2013, ഒക്‌ടോബർ 8, ചൊവ്വാഴ്ച

പെരുമ്പാവൂര്‍ റയോണ്‍സ്‌ എന്ന ചെട്ടിയാരുടെ ഭൂതം



രാസവളത്തേയും ഫാക്‌ടറികളേയും ഒരുകാലത്ത്‌ കയ്യും മെയ്യും മറന്നു നാം സ്വീകരിച്ചു. പെരിയാറിനടുത്തു അതിമനോഹരമായ ഭൂമിയും കുറഞ്ഞനിരക്കില്‍ വൈദ്യുതിയും നല്‍കി സ്വീകരിച്ച ജനങ്ങള്‍ ഇന്നു നെഞ്ചില്‍ കൈവെച്ചു പറയുന്നു ഇടം കൊടുത്തത്‌ രാക്ഷസനെയായിരുന്നു.നാട്ടുകാര്‍ക്കു മുഴുവനും ജോലികിട്ടും നാട്‌ നഗരമാകുമെന്നൊക്കെയാണ്‌ അന്ന്‌ സ്വപ്‌നം കണ്ടത്‌. എന്നാല്‍ ആ തലമുരയുടെ സന്തതികള്‍ ഇന്ന്‌ ദുരിതം പേറുന്നു. ചരല്‍ നിറഞ്ഞ അടിത്തട്ട കണ്ടിരുന്ന പെരിയാര്‍ ഇന്നു മലിനമായി. കുടിക്കാന്‍ കിട്ടുന്നത്‌ വിഷം കലര്‍ന്ന വെള്ളം , കഴിക്കാന്‍ കിട്ടുന്നത്‌ വിഷം തിന്നു ചത്തുമലച്ച മത്സ്യങ്ങളും. വ്യവസായവല്‍ക്കരണമെന്ന തരംഗത്തിലെത്തിയ പെരുമ്പാവൂര്‍ റയോണ്‍സ്‌ ആണ്‌ ഇതിനുത്തമ ഉദാഹരണം. ഏറെക്കാലമൊന്നും പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചില്ലങ്കിലും റയോണ്‍സ്‌ എന്നും പ്രശ്‌നം ഉണ്ടാക്കുന്ന കാര്യത്തില്‍ മുന്നിലായിരുന്നു.
തുറന്നും അടച്ചും പിന്നെയും തുറന്നും ഇപ്പോള്‍ അടച്ചുപൂട്ടിയ പെരുമ്പാവൂര്‍ റയോണ്‍സ്‌ ഫാക്‌ടറിക്കു സമീപമുള്ളവര്‍ കുടിവെള്ളം കിട്ടാനാവാത്ത നിലയില്‍. സമീപവാസികള്‍കള്‍ക്കു കുടിക്കാന്‍ കിട്ടുന്നതാകട്ടെ , ഭൂമിക്കടിയില്‍ നിന്നും വരുന്ന രാസമാലിന്യം കലര്‍ന്ന ജലം .

പെരുന്വാവൂര്‍ നഗരസഭയിലെ വല്ലം പ്രദേശത്ത്‌ 74 ഏക്കറോളം വരുന്ന റയോണ്‍സ്‌ ഫാക്‌ടറി അടച്ചുപൂട്ടിയത്‌ സര്‍ക്കാര്‍ ഏറ്റെടുത്തുവെങ്കിലും സമീപവാസികളായ മൂന്നൂറോളം വീട്ടുകാര്‍ കുടിവെള്ളത്തിനായി പരക്കം പായുകയാണ്‌. കമ്പനി പുകക്കുഴലുകള്‍ വഴി എത്തുന്ന രൂക്ഷഗന്ധവും ഭൂമിക്കടയില്‍ പുറത്തേക്കു വിടുന്ന രാസമാലിന്യങ്ങള്‍ മൂലവും മാരക രോഗങ്ങള്‍ലക്കു അടിമപ്പെട്ടു മരിച്ചവര്‍ നിരവധിയാണ്‌. ഇന്ന്‌ മരണം മുന്നില്‍ കണ്ടു ജീവിക്കുന്നവരും ഈ പ്രദേശത്തുണ്ട്‌.
2002ല്‍ കമ്പനി താല്‍ക്കാലികമായി ലേ ഓഫിന്റെ പേരില്‍ പൂട്ടിയെങ്കിലും രാസമാലിന്യങ്ങളുടെ ഒഴുക്ക്‌ നിലച്ചില്ല. പ്രദേശത്ത്‌ പുതിയ കിണര്‍ കുഴിച്ചാല്‍ പോലും മഞ്ഞ നിറത്തില്‍ വരുന്ന ജലം ആണ്‌ കാണപ്പെടുന്നത്‌.അരനൂറ്റാണ്ട്‌ മുന്‍പ്‌ പ്രദേശത്ത്‌ പൈപ്പ്‌ ലൈന്‍ സ്ഥാപിക്കുകയും 25 വര്‍ഷം മുന്‍പ്‌ പെരുമ്പാവൂര്‍ കാരിയേറിപ്പുറം കനാല്‍ വഴി മറ്റൊരു ഭാഗത്തേക്കു മാലിന്യം ഒഴുകുവാന്‍ പൈപ്പ്‌ സ്ഥാപിക്കുകയും ചെയ്‌തു. തുടര്‍ന്നും കുടിവെള്ളം ലഭിക്കാതെ വന്നപ്പോള്‍ 10 വര്‍ഷം മുന്‍പ്‌ വല്ലം പമ്പ്‌ ഹൗസിനു സമീപം മിനി ഫില്‍ട്ടര്‍ ടാങ്കും സ്ഥാപിച്ചു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഈ പദ്ധതിയും അവതാളത്തിലായതോടെ ജനങ്ങള്‍ വീണ്ടും ദുരിതത്തിലായി. കമ്പനിയ്‌ക്കായി പെരിയാര്‍ തീരത്ത്‌ അത്യാധൂനിക പമ്പുകള്‍ സ്ഥാപിച്ചത്‌ പ്രദേശത്തുകാര്‍ക്കു ഗുണം ലഭിക്കുന്ന വിധത്തിലാകണമെന്നും കൃഷിയിടങ്ങളിലും കിണറുകളിലും കുടിവെള്ള സ്‌ത്രേതസ്സുകളും പുനരുജ്ജീവിപ്പിക്കാന്‍ നിലവിലുള്ള ജലസേചന കനാലുകള്‍ പുനര്‍ നിര്‍മ്മിക്കണമെന്നും ആവശ്യപ്പെട്ട്‌ വ്യവസായ മന്ത്രി,ജലവിഭവ മന്ത്രി ,ജില്ലാ കലക്‌ടര്‍ എന്നിവര്‍ക്കും പ്രദേശവാസികള്‍ പരാതി നല്‍കിയിട്ടുണ്ട്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ