2013, ഡിസംബർ 19, വ്യാഴാഴ്‌ച

കേരളത്തിലെ ആദ്യത്തെ റോബോട്ടിക്ക്‌ ശസ്‌ത്രക്രിയാ ആശുപത്രി കൊച്ചിയില്‍


കൊച്ചി: കേരളത്തിലെ ആദ്യത്തെ റോബോട്ടിക്ക്‌ ശസ്‌ത്രക്രിയാ ആശുപത്രി കൊച്ചിയില്‍ ആരംഭിക്കുന്നു. സൈഷ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മിനിമല്‍ ആക്‌സസ്‌ ആന്റ്‌ റോബോട്ടിക്ക്‌ സര്‍ജറി (സൈഷ ഇമാഴ്‌സ്‌) എന്ന ഈ ആശുപത്രിക്ക്‌ ആലുവക്കടുത്ത്‌ കടുങ്ങല്ലൂരില്‍ ഞായറാഴ്‌ച (22.12.13) രാവിലെ 9ന്‌ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ്‌ ശിലാസ്ഥാപനം നിര്‍വഹിക്കും. പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്‌ അധ്യക്ഷത വഹിക്കും. റീമ കല്ലിങ്കല്‍, ആഷിക്‌ അബു, എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്‌, സാജുപോള്‍, കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.കെ. ജിന്നാസ്‌ എന്നിവര്‍ പങ്കെടുക്കും.

ഒരേക്കറോളം സ്ഥലത്ത്‌ 55 കോടി രൂപ മുടക്കി 14 നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ റോബോട്ടിക്ക്‌ ശസ്‌ത്രക്രിയാ വിഭാഗം സൈഷ ഇമാഴ്‌സ്‌ ആശുപത്രിയുടെ പ്രത്യേകതയാണെന്ന്‌ മെഡിക്കല്‍ ഡയറക്‌ടര്‍ ഡോ. ഹബീബ്‌ മുഹമ്മദ്‌ അറിയിച്ചു. സാധാരണ കീഹോള്‍ സര്‍ജറിക്ക്‌ പുറമെ ചര്‍മ്മത്തിന്‌ ഒരു പോറല്‍പോലും ഏല്‍പിക്കാതെയുള്ള സര്‍ജറിക്കുള്ള സൗകര്യവും ഇവിടെയുണ്ടാകും. അതിസങ്കീര്‍ണമായ ക്യാന്‍സര്‍ ശസ്‌ത്രക്രിയകള്‍വരെ നടത്തുന്ന റോബോട്ടിക്ക്‌ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സര്‍ജറിയാണ്‌ സൈഷാ ഇമാഴ്‌സ്‌ ആശുപത്രിയുടെ പ്രത്യേകത. ഓപ്പണ്‍ സര്‍ജറിയില്‍പോലും കൈകള്‍ക്ക്‌ എത്തിപ്പെടാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ റോബോട്ടിക്ക്‌ ആം ഉപയോഗിച്ച്‌ വളരെ കൃത്യതയോടെ ശസ്‌ത്രക്രിയ നടത്താന്‍ കഴിയും. വയറിനുള്ളിലെ ക്യാന്‍സറുകള്‍, പ്രോസ്റ്റേറ്റ്‌ ഗ്രന്ഥിയിലെ ക്യാന്‍സര്‍ സര്‍ജറികള്‍, അമിത വണ്ണത്തിനുള്ള സര്‍ജറികള്‍ എന്നിവക്ക്‌ റോബോട്ടിക്ക്‌ ശസ്‌ത്രക്രിയയിലൂടെയുള്ള പ്രയോജനം വളരെ വലുതാണ്‌. കൂടാതെ സാധാരണയായുള്ള കീഹോള്‍ ശസ്‌ത്രക്രിയകളും ഉണ്ടാകും.

രണ്ടാംഘട്ടമായി അഞ്ചുവര്‍ഷത്തിനകം ബൈപാസ്‌ ഹൃദയ ശസ്‌ത്രക്രിയകള്‍ റോബോട്ട്‌ ഉപയോഗിച്ച്‌ കീഹോളിലൂടെ ചെയ്യാന്‍ ഇവിടെ സംവിധാനമൊരുക്കും. ഇതേ സാങ്കേതിക വിദ്യയില്‍ വൃക്ക മാറ്റിവെക്കല്‍ ശസ്‌ത്രക്രിയയും നടത്താനാകുമെന്ന്‌ ഡോക്‌ടര്‍ ഹബീബ്‌ മുഹമ്മദ്‌ അറിയിച്ചു.

സൈഷ സലൂദ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന കമ്പനിയാണ്‌ സൈഷാ ഇമേഴ്‌സ്‌ ആശുപത്രിയുടെ പ്രൊമോട്ടര്‍മാര്‍. വിദേശ മലയാളികളില്‍നിന്നും ഷെയറുകളിലൂടെയും പലിശരഹിത നിധിയിലൂടെയും മൂലധന സമാഹാരണം നടത്തുമെന്നും ചെയര്‍പേഴ്‌സണ്‍ എ. സുബൈദാ ബീവി, ഡയറക്‌ടര്‍ ഇക്‌ബാല്‍ ആമ്പക്കുടി എന്നിവര്‍ അറിയിച്ചു.

contact : www.zaishasalud.com Mob: 9447438404

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ