മറയുന്ന കാഴ്‌ചകള്‍ക്കൊപ്പം ...മായുന്ന ഓര്‍മ്മകളുടെ വാര്‍ധക്യത്തില്‍... ഒറ്റപ്പെടലിന്റെ വേദനകളെ ഒത്തൊരുമയോടെ അതിജീവിക്കുകയാണ് വൃദ്ധസദനങ്ങളിലെ അന്തേവാസികള്‍. സ്‌നേഹവും സാന്ത്വനവുമായി കൈത്താങ്ങ് ആകേണ്ട മക്കളും ബന്ധുക്കളും കൊണ്ടുവന്നു ഉപേക്ഷിച്ചവരും സ്വയം വന്നു അഭയം തേടിയവരും ഇവിടെയുണ്ട്.
വാര്‍ധക്യത്തിന്റെ അവശതകളിലും സ്‌നേഹവും കാരുണ്യവുമായി പരസ്‌പരം തണലായി കഴിയുകയാണ് വൃദ്ധസദനത്തിലെ അന്തേവാസികള്‍ . 60 വയസുമുതല്‍ 90 വയസുവരെയുള്ളവര്‍ വിവിധ സദനങ്ങളിലായി ജീവിത സായാന്തനങ്ങള്‍ കഴിച്ചുകൂട്ടുന്നു. എടയ്‌ക്കാട്ടുവയല്‍ ചെത്തിക്കോട്ട് സൗഖ്യ സദനത്തിലെ ഓരോ അന്തേവാസിയ്‌ക്കും പറയാനുണ്ട് വാര്‍ധക്യത്തിലെ ഒറ്റപ്പെടലിന്റെ ഒരുപാട് കാര്യങ്ങള്‍ . ബുദ്ധി വളര്‍ച്ചയില്ലാത്ത ടൈറ്റസുമായി വൃദ്ധസദനത്തിന്റെ പടികയറിയതാണ് ക്ലാരമ്മ. ഏക മകളാണ് സഹോദരനെയും അമ്മയേയും ഇവിടെ കൊണ്ടുവന്നത്. കേള്‍വിശേഷിയും സംസാര ശേഷിയും ഇല്ലാത്ത ത്രേസ്യാമ്മ-റോസമ്മ സഹോദരങ്ങളും ഇവിടെ ഒന്നിച്ചെത്തിയതാണ്. 20 വര്‍ഷം മുന്‍പ് സൗഖ്യ സദനത്തിലെത്തയതാണ് 80 കാരി മരിയ . വാര്‍ധക്യത്തിന്റെ അവശതകള്‍ മറക്കാന്‍ വിധിയെ സ്‌നേഹിച്ചു പരിലാളിച്ചു കഴിയുകയാണ് മരീയേറ്റ.82 വയസുള്ള മത്തായിച്ചേട്ടനും വര്‍ഷങ്ങളായി ഇവിടെ അന്തേവാസിയാണ്. സദനത്തിന്റെയും കൂടെയുള്ളവരുടേയും കാര്യങ്ങള്‍ നോക്കി അവശതകള്‍ മറന്ന് ഊര്‍ജ്‌സ്വലനാണ് മത്തായിച്ചേട്ടന്‍. മക്കള്‍ സമൂഹത്തില്‍ ഉന്നതനിലയില്‍ ജീവിക്കുമ്പോഴും വൃദ്ധസദനത്തിന്റെ ചുമരുകള്‍ക്കുള്ളില്‍ കഴിയാന്‍ വിധിക്കപ്പെട്ടവരുമുണ്ട്. 90 വയസുള്ള ത്രേസ്യ അമ്മൂമ്മയുടെ മക്കളില്‍ ഒരാള്‍ അഡ്വക്കേറ്റും മറ്റരാള്‍ പ്രൊഫസറും ഒരാള്‍ എഞ്ചിനിയറുമാണ്. എഞ്ചിനീയറായ മകനാണ് തന്നെ ഇവിടെ കൊണ്ടുവന്ന് ആക്കിയതെന്നു ത്രേസ്യ അമ്മൂമ്മ പറയുന്നു.
ആളുകള്‍ ഉണ്ടെങ്കിലും നോക്കാന്‍ ആളുകളില്ലാത്തതുകൊണ്ട് ഇവിടെ എത്തിയതെന്നു പറയുന്ന മറിയക്കുട്ടിയും വൈകല്യമുള്ള മകനുമായി ക്ലാരമ്മയും ഒറ്റപ്പെടുമ്പോഴും മക്കളെ തള്ളിപ്പറയാത്ത സൗദാമിനിയമ്മയും എല്ലാം ജീവിത സായാന്തനം വൃദ്ധ സദനത്തില്‍ തള്ളി നീക്കുകയാണ്.
അപ്പോഴും ഇവിടെ അവര്‍ സുരക്ഷിതത്വവും സ്‌നേഹ പരിചരണവും നല്‍കും. എല്ലാം മറന്ന്.
ജീവിത സായാഹ്നത്തില്‍ ഒറ്റപ്പെടലിന്റെ വേദന പേറുന്നവര്‍ക്ക് സാന്ത്വനമേകി സൗഖ്യ സദന്‍ 20 വയസ് പൂര്‍ത്തിയാക്കുന്നു. അണുകുടുംബ വ്യവസ്ഥിതി കുടുംബത്തില്‍ നിന്നും തിരസ്‌കരിക്കപ്പെടുന്ന വയോജനങ്ങള്‍ക്ക് ജാതിഭേദമില്ലാതെ അഭയം നല്‍കുകയാണ് സൗഖ്യസദന്‍.
എറണാകുളം-അങ്കമാലി അതിരൂപത വെല്‍ഫെയര്‍ സര്‍വീസസിന്റെ നേതൃത്വത്തല്‍ തൃപ്പൂണിത്തുറയ്‌ക്ക് അടുത്തുള്ള എടയ്‌ക്കാട്ടുവയല്‍ പഞ്ചായത്തില്‍ ചെത്തിക്കോടാണ് സൗഖ്യസദന്‍ വയോജന മന്ദിരം പ്രവര്‍ത്തിക്കുന്നത്. 1993 ഒക്‌ടോബര്‍ 2നു ഏഴ് അന്തേവാസികളുമായി ആരംഭിച്ച ഈ സ്ഥാപനത്തില്‍ ഇപ്പോള്‍ 15 പുരുഷന്മാരും 35 സ്‌ത്രീകളും അന്തേവാസികളായിട്ടുണ്ട് .അവരെ ശുശ്രൂഷിക്കുന്നതിനായി അഞ്ച് സിസ്റ്റേഴ്‌സും സഹായികളുമുണ്ട്. 20 വര്‍ഷത്തിനകം ഏകദേശം 250 പേര്‍ക്ക് ഈ സ്ഥാപനം തണലായിക്കഴിഞ്ഞു. ഇവിടെയുള്ളവര്‍ക്കും സമീപ പ്രദേശത്തുള്ളവര്‍ക്കും പരിചരണവും കൗണ്‍സിലിങ്ങിന്റെ സേവനവും സൗഖ്യസദന്‍ നല്‍കി വരുന്നുണ്ടെന്ന് വെല്‍ഫെയര്‍ സര്‍വീസസ് അസിസ്റ്റന്റ് ഡയറക്‌ടര്‍ ഫാ. സേവി പടിക്കപ്പറമ്പില്‍ പറഞ്ഞു.
സൗഖ്യസദനത്തിലെ പൂന്തോട്ടവും മുയല്‍ ഫാമും ഒക്കെ നടത്തിക്കൊണ്ടു പോകുന്നതില്‍ സിസ്റ്റേഴ്‌സിനെ സഹായിക്കുന്നതിനു ഇവിടത്തെ അന്തേവാസികള്‍ സമയം കണ്ടെത്തുന്നത്. മാനസിക ഉല്ലാസത്തിനു സഹായിക്കുന്നുവെന്ന് സുപ്പീരിയര്‍ സിസ്റ്റര്‍ സ്റ്റാന്‍സി പറയുന്നു.വീട്ടുകാരുമായി വഴക്ക് ഉണ്ടാക്കി എത്തിയവരും ഇവിടെ ഉണ്ടായിട്ടുണ്ട്.അവരെ കൗണ്‍സിലിങ്ങ് നടത്തി വീടുകളിലേക്കു മടക്കി അയച്ചിട്ടുണ്ട്.. മോണ്‍.അഗസ്റ്റിന്‍ കണ്ടത്തിലിന്റെ മനസില്‍ വിരിഞ്ഞ ആശയമാണ് സൗഖ്യസദനം .വെല്‍ഫെയര്‍ സര്‍വീസസിന്റെ ഡയറക്‌ടര്‍ പോള്‍ ആണ് ഇവിടത്തെ ചുമതലകള്‍ വഹിക്കുന്നത്. സിസ്റ്റര്‍ സ്റ്റാന്‍സിയുടെ നേതൃത്വത്തിലുള്ള കന്യാസ്‌ത്രീകളാണ് സേവനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ