2014, ഫെബ്രുവരി 27, വ്യാഴാഴ്‌ച

രാഹുല്‍ ഗാന്ധിയെ അസമിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ സ്ത്രീകള്‍ വരവേറ്റത് ചുംബനപ്പൂക്കള്‍ കൊണ്ട് മൂടി.


 


കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അസമിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ സ്ത്രീകള്‍ വരവേറ്റത് ചുംബനപ്പൂക്കള്‍ കൊണ്ട് മൂടി.! രാഹുലിന്റെ രണ്ടു ദിവസം നീണ്ട അസം സന്ദര്‍ശനത്തിന്റെ അവസാന ദിവസമായ ഇന്നലെ സമൂഹത്തിന്റെ വിവിധ തുറകളില്‍നിന്ന് എത്തിയ അറുനൂറോളം വരുന്ന സ്ത്രീകളെ അഭിസംബോധന ചെയ്യാന്‍ എത്തിയപ്പോഴാണ് അവിവാഹിതനായ രാഹുലിനെ ലജ്ജിപ്പിച്ച സ്‌നേഹപ്രകടനമുണ്ടായത്.


രാഹുലിനെ കണ്ട് ആവേശഭരിതരായ സ്ത്രീകളില്‍ ചിലര്‍ മുന്നോട്ടു വന്ന് അദ്ദേഹത്തെ കെട്ടിപ്പിടിച്ച് കവിളുകളിലും നെറ്റിയിലും ചുംബിക്കുകയായിരുന്നു. രാഹുലാകട്ടെ ചിരിച്ചുകൊണ്ട് സ്‌നേഹം ഏറ്റുവാങ്ങുകയും ചെയ്തു. സ്ത്രീ ശാക്തീകരണം, സ്ത്രീകളുടെ സുരക്ഷ, വികസനം, വനിതാ സംവരണം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സ്ത്രീകള്‍ രാഹുല്‍ ഗാന്ധിയോടു ചോദ്യങ്ങളുന്നയിച്ചു. കോണ്‍ഗ്രസ് സ്ത്രീകള്‍ക്ക് എക്കാലവും പ്രാധാന്യം നല്‍കുന്ന പാര്‍ട്ടിയാണെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. ൃ

പ്രസിഡന്റ്, പ്രധാനമന്ത്രി, മുഖ്യമന്ത്രി, എംപി, എംഎല്‍എ തുടങ്ങിയ സ്ഥാനങ്ങളിലേക്ക് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ക്ക് അവസരം നല്‍കിയതും കോണ്‍ഗ്രസാണെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. സ്ത്രീകള്‍ മുന്നോട്ടുവരണമെന്നും രാഷ്ട്രത്തിന്റെ വികസനത്തില്‍ പങ്കാളിത്തം വഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്ക് തുല്യമായ പരിഗണന ലഭിച്ചിരുന്നെങ്കില്‍ ഇന്ത്യ ഇതിനോടകം വികസിത രാഷ്ട്രമാകുമായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതിനിടെ മോഡിയെ 'ഷണ്ഡനെ'ന്നു വിശേഷിപ്പിച്ച സല്‍മാന്‍ ഖുര്‍ഷിദിന്റെ പരാമര്‍ശത്തിനെതിരേ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് രംഗത്തുവന്നു. ഇത്തരത്തിലുള്ള ഭാഷാപ്രയോഗങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. യുപിയിലെ ഫറൂഖാബാദ് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുമ്പോഴാണ് ഖുര്‍ഷിദ് മോഡിയെ 'ഷണ്ഡന്‍' എന്നു വിശേഷിപ്പിച്ചത്. പ്രയോഗത്തിനെതിരേ ബിജെപി ശക്തമായി രംഗത്തുവന്നിരുന്നു. കോണ്‍ഗ്രസിന് പരാജയഭീതിയില്‍ സമനില നഷ്ടമായെന്നും നേതാക്കളെ നിലയ്ക്കു നിര്‍ത്താന്‍ സോണിയയും രാഹുലും തയാറാകണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു.

മുന്‍പ് മണി ശങ്കര്‍ അയ്യരുടെ മോഡിക്കെതിരേയുള്ള 'ചായക്കടക്കാരന്‍' പ്രയോഗം കോണ്‍ഗ്രസിന് തിരിച്ചിടയായിരുന്നു. മോഡി ചായക്കടക്കാരനാണെന്നും ചായക്കടക്കാരന് ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ കഴിയില്ലെന്നുമായിരുന്നു മണി ശങ്കര്‍ പരിഹസിച്ചത്. വേണമെങ്കില്‍ എഐസിസി സമ്മേളനം നടക്കുന്ന സ്ഥലത്ത് മോഡിക്ക് ചായക്കട തുടങ്ങാന്‍ അനുമതി നല്‍കാമെന്നും അയ്യര്‍ പറഞ്ഞിരുന്നു. ബിജെപിയാകട്ടെ ഇതു പ്രചാരണ ആയുധമാക്കി രാജ്യമെമ്പാടും 'നമോ ചായക്കട'കളും ചായക്കട ചര്‍ച്ചയും തുടങ്ങുകയും ചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ