2013, നവംബർ 10, ഞായറാഴ്‌ച

15 കോടിയോളം രൂപ ചെലവില്‍ ആറു മീറ്റര്‍ വീതിയില്‍ മണപ്പുറത്തേക്ക്‌ കോണ്‍ക്രീറ്റ്‌ പാലം



കൊച്ചി
ആലുവ ശിവരാത്രി മണപ്പുറത്തേക്ക്‌ തൂക്കുപാലം നിര്‍മ്മിക്കേണ്ടെന്നു തീരുമാനം പകരം 15 കോടിയോളം രൂപ ചെലവില്‍ ആറു മീറ്റര്‍ വീതിയില്‍ മണപ്പുറത്തേക്ക്‌ കോണ്‍ക്രീറ്റ്‌ പാലം നിര്‍മ്മിക്കും.
ഇതിനുള്ള രൂപരേഖ തയ്യാറാക്കുന്നതിനു ഒന്‍പത്‌ ലക്ഷം രൂപയുടെ ടെന്‍ഡറായി. തൂക്കുപാലത്തിനു സുരക്ഷിതത്വക്കുറവുണ്ടെന്ന ഫൈനാന്‍സ്‌ ടെക്‌നിക്കല്‍ വിഭാഗത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്‌ പുതിയ തീരുമാനം.
മുന്‍സിപ്പല്‍ പാലത്തിനു സമീപത്തു നിന്നും മണപ്പുറം ആല്‍ത്തറ ഭാഗത്തേക്ക്‌ ആണ്‌ പാലം നിര്‍മ്മിക്കുക. ആല്‍ത്തറ ഭാഗത്തു നിന്നും മണപ്പുറം ക്ഷേത്രത്തിലേക്ക്‌ ഇറങ്ങുന്നതിനു പ്രത്യേക സൗകര്യം ഉണ്ടാക്കും . മണപ്പുറത്ത്‌ പാലം അവസാനിച്ചാല്‍ വര്‍ഷകാലത്ത്‌ പെരിയാര്‍ കരകവിഞ്ഞ്‌ ഒഴുകുമ്പോള്‍ പാലത്തിന്റെ സൗകര്യം ജനങ്ങള്‍ക്ക്‌ ലഭിക്കില്ല. ഇതു പരിഗണിച്ചാണ്‌ പാലം ആല്‍ത്തറ ഭാഗത്തേക്കു നീട്ടുന്നത്‌.
പെരിയാറിനു കുറുകെ മണപ്പുറത്തേക്ക്‌ തൂക്കുപാലം വേണമെന്ന ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്‌. പെരുമ്പാവൂര്‍ ,കിഴക്കമ്പലം ഭാഗങ്ങളിലുള്ളവര്‍ മണപ്പുറത്തേക്കു പോകാന്‍ ഓട്ടോറിക്ഷകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്‌ . ഈ സാഹചര്യത്തിലാണ്‌ അന്‍വര്‍ സാദത്ത്‌ എംഎല്‍എ തന്റെ സ്വപ്‌ന പദ്ധതിയായി നിര്‍ദ്ധിഷ്‌ട പാലം പ്രഖ്യാപിച്ച്‌ സര്‍ക്കാരിന്റെ അംഗീകാരം നേടിയത്‌. ഇതിനായി സര്‍ക്കാര്‍ 15 കോടി രൂപ വകയിരുത്തുകയും ചെയ്‌തു. രൂപരേഖയ്‌ക്കു അംഗീകാരം ലഭിച്ചാല്‍ ഉടനെ തന്നെ പാലം നിര്‍മ്മിക്കാനുള്ള നടപടികള്‍ ഉണ്ടാകുമെന്ന്‌ അന്‍വര്‍ സാദത്ത്‌ എംഎല്‍എ പറഞ്ഞു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ