2013, ഒക്‌ടോബർ 3, വ്യാഴാഴ്‌ച

ചിയര്‍ ഗേള്‍സിനെ ഇറക്കി തട്ടുകടവ്‌ പുഴ കലക്കിയ സിപിഎമ്മിന്‌ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധമുയരുന്നു.



ചിയര്‍ ഗേള്‍സിനെ ഇറക്കി തട്ടുകടവ്‌ പുഴ കലക്കിയ സിപിഎമ്മിന്‌ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ പ്രതിഷേധമുയരുന്നു. പറവൂരില്‍ കഴിഞ്ഞ ആഴ്‌ച നടന്ന വള്ളംകളിയില്‍ ബാംഗളൂരില്‍ നിന്നും ചിയര്‍ഗേള്‍സിനെ ഇറക്കിയതാണ്‌ വിവാദമായിരിക്കുകയാണ്‌. ഇതിന്‌ മുന്‍കയ്യെടുത്ത ഏരിയാ കമ്മറ്റി അംഗങ്ങളുടെ പേരില്‍ നടപടി വേണമെന്ന്‌ പാര്‍ട്ടിക്കുള്ളില്‍ തന്നെ ആവശ്യമുയര്‍ന്നു കഴിഞ്ഞു. ഇത്തരം പ്രവണതകളെ എതിര്‍ക്കുന്ന പാര്‍ട്ടിയാണ്‌ സിപിഎം എന്നും അതിനാല്‍ ഇതിനു മുന്‍കയ്യെടുത്ത നേതാക്കള്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്‌.

ഏതായാലും ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ ഉന്നത കമ്മറ്റികള്‍ ചര്‍ച്ച ചെയ്‌ത്‌ ഉചിതമായ നടപടി ഉണ്‌ടാവുമെന്നാണ്‌ അറിയുന്നത്‌. ചിയര്‍ഗേള്‍സിനെ ഇറക്കിയ നടപടിയില്‍ ഏരിയാക്കമ്മറ്റിയിലെ ഭൂരിഭാഗവും ഇപ്പോള്‍ത്തന്നെ എതിരാണെന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌. ഇതിനെതിരായ സംസ്ഥാന കമ്മറ്റിക്ക്‌ പരാതി നല്‍കാനും പറവൂ രിലെ ഒരു വിഭാഗം പാര്‍ട്ടി നേതാക്കള്‍ ആലോചിക്കുന്നുണ്‌ട്‌.

എന്നാല്‍ അതിനു മുന്നേ തന്നെ സംഭവം വിവാദമായ സാഹചര്യത്തില്‍ ഇതിന്‌ ഉത്തരവാദികളായ നേതാക്കള്‍ക്കെതിരേ നടപടിയുണ്‌ടാകുമെന്നാണ്‌ ലഭിക്കുന്ന സൂചന. പറവൂര്‍ വള്ളംകളിയുടെ ഭാഗമായാണ്‌ കഴിഞ്ഞ 29ന്‌ തട്ടുകടവ്‌ പുഴയില്‍ ചിയര്‍ഗേള്‍സ്‌ നിറഞ്ഞാടിയത്‌. ഒരു വള്ളംകളി വേദിയില്‍ ആദ്യമായാണ്‌ ചിയര്‍ഗേള്‍സ്‌ എത്തുന്നതെന്ന പ്രചാരണത്തോടെയാണ്‌ സംഘാടകര്‍ വള്ളംകളി ആഘോഷമാക്കിയത്‌.

ഒരു ക്ലബ്ബിന്റെ പേരില്‍ സംഘടിപ്പിച്ച വള്ളംകളിയുടെ സംഘാടകര്‍ യഥാര്‍ഥത്തില്‍ സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വമായിരുന്നു. ചിറ്റാട്ടുകര ഗ്രാമപഞ്ചായത്തിലെ പാര്‍ട്ടി നേതാക്കളില്‍ പലരും വള്ളംകളിക്കു വേണ്‌ടി സജീവമായി രംഗത്തുണ്‌ടായിരുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും നേതാക്കള്‍ വള്ളംകളിയുടെ ഉദ്‌ഘാടന ചടങ്ങിലും പങ്കെടുത്തിരുന്നു. എന്നാല്‍ വള്ളംകളിക്കു ശേഷം നടന്ന പാര്‍ട്ടി യോഗങ്ങളില്‍ കടുത്ത വിമര്‍ശനമാണ്‌ ഉയര്‍ന്നത്‌. ചിയര്‍ഗേള്‍സിനെ രംഗത്തിറക്കിയത്‌ നാടിന്റെ സംസ്‌കാരത്തിന്‌ യോജിച്ചതായില്ലെന്നും പാര്‍ട്ടിക്കത്‌ നാണക്കോടുണ്‌ടാക്കിയെന്നും പലരും തുറന്നടിച്ചു.

ഇതിന്‌ മുന്‍ കയ്യെടുത്തവര്‍ക്കെതിരേ പാര്‍ട്ടി നടപടി സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നു. ബംഗളൂരില്‍ നിന്നും ചിയര്‍ ഗേള്‍സിനെ കൊണ്‌ടുവരാന്‍ രണ്‌ടു ലക്ഷം രൂപ മുടക്കിയിരുന്നു. എന്നാല്‍ ഇവര്‍ ബാംഗളൂരില്‍ നിന്നും എത്തിയവരല്ല മലയാളികള്‍ തന്നെയാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു. പാര്‍ട്ടി വനിതാ അംഗങ്ങളുള്‍പ്പടെയുള്ളവരാണ്‌ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ