2014, ഫെബ്രുവരി 27, വ്യാഴാഴ്‌ച

ഋഷിരാജ് സിംഗിനും വേഗപ്പൂട്ടു വീണു

             
            അനധികൃതമായി
ബീക്കണ്‍ ലൈറ്റും
സര്‍ക്കാര്‍ ബോര്‍ഡും വച്ച് ചീറിപ്പായുന്ന വാഹനങ്ങള്‍ സംസ്ഥാനത്ത് കൂടുന്നു. ഇതിനു തടയിടേണ്ട സര്‍ക്കാരോ മോട്ടോര്‍ വാഹന വകു പ്പോ അനങ്ങുന്നില്ല. നടപടിയെടുക്കുമെന്ന് പറഞ്ഞ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ കാലുകളും കൈകളും അധികൃതര്‍ തളച്ചതോടെ ആര്‍ക്കും കൊടിയും ലൈറ്റും ഗവണ്‍മെന്റ് ഓഫ് കേരള എന്ന ബോര്‍ഡും വച്ച് എങ്ങനേയും സംസ്ഥാനത്ത് ചീറിപ്പായാമെന്ന അവസ്ഥയായി. എവിടെ തിരിഞ്ഞാലും ചുവപ്പും നീലയും ലൈറ്റ് ഘടിപ്പിച്ച സര്‍ക്കാര്‍ വാഹനങ്ങളേ ഉള്ളൂ. ഇതില്‍ ഘടിപ്പിച്ചിരിക്കുന്ന സര്‍ക്കാര്‍ ബോര്‍ഡിലെ പദവി വായിക്കുമ്പോഴാണ് അനര്‍ഹരായവര്‍ ചട്ടവിരുദ്ധവുമായാണ് ലൈറ്റ് ഘടിപ്പിച്ചിരിക്കുന്നതെന്ന് മനസിലാകുന്നത്.

സാധാരണക്കാരെല്ലെന്ന് ജനത്തിന് മുമ്പില്‍ വീമ്പിളക്കാനായി ലൈറ്റ് ഘടിപ്പിച്ച് നടക്കുന്നതില്‍ ബോര്‍ഡ് കോര്‍പറേഷന്‍ ചെയര്‍മാന്‍മാര്‍ വരെയുണ്ടെന്നതാണ് വിരോധാഭാസം.  1989ലെ മോട്ടാര്‍ വാഹന നിയമപ്രകാരം ചുവന്ന ലൈറ്റ് വാഹനത്തില്‍ ഘടിപ്പിക്കാന്‍ ഗവര്‍ണര്‍, മുഖ്യമന്ത്രി, മന്ത്രിമാര്‍, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ജഡ്ജിമാര്‍, ലോകായുക്ത,ഉപലോകായുക്ത, ചീഫ് സെക്രട്ടറി, പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍, കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ വൈസ് ചെയര്‍മാ ന്‍, അഡ്വക്കേറ്റ് ജനറല്‍, മുഖ്യ വിവരാവകാശ കമ്മീഷണര്‍, പി. എസ്.സി ചെയര്‍മാന്‍, ഹൈക്കോടതി ജഡ്ജിയുടെ പദവിയുള്ള ട്രിബ്യൂണല്‍ അധ്യക്ഷന്‍മാര്‍ക്കും വിവിധ കമ്മീഷനുകളുടെ ചെയര്‍മാന്‍മാര്‍ക്കും അനുമതിയുണ്ട്. നീല ലൈറ്റ് പോലീസ് വാഹനങ്ങള്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി, ലോ സെക്രട്ടറി, വൈസ്ചാന്‍സിലേഴ്‌സ്, മേയര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, ആര്‍.ഡി.ഒ തുടങ്ങിയവര്‍ക്ക് ഉപയോഗിക്കാം.

നീലയും ചുവന്നതും വെള്ളയും കലര്‍ന്ന ലൈറ്റുകള്‍ പോലീസ്, ആംബുലന്‍സ്, മൊബൈല്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്, എക്‌സൈസ് എന്നീ വാഹനങ്ങള്‍ക്കും ബീക്കണ്‍ ലൈറ്റായി ഉപയോഗിക്കാം. മുന്നോക്ക കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് ക്യാബിനറ്റ് റാങ്ക് നല്‍കിയതിനാല്‍ ചുവന്ന ലൈറ്റ് ഉപയോഗിക്കാം. എന്നാല്‍ മറ്റു പല കോര്‍പറേഷനുകളുടേയും ചെയര്‍മാന്‍മാര്‍ ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നുണ്ട്.

  സംസ്ഥാന യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍.വി രാജേഷിന്റെ വെള്ള ഇന്നോവ കാറില്‍ നീല ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നുണ്ട്. നീല  ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നതിന് രാജേഷിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്നാണ് പൊതുഭരണ വകുപ്പില്‍ അന്വേഷിച്ചപ്പോള്‍ ലഭിച്ച മറുപടി. ഇതുപോല മറ്റു ചില ചെയര്‍മാന്‍മാരും ഇപ്പോള്‍ ബീക്കണ്‍ ലൈറ്റ് ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. കൂടാതെ സെക്രട്ടറിയേറ്റിലെ സെക്രട്ടറിമാരും അവരുടെ വാഹനത്തില്‍ നീല ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുകയാണ്. കൂടാതെ ചില സ്വകാര്യ വാഹനങ്ങളിലും ബീക്കണ്‍ ലൈറ്റുകള്‍ ഉപയോഗിക്കുന്നുണ്ട്.

ചിലര്‍ ലൈറ്റില്ലാതെ ഗവണ്‍മെന്റ് ഓഫ് കേരളയെന്നും ഗവണ്‍മെന്റ് ഓഫ് ഇന്ത്യയെന്നും ബോര്‍ഡ് വച്ച് വണ്ടി ഓടിക്കുന്നുണ്ട്. സംസ്ഥാനത്തിന് പുറത്തേയ്ക്ക് യാത്ര പോകുമ്പോള്‍ സര്‍ക്കാര്‍ ബോര്‍ഡ് ഉണ്ടെങ്കില്‍ ചെക്ക് പോസ്റ്റിലടക്കം പരിശോധന ഉണ്ടാകാറില്ല.  എന്തു നിയമ വിരുദ്ധ പ്രവര്‍ത്തനവും സര്‍ക്കാര്‍ ബോര്‍ഡുണ്ടെങ്കില്‍ കണ്ടുപിടിക്കാതിരിക്കും. ഇതിനായി ബോര്‍ഡ് ഉപയോഗിക്കുന്നുവെന്ന റിപ്പോര്‍ട്ട് മുമ്പ് ഇന്റലിജന്‍സ് വിഭാഗം തന്നെ സര്‍ക്കാരിന് നല്‍കിയതാണ്. അടുത്തിടെ ഇത്തരം വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി കൂടിയിട്ടുണ്ട്. ഇതിനെതിരെ നടപടിയെടുക്കേണ്ടവര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്.

ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങള്‍ ഹോണ്‍മുഴക്കി അമിത വേഗത്തില്‍ ചീറിപ്പായുന്നത് പൊതുജനത്തിന് ഏറെ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. അനധികൃതമായി ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പ്രഖ്യാപിച്ചതാണ്. എന്നാല്‍ ഇതുവരെ ഒരു അനക്കവുമില്ല. പഴയതുപോലെ ഋഷിരാജ് സിംഗിന് ഇപ്പോള്‍ ഒന്നിനും ചൂടില്ല. ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി മാറിയതോടെ അദ്ദേഹത്തിന്റെ കൈയ്ക്കും കാലിനും ചങ്ങലയിട്ടുവെന്നാണ് സംസാരം.     

എന്നാല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സ്ഥാനം മടുത്ത അദ്ദേഹം പോലീസിലെ ലോ ആന്‍ഡ് ഓര്‍ഡര്‍ ചുമതലയിലേയ്ക്ക് മാറാന്‍ ശ്രമിക്കുന്നതായും വാര്‍ത്തകളുണ്ട്. ഇതാണ് ഋഷിരാജ് സിംഗ് പഴയതുപോലെ ഉണര്‍ന്നു പ്രവര്‍ത്തിക്കാത്തതെന്ന വാദമാണ് ശക്തമായി നിലനില്‍ക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ