2014, ഫെബ്രുവരി 5, ബുധനാഴ്‌ച

ജസീറയുടെ കുത്തിയിരിപ്പ്‌ സമരം സിപിഎം സ്‌പോണ്‍സേര്‍ഡ്‌


കൊച്ചി

ഡല്‍ഹിയില്‍ നിന്നും ഇന്നലെ എത്തിയ ജസീറിയെ തുരന്തോ എക്‌സ്‌പ്രസില്‍ നിന്നും കൊച്ചൗസേപ്പ്‌ ചിറ്റിലപ്പിള്ളിയുടെ മുന്നില്‍ എത്തിച്ചതിനു പിന്നില്‍ സിപിഎം-ഡിവൈഎഫ്‌ഐ പ്രതിനിധികള്‍.
കൊച്ചി നഗരം ഇതുവരെ കണ്ടിട്ടില്ലാത്ത ജസീറ വഴി പോലൂം തെറ്റാതെ ബൈപാസിലെ കൊച്ചൗസേപ്പ്‌ ചിറ്റിലപ്പിള്ളിയുടെ വസതിയ്‌ക്കു മുന്നില്‍ എത്തി. കയ്യില്‍ രണ്ട്‌ വലിയ ബാഗുകളും വലിയ കുടയുമായി കൊച്ചൗസേപ്പ്‌ ചിറ്റിലപ്പിള്ളിയുടെ മുന്നില്‍ കുത്തിയരിപ്പ്‌ ആരംഭിച്ച ജസീറയ്‌ക്ക്‌ പൊറോട്ടയും കുടിക്കാന്‍ കുപ്പിവെള്ളവും സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടേയും പ്രാദേശിക സഖാക്കള്‍ എത്തിച്ചുകൊടുത്തു.
വിശന്നുവലഞ്ഞ കുഞ്ഞുങ്ങള്‍ക്ക്‌ കിട്ടിയത്‌ പൊറോട്ടയും വെജിറ്റബിള്‍ കറിയും. കുട്ടികള്‍ ഇത്‌ ആര്‍ത്തിയോടെ കഴിച്ചു. ജസീറയ്‌ക്ക്‌ മൂത്തകുട്ടി വാരി നല്‍കുന്നുണ്ടായിരുന്നു. ഇളയകുട്ടി യാത്രാക്ഷീണത്തില്‍ തളര്‍ന്നു ഉറക്കത്തിലും. ചാനലുകളുടെ വാഹനങ്ങളും ക്യാമറകളും കണ്ടതോടെ ജനങ്ങള്‍ കൂടാന്‍ തുടങ്ങി. ബൈപാസില്‍ വാഹനങ്ങള്‍ നിര്‍ത്തിയാണ്‌ പലരും ജസീറയുടെ പുതിയ സമര മുഖം കാണാനെത്തിയത്‌.ഇതോടെ ബൈപാസില്‍ ഗതാഗതം സ്‌തംഭിച്ചു. പലര്‍ക്കും കാരണം അറിയില്ലായിരുന്നു. അനാവശ്യസമരമാണിതെന്നു വാദിച്ചവരെ ഒതുക്കാന്‍ ഡിഫിക്കാരും സിപിഎമ്മുകാരും എത്തി. ജസീറയ്‌ക്കു കൊടുക്കാന്‍ കഴിയില്ലെങ്കില്‍ പാരിതോഷികം കൊച്ചൗസേപ്പ്‌ നിഷേധിക്കട്ടെ എന്നായി ഡിഫിക്കാര്‍.കൊച്ചൗസേപ്പിനെ കൊച്ചാക്കാന്‍ ഡിഫിക്കാര്‍ നിരത്തിയ ഈ വാദമുഖത്തോട്‌ ഇന്ന്‌ പ്രസ്‌ ക്ലബില്‍ നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ കൊച്ചൗസേപ്പ്‌ എങ്ങനെ പ്രതീകരിക്കുമെന്നു കാത്തിരുന്നു കാണാം. 
തിരുവനന്തപുരത്തെ സിപിഎമ്മിന്റെ സമരം ഒറ്റയടിക്കു പൊളിച്ചു കയ്യില്‍ കൊടുത്ത വീട്ടമ്മയ്‌ക്ക്‌ അഞ്ച്‌ ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചതോടെയാണ്‌ കൊച്ചൗസേപ്പ്‌ ചിറ്റിലപ്പിള്ളി അനഭിതനായത്‌. ഇതിന്റെ പ്രതികാരമായി 2002ല്‍ വീഗാലാന്റില്‍ ഉണ്ടായ അപകടത്തില്‍ പരുക്കേറ്റ യുവാവിന്റെ ചിത്രം അടക്കമുള്ള ഫോട്ടോ കൊച്ചൗസേപ്പ്‌ ചിറ്റിലപ്പിള്ളിയുടെ വസതിയ്‌ക്കുമുന്നില്‍ ഡിവൈഎഫ്‌ഐ വെണ്ണല മേഖല കമ്മിറ്റി സ്ഥാപിക്കുകയും ചെയ്‌തു. കഴിഞ്ഞ 11 വര്‍ഷമായി ഡിഫിക്കാര്‍ക്ക്‌ പ്രസ്‌തുത യുവാവിനോടു തോന്നാത്ത സ്‌നേഹം പെട്ടെന്നു പൊട്ടിമുളച്ചതിനു പിന്നാലെയാണ്‌ ഈ ജസീറയുടെ സമരത്തിനു പിന്നണിയില്‍ നല്‍കുന്ന സഹായം. എന്നാല്‍ നാളെ ജസീറ മലക്കം മറിയുമോ എന്ന ഭയത്താല്‍ സിപിഎം സജീവമായി രംഗത്തെത്തിയിട്ടില്ല 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ