2021, നവംബർ 26, വെള്ളിയാഴ്‌ച

പി എം എ വൈ ഭവനങ്ങള്‍ക്ക് ദുരന്തങ്ങളെ പ്രതിരോധിക്കുന്ന രൂപകല്‍പന വേണം: വി ഡി സതീശന്‍



കൊച്ചി- കാവാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന ഗുരുതരമായ ഭീഷണികളുടെ പശ്ചാത്തലത്തില്‍ സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് വേണ്ടി നടപ്പിലാക്കുന്ന  ലൈഫ് മിഷന്‍ കേരള, പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) ഭവന പദ്ധതികള്‍ ദുരന്തങ്ങളെ പ്രതിരോധിക്കുന്ന വിധത്തില്‍ പുതുക്കി രൂപകല്‍പന ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എട്ടാമത് ഇന്ത്യ ഹൗസിംഗ് ഫോറത്തില്‍ നിര്‍ദേശിച്ചു. ചെലവു കുറഞ്ഞ ദുരന്ത പ്രതിരോധ വീടുകള്‍ക്കായി പുതിയ ഡിസൈനുകള്‍ രൂപകല്‍പന ചെയ്യാന്‍ ഇന്ത്യ ഹൗസിംഗ് ഫോറം മുന്‍കൈയെടുക്കണമന്നും ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ പ്രതിപക്ഷ നേതാവ് പറഞ്ഞു.
കഴി്ഞ്ഞ ഏതാനം വര്‍ഷങ്ങളായി കേരളം കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തഫലങ്ങള്‍ അനുഭവിക്കുകയാണ്. ആഗോള ഏജന്‍സികള്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ കണക്കിലെടുത്തു വേണം ഇനിയങ്ങോട്ട് കേരളത്തില്‍ ഭവനപദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കേണ്ടത്. സര്‍ക്കാര്‍ പദ്ധതികളില്‍ ഭവന നിര്‍മാണത്തിനായി നലവില്‍ അനുവദിക്കുന്ന തുക തന്നെ അപര്യാപ്തമാണ്. തീരദേശ മത്സ്യത്തൊഴിലാളി വിഭാഗങ്ങള്‍ക്കും ഉള്‍പ്രദേശങ്ങളില്‍ ജീവിക്കുന്ന പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ അനുവദിക്കുന്ന തുക ഉപയോഗിച്ച് വീടുകള്‍ പൂര്‍ത്തിയാക്കുക സാധ്യമല്ല. ദുരന്തപ്രതിരോധ സാങ്കേതിക വിദ്യകൂടി ഉപയോഗപ്പെടുത്തുമ്പോള്‍ ചെലവ് പിന്നെയും വര്‍ധിക്കും.  ഒരു വീട് പൂര്‍ത്തിയാക്കാന്‍ 6-7 ലക്ഷം രൂപയെങ്കിലും ആവശ്യമായി വരും. സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ വിശദമായ പുനപരിശോധന നടത്തി നിര്‍മാണ ചെലവിന് ആനുപാതികമായി തുക അനുവദിക്കാന്‍ തയ്യാറാകണം. വീട് നിര്‍മിക്കുന്നതിന് ആവശ്യമായ തുകയുടെ 50 ശതമാനമാണ് സര്‍ക്കാര്‍ അനുവദിക്കുന്നത്. ഈ സാഹചര്യത്തില്‍ അന്താരാഷ്ട്ര സന്നദ്ധ സേവന സംഘടനകളുടെ ഫണ്ടുകളും സ്വകാര്യ കമ്പനികളുടെ സി എസ് ആര്‍ ഫണ്ടുകളും ഭവനപദ്ധതിയിലേക്കായി വനിയോഗിക്കണമെന്ന് സതീശന്‍ നിര്‍ദേശിച്ചു.
ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റിയുടെ നേതൃത്വത്തില്‍ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്, മൈക്രോബില്‍ഡ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ ഓണ്‍ലൈനായി നടന്ന ഇന്ത്യ ഹൗസിംഗ് ഫോറം കേന്ദ്ര ഭവന നിര്‍മാണ വകുപ്പ് സെക്രട്ടറി ദുര്‍ഗാ ശങ്കര്‍ മിശ്ര ഉദ്ഘാടനം ചെയ്തു. നിതി ആയോഗ് സ്പെഷ്യല്‍ സെക്രട്ടറി ഡോ. കെ രാജേശ്വര റാവു, ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റി എം ഡി: ഡോ. രാജന്‍ സാമുവല്‍, ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റി ഇന്റര്‍നാഷണല്‍ ഏഷ്യാ പസഫിക് വൈസ് പ്രസിഡണ്ട് ലൂയിസ് നോഡ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ചു. വിവിധ സെഷനുകളിലായി 1200 ലേറെ പ്രതിനിധികള്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ