2013, ഒക്‌ടോബർ 8, ചൊവ്വാഴ്ച

ഓള്‍ഡ്‌ റെയില്‍വേ സ്‌റ്റേഷന്‍ റെയില്‍വേ കയ്യൊഴിയുന്നു








മെട്രോ റെയില്‍ നിര്‍മ്മാണം പുരോഗമിക്കുമ്പോള്‍ നഗരത്തിലെ ഗതാത കുരുക്കിനു പരിഹാരമാകുമെന്ന എറണാകുളം ഓള്‍ഡ്‌ റെയില്‍വേ സ്റ്റേഷന്‍ വികസനം കടലാസില്‍ ഒതുങ്ങുന്നു. ആറ്‌ കേന്ദ്രമന്ത്രിമാര്‍ കേരളത്തില്‍ നിന്നും ഉണ്ടായിട്ടും കാര്യങ്ങളൊന്നും ഇഞ്ചു പോലും മുന്നോട്ടു നീങ്ങുന്നില്ല.
കാലങ്ങളായി കാടുപിടിച്ചു കിടക്കുന്ന റെയില്‍വേ സ്റ്റേഷന്‍ പുനര്‌നിര്‍മ്മിക്കുകയാണെങ്കില്‍ നഗരത്തിലെ ഗതാഗത കുരുക്കിനും നോര്‍ത്ത്‌, സൗത്ത്‌ റെയില്‍വേ സ്റ്റേഷനുകളിലെ തിരക്കിനും പരിഹാരമാകുമെന്ന്‌ ചൂണ്ടുക്കാണിക്കപ്പെടുന്നു. ശക്തമായ ജനവികാരം ഉണ്ടായിട്ടും വികസനത്തിനു തടസമായി നില്‍ക്കുന്നത്‌ രാഷ്‌ട്രീയ ഇച്ഛാശക്തി ഇല്ലായ്‌മയാണെന്നു എറണാകുളം ഓള്‍ഡ്‌ റെയില്‍വെ സ്റ്റേഷന്‍ വികസന സമിതി അഭിപ്രായപ്പെടുന്നു.
1925ല്‍ വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുക്കാന്‍ മഹാത്മാഗാന്ധി വന്നിറങ്ങിയത്‌ ഈ റെയില്‍വേ സ്റ്റേഷനിലാണ്‌.ആ ഓര്‍മ്മകളും ഈ റെയില്‍വേ സ്റ്റേഷന്റെ ബ്രിട്ടീഷ്‌ ശൈലിയിലുള്ള രൂപകല്‍പ്പനയും അതിമനോഹരമാണ്‌. അതേപോലെ നഗരത്തിനകത്തെ ഈ ശാന്തമായ പരിസ്ഥിതിയും ഓള്‍ഡ്‌ റെയില്‍വെ സ്റ്റേഷനെ വ്യത്യസ്ഥമാക്കുന്നു.42 ഏക്കറില്‍ മംഗളവനത്തോടു ചേര്‍ന്നു കിടക്കുന്ന ഈ സ്റ്റേഷനെ പരിസ്ഥിതിക്കു കോട്ടം തട്ടാത്ത വിധത്തില്‍ ബഹുനിലകള്‍ പണിതുയര്‍ത്താതെയും നിലവിലുള്ള വിക്‌ടോറിയന്‍ ശൈലി കൈവിടാതെയും ഇക്കോ ഫ്രെണ്ട്‌ലി റെയില്‍വേ സ്റ്റേഷന്‍ ആക്കിമാറ്റുകയാണ്‌ വേണ്ടത്‌.
എന്നാല്‍ ഇന്ന്‌ വളരെ നാളായി സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയിരിക്കുന്ന ഓള്‍ഡ്‌ റെയില്‍വേ സ്റ്റേഷന്റ സ്ഥിതി വളരെ ശോചനീയമാണ്‌. കാടുപിടിച്ചും ദ്രവിച്ചും എതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്‌ ഇപ്പോള്‍ സ്റ്റേഷന്‍ സ്ഥിതിചെയ്യുന്നത്‌.
കൊച്ചി മഹാരാജാവ്‌ രാമവര്‍മ്മയുടെ കാലത്താണ്‌ സ്റ്റേഷന്‍ നിര്‍മ്മിച്ചത്‌. 1902 ജൂലൈ 16നാണ്‌ ആദ്യ തീവണ്ടി ഇവിടെ എത്തിയത്‌. 1960 വരെ പാസഞ്ചര്‍ ട്രെയ്‌നുകളും സ്റ്റേഷനില്‍ എത്തിയിരുന്നു. പിന്നീട്‌ സൗത്ത്‌ , നോര്‍ത്ത്‌ റെയില്‍വെ സ്റ്റേഷനുകള്‍ വികസിച്ചതോടെ 2001ല്‍ സ്റ്റേഷന്‍ ഗുഡ്‌സ്‌ ഷെഡ്‌ ആക്കി മാറ്റി. എന്നാല്‍ പിന്നീട്‌ അതു നിലച്ചു. ആറ്‌ പ്ലാറ്റ്‌ഫോമുകളും ടെയ്‌നുകള്‍ നിര്‍ത്തിയിടാന്‍ പ്രത്യേക സൗകര്യങ്ങളോടുകൂടിയ ടെര്‍മിനനസ്‌ സ്റ്റേഷന്‍ ആക്കി മാറ്റുവാനുള്ള പദ്ധതി റെയില്‍വെയുടെ പരിഗണനയില്‍ ഉണ്ട്‌. നാല്‌ വര്‍ഷം കഴിഞ്ഞിട്ടും റെയില്‍വെ അധികൃതരുടെ ഭാഗത്തു നിന്നു ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. റെയില്‍വെ സ്റ്റേഷന്‍ പുനര്‍ നിര്‍മ്മിച്ചാല്‍ കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരമാകും. എറണാകുളത്തു നിന്നും ഇടപ്പള്ളി, കളമശേരി,ആലുവ , അങ്കമാലി , ചാലക്കുടി തുടങ്ങി തൃശൂര്‍ വരെ നീളുന്ന സബര്‍ബന്‍ ട്രെയിന്‍ ഓടിക്കാനും പദ്ധതി തയാറാക്കിയിരുന്നു.
ജിസിഡിഎയും കൊച്ചിന്‍ കോര്‍പ്പറേഷനും ഓള്‍ഡ്‌ റെയില്‍വെ സ്റ്റേഷന്‍ പുനര്‍ നിര്‍മ്മിക്കുന്നതിനു വേണ്ടി രംഗത്തുണ്ട്‌. എന്നാല്‍ പ്രധാന വെല്ലുവിളി റെയില്‍വേ സ്റ്റേഷന്‍ പരിസരം ഇതുവരെ കാടുപിടിച്ചു കിടന്നതിനാല്‍ അവിടെ കയ്യേറി താമസിച്ചിരിക്കുന്ന കുടുംബങ്ങളെ ഒഴിപ്പിക്കുന്നതാകും. സംസ്ഥാന സര്‍ക്കാരും കൊച്ചി നഗരസഭയും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കട്ടേ എന്ന നിലപാടിലാണ്‌ റെയില്‍വേ. 40ഓളം കുടുംബങ്ങളാണ്‌ റെയില്‍വേ പരിസരം കയ്യേറി വളച്ചെടുത്തു കുടില്‍കെട്ടി താമസിക്കുന്നത്‌. ഇവരെ പുനരധിവസിപ്പിക്കേണ്ട ചുമതല ഏല്‍ക്കാന്‍ ആരും തയാറല്ല. ഇതാണ്‌ ഓള്‍ഡ്‌ റെയില്‍വേ സ്റ്റേഷന്‍ പുനരുദ്ധാരണം നേരിടുന്ന പ്രധാന ഭീഷണി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ