെന്നും അദ്ദേഹം.
മമ്മൂട്ടിയുടെ ഫയര്‍മാന്‍ എന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തിന്‌ അവ്യക്തതയുണ്ടെന്ന ആരോപണത്തില്‍ തനിക്ക്‌ പങ്കില്ല. താന്‍ ഒരു അഭിനേതാവ്‌ മാത്രമാണ്‌. തനിക്ക്‌ ലഭിച്ച കഥാപാത്രം അവതരിപ്പിക്കുക മാത്രമാണ്‌ താന്‍ ചെയ്‌തിരിക്കുന്നത്‌. ചിലര്‍ നല്ല അഭിപ്രായം പറയുമ്പോള്‍ മറ്റു ചിലര്‍ വിരുദ്ധമായും പറയുന്നുണ്ടെന്നും അദ്ദേഹം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ