2013, നവംബർ 4, തിങ്കളാഴ്‌ച

കൊച്ചിയില്‍ സ്‌ത്രീകള്‍ക്കെതിരായ അക്രമം തടയാന്‍ ജാഗ്രതാ സമിതി രൂപീകരിക്കുന്നു



കൊച്ചി
സ്‌ത്രികള്‍ക്കെതിരായ അക്രമങ്ങള്‍ തടയാന്‍ ജാഗ്രതാ സമിതി രൂപീകരിക്കുന്നു. കൊച്ചി ഒരാഴ്‌ച്‌ക്കുള്ളില്‍ ട്രാഫിക്‌ വാര്‍ഡന്‍ ഉള്‍പ്പടെ നാലോളം സ്‌ത്രീകളാണ്‌ പൊതുസ്ഥലങ്ങളില്‍ വച്ച്‌ ആക്രമണത്തിനിരയായത്‌. ഈ സാഹചര്യത്തിലാണ്‌ കൊച്ചി നഗരസഭ കോര്‍പ്പറേഷന്‍-ഡിവിഷന്‍ തലങ്ങളില്‍ ജാഗ്രതാ സമിതികള്‍ രൂപീകരിക്കാന്‍ തീരുമാനമായത്‌. ഈ മാസം അവസാനത്തോടെ സമിതികള്‍ നിലവില്‍ വരും.
മേയര്‍ ചെയര്‍മാനായ 11 അംഗസമിതിയ്‌ക്കാണ്‌ രൂപം നല്‍കുക. പീഡനത്തിനു ഇരയായ സ്‌ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നിമയസഹായത്തിനു പുറമെ മാനസിക നില വീണ്ടെടുക്കുന്നതിനു സഹായമായ കൗണ്‍സിലിങ്ങും നല്‍കും. സംസ്ഥാന വനിതാ കമ്മീഷന്‍ ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ നഗരസങയോട്‌ നിര്‍ദ്ദേശിച്ചിരുന്നു. സംസ്ഥാന വനിതാ കമ്മീഷന്റെ നിര്‍ദ്ദേശം അനുസരിച്ചാണ്‌ ജാഗ്രതാ സമിതികളുടെ രൂപീകരണം.
പല കേസുകളിലും പീഢനത്തിനു ഇരയായ സ്‌ത്രീകള്‍ പോലീസില്‍ പരാതി നല്‍കാന്‍ മടിക്കുകയാണ്‌. പോലീസ്‌,കോടതി തുടങ്ങിയവയോടുള്ള ഭയം കാരണം പീഡനത്തിനു ഇരയാകുന്ന ഭൂരിഭാഗവും വിവരങ്ങള്‍ പുറത്തുപറയാന്‍ മടിക്കുകയാണ്‌. പല കുററകൃത്യങ്ങളിലെയും പ്രതികള്‍ രക്ഷപ്പെടാന്‍ ഇത്‌ കാരണമാകുകയും ചെയ്യുന്നു.
ഈ വര്‍ഷം മാത്രം പോലീസ്‌ കണക്കനുസരിച്ച്‌ കഴിഞ്ഞ സെപ്‌തംബര്‍ വരെ സംസ്ഥാനത്ത്‌ സ്‌ത്രീകള്‍ക്കെതിരായ 663 കുറ്റകൃത്യങ്ങളാണ്‌ രേഖപ്പെടുത്തിയത്‌. ഇതില്‍ 304 പരാതികളും ലൈംഗിക പീഢനവുമായി ബന്ധപ്പെട്ടവയാണ്‌. ഭര്‍ത്താവും അടുത്ത ബന്ധുക്കളുടേയും പീഢനത്തിനു ഇരയായതിനു 220 കേസുകളും നിലവിലുണ്ട്‌. 18ഓളം കേസുകളാണ്‌ തട്ടിക്കൊണ്ടു പോകുന്നതുമായി ബന്ധപ്പെട്ട്‌ നല്‍കിയിരിക്കുന്നത്‌.
പട്ടാപ്പകല്‍ ഓടുന്ന ബസില്‍ യാത്രക്കാരിയെ ബസ്‌ ഉടമ തന്നെ പീഢിപ്പിക്കാന്‍ ശ്രമിച്ച സംഭവം നഗരത്തെ ഞെട്ടിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ്‌ വൈറ്റില മൊബിലിറ്റി ഹബില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ മാനഭംഗ ശ്രമം അരങ്ങേറിയത്‌. വൈറ്റില മൊബിലിറ്റില്‍ ഹബില്‍ തന്നെയാണ്‌ അടുത്ത സംഭവം. ഇത്തവണ പ്രതി മദ്യപിച്ചു ലക്കുകെട്ട സിവില്‍ പോലീസ്‌ ഉദ്യോഗസ്ഥന്‍ ആണെന്നതും സ്ഥിതിഗതികളുടെ ഗൗരവം വ്യക്തമാക്കി. തുടര്‍ന്നു കഴിഞ്ഞ ശനിയാഴ്‌ച കലൂര്‍-കടവന്ത്ര റോഡില്‍ വനിതാ വാര്‍ഡനു നേരെ ആക്രമണം ഉണ്ടായത്‌. യൂണിഫോം അണിഞ്ഞ സ്‌ത്രീകള്‍ക്കു പോലും പട്ടാപ്പകലും പുറത്തിറങ്ങാന വയ്യാത്ത നിലയിലായതോടെയാണ്‌ നഗരസഭ മുന്നോട്ടു വന്നിരിക്കുന്നത്‌.
ജാഗ്രതാ സമിതിയുടെ രൂപീകരണത്തിനു കൗണ്‍സിലര്‍ വി.കെ
മിനിമോളെ ചുമതലപ്പെടുത്തി. പാരാതികള്‍ അതാത്‌ ഡിവിഷന്‍ കൗണ്‍സിലര്‍മാരെ ടെലിഫോണില്‍ അറിയിക്കേണ്ടതാണ്‌. അടിയന്തിര ഘട്ടത്തില്‍ ബന്ധപ്പെടാന്‍ ഹെലപ്പ്‌ ലൈന്‍ നമ്പരും ഉണ്ടാകും. ജാഗ്രതാ സമിതിയുടെ മുന്നില്‍ വരുന്ന പരാതികള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ വിഫലമാകുകയാണെങ്കില്‍ വിവരം പോലീസിനു കൈമാറും. ഈ ഘട്ടത്തില്‍ വേണ്ട നിയമ സഹായവും നഗരസഭ നല്‍കും.
കൊച്ചിന്‍ കോര്‍പ്പറേഷന്‍ മേയര്‍ ചെയര്‍മാനായ 11 അംഗ സമിതിയില്‍ ഡപ്യൂട്ടി മേയര്‍, ഡപ്യുട്ടിചെയര്‍പേഴ്‌സണായി പ്രവര്‍ത്തിക്കും. വെല്‍ഫെയര്‍ സ്റ്റാന്‍ഡിങ്ങ്‌ കമ്മിറ്റി ചെയര്‍മാന്‍ ,സിറ്റി പോലീസ്‌ കമ്മീഷണര്‍, നിയമവിദഗ്‌ധന്‍, ഡോക്‌ടര്‍ ,കൗണ്‍സിലര്‍ ,സോഷ്യല്‍ വെല്‍ഫെയര്‍ ഓഫീസര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ സമിതിയില്‍ ഉണ്ടാകും.
ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തനങ്ങളും ലക്ഷ്യങ്ങളും ജനങ്ങളെ മനസിലാക്കുന്നതിനായും ഇതു സംബന്ധിച്ച അവബോധം ജനങ്ങളുടെ ഇടയില്‍ സൃഷ്‌ടിക്കുന്നതിനുമായി നഗരസഭ പ്രത്യേക ബോധവല്‍ക്കരണ പരിപാടികുളും സംഘടിപ്പിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ