2013, ഒക്‌ടോബർ 12, ശനിയാഴ്‌ച

കുഞ്ഞുമോന്‍ പറയുന്നു മാലിന്യം തരൂ... ഞാന്‍ വളമാക്കാം





മാലിന്യം എവിടെ തള്ളണമെന്നറിയാതെ കുഴങ്ങുന്നവര്‍ക്കു രക്ഷകനാവുകയാണ്‌ കുഞ്ഞുമോന്‍. പ്ലാസ്റ്റിക്ക്‌ വേസ്റ്റ്‌ ഉള്‍പ്പെടെ 10 ടണ്‍ മാലിന്യമാണ്‌ കുഞ്ഞുമോന്‍ ഒരു ദിവസം ശേഖരിക്കുന്നത്‌. ജൈവ, പ്ലാസ്റ്റിക്ക്‌ മാലിന്യങ്ങള്‍ തരംതിരിക്കുകയാണ്‌ ആദ്യജോലി. പ്ലാസ്റ്റിക്ക്‌ മാലിന്യങ്ങള്‍ റീസൈക്കിളിംഗിനായി വിവിധ കമ്പനികള്‍ സംസ്‌കരണശാലയില്‍ നിന്ന്‌ നേരിട്ടു ശേഖരിക്കും. ഖരമാലിന്യങ്ങള്‍ ഡോ. ജോഷി ചെറിയാന്റെ സോളിഡ്‌ സ്‌റ്റേറ്റ്‌ ഏയ്‌റോബിക്ക്‌ ഫെര്‍മെന്റേഷന്‍ ടെക്‌നോളജി ഉപയോഗിച്ചാണ്‌ സംസ്‌കരിച്ച്‌ വളമാക്കുന്നത്‌. ഇത്‌ നേരിട്ടു കര്‍ഷകര്‍ക്ക്‌ വിലക്കുറച്ചു നല്‍കുകയാണു ചേര്‍ത്തല കാളികുളം കുറവന്‍വെളിയില്‍ അമല എന്റര്‍പ്രൈസസ്‌ എന്ന സ്ഥാപനം നടത്തുന്ന കുഞ്ഞുമോന്‍.

കുഞ്ഞുമോന്റെ മാലിന്യ വണ്‌ടികള്‍ ആരും തടയാറില്ല, കാരണം അത്‌ സംസ്‌കരിക്കുന്നിടത്തു ദുര്‍ഗന്ധം എന്നൊന്നില്ല. വീടിനോടു ചേര്‍ന്ന്‌ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നിടത്താണു കുഞ്ഞുമോന്റെ ഏഴു സെന്റ്‌ സ്ഥലത്തുള്ള മാലിന്യ സംസ്‌കരണ കേന്ദ്രം. ആലപ്പുഴ ജില്ലയില്‍ അരൂര്‍ മുതല്‍ ചേര്‍ത്തല നഗരസഭയുടെ മുഴുവന്‍ മാലിന്യങ്ങളും സംസ്‌കരിക്കുന്നത്‌ ഇവിടെയാണ്‌. മാലിന്യം കൊണ്‌ടു വരുമ്പോഴുള്ള ചെറിയൊരു ഗന്ധം മാത്രമേ ഇവിടെയുള്ളു. തരംതിരിച്ച്‌ ബാക്ടീരിയ അടങ്ങിയ ചകിരിച്ചോര്‍ മാധ്യമം ഇടുന്നതോടെ ഈ ചെറിയ മണവും ഇല്ലാതാകും. നാലു കൊല്ലമായി മാലിന്യ സംസ്‌കരണത്തിന്‌ പലമാര്‍ഗങ്ങള്‍ നോക്കിപരാജയപ്പെട്ടതിനൊടുവിലാണ്‌ ഡോ. ജേഷിചെറിയാനുമായി കുഞ്ഞുമോന്‍ കണ്‌ടുമുട്ടുന്നത്‌. അദ്ദേഹത്തിന്റെ ടെക്‌നോളജി ഉപയോഗിക്കാന്‍ തുടങ്ങിയിട്ട്‌ ഏഴുമാസമായി. കടകളിലെ മാലിന്യമാണ്‌ പ്രധാനമായും കുഞ്ഞുമോന്‍ ശേഖരിക്കുന്നത്‌.

ഓരോ കടയിലും മാലിന്യം നിക്ഷേപിക്കുന്നതിന്‌ ബിന്നുകള്‍ നല്‍കിയിട്ടുണ്‌ട്‌. വൈകുന്നേരത്തോടെ ഇതു ശേഖരിക്കും. മാലിന്യത്തിന്റെ അളവനുസരിച്ച 20 മുതല്‍ 600 രൂപവരെ കടക്കാരില്‍ നിന്നു വാങ്ങും. നേരത്തേ 45,000 രൂപ ഗ്രാന്‍ഡ്‌ സര്‍ക്കാര്‍ നല്‍കിയിരുന്നെങ്കിലും പിന്നീട്‌ നിര്‍ത്തലാക്കി. ഇങ്ങനെ നിര്‍മിക്കുന്ന വളം എടുക്കുന്നത്‌ സ്വകാര്യവ്യക്തികളാണ്‌. സര്‍ക്കാര്‍ തലത്തില്‍ വളം എടുക്കാനെങ്കിലുമുള്ള നടപടി സ്വീകരിച്ചാല്‍ കൂടുതല്‍ മാലിന്യം സംസകരിക്കുവാന്‍ സാധിക്കുമെന്ന്‌ കുഞ്ഞുമോന്‍ പറയുന്നു. നിലവിലുള്ള പ്രവര്‍ത്തിക്കാത്ത മാലിന്യ സംസ്‌കരണ ശാലകള്‍ തന്നെ ഏല്‍പ്പിച്ചാല്‍ കുറഞ്ഞചെലവില്‍ മാലിന്യം സംസ്‌കരിച്ച്‌ ബാക്കിയുള്ള സ്ഥലത്ത്‌ ഇതുപയോഗിച്ച്‌ കൃഷിയും ചെയ്യുമെന്ന്‌ കുഞ്ഞുമോന്‍ പറയുന്നു. 16 തൊഴിലാളികളാണ്‌ കുഞ്ഞുമോന്റെ പ്ലാന്റിലുള്ളത്‌. ഇവര്‍ 12,000-16,000 രൂപവരെ മാസശമ്പളം വാങ്ങിക്കുന്നു. ഒരുജില്ലയിലെ മാലിന്യം മുഴുവന്‍ സംസ്‌കരിക്കാന്‍ വെറു പത്തേക്കക്കര്‍ മാത്രം മതി. മാലിന്യ സംസ്‌കണത്തിനായി കോടികള്‍ ചെലവിടുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇതിന്റെ നാലിലൊരു ഭാഗം തന്നാല്‍ താന്‍ മാലിന്യ സംസ്‌കരണം മണവും മലിനീകരണവുമില്ലാതെ നടത്തി കൊടുക്കാമെന്നും കുഞ്ഞുമോന്‍ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 9387095287. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ