2013, ഒക്‌ടോബർ 3, വ്യാഴാഴ്‌ച

വൈറ്റില മൊബിലിറ്റി ഹബില്‍ നിന്നു ള്ള ബോട്ട്‌ സര്‍വീസ്‌ പള്ളിക്കര വരെ




വൈറ്റില മൊബിലിറ്റി ഹബില്‍ നിന്നു കാക്കനാട്ടേക്കു നടത്താന്‍ നിശ്ചയിച്ചിട്ടുള്ള ബോട്ട്‌ സര്‍വീസ്‌ കടമ്പ്രയാറില്‍ പള്ളിക്കര വരെ നീട്ടുന്നു. ഇതു സംബന്ധിച്ചു ഡിപ്പാര്‍ട്ട്‌മെന്റ്‌ തലത്തില്‍ തീരുമാനമായതായി ജലഗതാഗത വകുപ്പ്‌ ഡയറക്ടര്‍ ഷാജി വി. നായര്‍ അറിയിച്ചു. ഇതിനായി കാക്കനാടുനിന്നു കടമ്പ്രയാറില്‍ ഏഴു കിലോമീറ്റര്‍ ചെളിനീക്കാനുള്ള നടപടികള്‍ ആരംഭിച്ചു. വീഗാലാന്‍ഡിന്‌ അടുത്തായി ബോട്ട്‌ക്ലബിന്റെ ബോട്ടുജെട്ടിയിലാണു തത്‌ക്കാലം എസ്‌ഡബ്ല്യുഡി ബോട്ട്‌ അടുപ്പിക്കുക. പുതിയ റൂട്ടില്‍ ഇന്‍ഫോപാര്‍ക്ക്‌, മനക്കക്കടവ്‌, പുളിശേരിക്കടവ്‌ എന്നിവിടങ്ങളിലും ബോട്ടുജെട്ടികള്‍ പണിയും. ഇവയുടെ നിര്‍മാണം ഇറിഗേഷന്‍ വകുപ്പ്‌ നിര്‍വഹിക്കും.

വൈറ്റില ഹബില്‍ ഇറിഗേഷന്‍ വകുപ്പ്‌ നിര്‍മിച്ച ബേട്ടുജെട്ടിയുടെ അനുബന്ധ ജോലികള്‍ ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്‌ട്‌. മേല്‍ക്കുരയില്‍ ഷീറ്റ്‌ വിരിക്കലും ഹബില്‍ നിന്നു ജെട്ടിയിലേക്കുള്ള വഴിയില്‍ ടൈല്‍ നിരത്തലുമാണ്‌ അവശേഷിക്കുന്നത്‌. പണി പൂര്‍ത്തിയായാല്‍ ഉടന്‍ ബോട്ട്‌ സര്‍വീസ്‌ ആരംഭിക്കാനാണു ജലഗതാഗത വകുപ്പിന്റെ തീരുമാനം.

യാത്രക്കാര്‍ക്കൊപ്പം ഇരുചക്രവാഹനങ്ങളും കയറ്റാന്‍ സാധിക്കുന്ന സ്റ്റീല്‍ ബോട്ടാണ്‌ ഇവിടെ സര്‍വീസ്‌ നടത്തുക. ഒരേസമയം 48 യാത്രക്കാര്‍ക്കും എട്ടു ബൈക്കുകള്‍ക്കും ബോട്ടില്‍ ഇടമുണ്‌ടാകും. ബോട്ടിന്റെ നിര്‍മാണം കണ്ണൂരിലുള്ള കേരള സ്‌റ്റീല്‍ ഇന്‍ഡസ്‌ട്രീസ്‌ ലിമിറ്റഡില്‍ പൂര്‍ത്തിയായിട്ടുണ്‌ട്‌. 52 ലക്ഷം രൂപയാണ്‌ ഒരു ബോട്ടിന്റെ നിര്‍മാണ ചെലവ്‌.

പള്ളിക്കര വരെയുള്ള റൂട്ടില്‍ പണികള്‍ പൂര്‍ത്തിയാകാന്‍ കാത്തുനില്‍ക്കാതെ കാക്കനാട്ടേക്കു സര്‍വീസ്‌ തുടങ്ങുമെന്ന്‌ എറണാകുളം ബോട്ട്‌ജെട്ടി ട്രാഫിക്‌ സൂപ്രണ്‌ട്‌ എം. സത്യന്‍ പറഞ്ഞു. പണികള്‍ പൂര്‍ത്തിയാകുന്ന മുറയ്‌ക്ക്‌ പള്ളിക്കരയ്‌ക്കു സര്‍വീസ്‌ നീട്ടാനാണ്‌ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. കാക്കനാടിനു പുറമെ വൈറ്റില നിന്നു തേവരയിലേക്കും ബോട്ട്‌ സര്‍വീസ്‌ നടത്തും.

വൈറ്റില ഹബില്‍ ഒന്നര വര്‍ഷം മുന്‍പ്‌ ആരംഭിച്ച ബോട്ടുജെട്ടി നിര്‍മാണം പലഘട്ടങ്ങളിലുണ്‌ടായ തടസം മൂലമാണ്‌ പൂര്‍ത്തിയാകാന്‍ വൈകിയത്‌. ജെട്ടിയില്‍ ബോട്ട്‌ അടുക്കുന്ന ഭാഗത്തെ ചെളി നീക്കലും പ്ലാറ്റ്‌ഫോം നിര്‍മാണവും ബോട്ടിലേക്കു ബൈക്കുകള്‍ കയറ്റുന്നതിനുള്ള പ്രത്യേക സംവിധാനം (റാംപ്‌) ഒരുക്കലുമാണ്‌ ഇറിഗേഷന്‍ വകുപ്പ്‌ ഏറ്റെടുത്തത്‌. ജെട്ടിയുടെ മേല്‍ക്കൂര സ്ഥാപിക്കലും ഇവിടേക്കുള്ള റോഡ്‌ നിര്‍മാണവും വൈറ്റില ഹബ്‌ സൊസൈറ്റിയാണു ചെയ്യുന്നത്‌. ഈ പണികള്‍ രണ്‌ടാഴ്‌ച്ചയ്‌ക്കകം പൂര്‍ത്തിയാകും. ഈ മാസം അവസാനമോ അടുത്തമാസം അദ്യമോ ബോട്ട്‌ സര്‍വീസ്‌ ആരംഭിക്കുമെന്നാണ്‌ ജലഗതാഗത വകുപ്പ്‌ അധികൃതര്‍ നല്‍കുന്ന സൂചന.

ബോട്ട്‌ സര്‍വീസ്‌ ആരംഭിക്കുന്നതിനു മുന്‍പായി ഇന്ധനം നിറയ്‌ക്കാനായി ഇവിടെ ഫ്യൂവല്‍ സ്റ്റേഷനും ജീവനക്കാര്‍ക്കു വിശ്രമിക്കാനായി സ്റ്റാഫ്‌ റൂമും യാത്രക്കാര്‍ക്കായി ഇന്‍ഫര്‍മേഷന്‍ സെന്ററും ഒരുക്കണമെന്ന്‌ ജലഗതാഗത വകുപ്പ്‌ ആവശ്യപ്പെട്ടിട്ടുണ്‌ട്‌. ഫ്യൂവല്‍ സ്റ്റേഷന്റെ കാര്യത്തില്‍ ധരണയായിട്ടില്ലെങ്കിലും മറ്റു സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താമെന്ന്‌ ഹബ്‌ അധികൃതര്‍ അറിയിച്ചിട്ടുണ്‌ട്‌. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ