2013, ഒക്‌ടോബർ 4, വെള്ളിയാഴ്‌ച

മെട്രോ : സൗത്ത്‌ റെയില്‍വേ മേല്‍പ്പാലത്തിന്റെ വീതികൂട്ടേണ്‌ടിവരും.




മെട്രോ നിര്‍മാണത്തിന്റെ ഭാഗമായി സൗത്ത്‌ റെയില്‍വേ മേല്‍പ്പാലത്തിന്റെ വീതി കൂട്ടുന്ന കാര്യം പരിഗണിക്കുന്നു. മെട്രോ റെയിലിന്റെ അലൈന്‍മെന്റ്‌ മാറ്റുന്നതുമായി ബന്ധപ്പെട്ട്‌ മേയര്‍ ടോണി ചമ്മണിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത്‌ പരിശോധന നടത്തി. പാലത്തിന്റെ ഇരുവശവും മൂന്നു മീറ്റര്‍ വീതം വീതികൂട്ടേണ്‌ടിവരുമെന്നു മേയര്‍ ടോണി ചമ്മണി പറഞ്ഞു.

പാലം പൊളിച്ച്‌ പണിയേണ്‌ടതുണേ്‌ടാ എന്നു ചര്‍ച്ച ചെയ്‌തു തീരുമാനിക്കും. അലൈന്‍മെന്റിലെ വ്യത്യാസം നേരിട്ടു കണ്‌ട്‌ മനസിലാക്കാനാണ്‌ പരിശോധന നടത്തിയതെന്ന്‌ അദ്ദേഹം വ്യക്തമാക്കി. നിലവിലെ അലൈന്‍മെന്റ്‌ അനുസരിച്ച്‌ സൗത്ത്‌ പാലത്തിന്റെ വടക്കുവശത്തെ നിരയിലുള്ള കെട്ടിടങ്ങള്‍ പൊളിക്കേണ്ടിവരും എന്നാല്‍ പുതിയ അലൈന്‍മെന്റില്‍ ഭൂമിയേറ്റെടുക്കല്‍ ഒഴിവാക്കാനാകും.

നിലവില്‍ സൗത്തില്‍നിന്നു റെയില്‍വേ ലൈന്‍ കടന്ന്‌ മേല്‍പ്പാലത്തിന്റെ വടക്കുവശത്തുകൂടിയാണ്‌ അലൈന്‍മെന്റ്‌. ഇവിടെ റെയില്‍വേ ലൈന്‍ മുതല്‍ പനമ്പിള്ളിനഗര്‍ ജംഗ്‌ഷന്‍ വരെ സൗത്ത്‌ പാലത്തിന്റെ വടക്കുവശത്ത്‌ ഒരേനിരയിലുള്ള കെട്ടിടങ്ങള്‍ പൊളിക്കേണ്‌ടിവരും. പകരം ഉദ്ദേശിച്ചിരിക്കുന്ന രൂപരേഖയില്‍ സൗത്തില്‍നിന്ന്‌ റെയില്‍വേലൈന്‍ കടന്ന്‌ പാലത്തിലെ നടപ്പാതയോടു ചേര്‍ന്നുവരും മെട്രോയുടെ തൂണ്‍.

ഇതുമൂലം പാലത്തിന്റെ വീതി കുറയും. വീതി കൂട്ടുന്നതിനു പാലത്തിന്റെ തെക്കുവശത്ത്‌ റിബണ്‍ പോലെ രണ്‌ടു സെന്റ്‌ സ്ഥലം ഏറ്റെടുക്കും. പുതിയ അലൈന്‍മെന്റ്‌ സ്വീകാര്യമാണെന്നാണു കരുതുന്നതെന്നു മേയര്‍ പറഞ്ഞു. ടൗണ്‍ പ്ലാനിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ കെ.ജെ. സോഹന്‍, പ്രതിപക്ഷ നേതാവ്‌ കെ.ജെ. ജേക്കബ്‌, ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ പ്രിന്‍സിപ്പള്‍ ഡയറക്ടര്‍ പി. ശ്രീറാം, ചീഫ്‌ എന്‍ജിനീയര്‍ കേശവചന്ദ്രന്‍ തുടങ്ങിയവര്‍ സ്ഥലപരിശോധനയില്‍ പങ്കെടുത്തു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ