നാല്പതിലധികം ഭിന്നശേഷിക്കാർക്ക് തൊഴിലവസരങ്ങൾ തുറന്നുകൊടുത്ത് സഹൃദയ സാഫല്യം തൊഴിൽമേള .
നാല്പതിലധികം ഭിന്നശേഷിക്കാർക്ക് തൊഴിലവസരങ്ങൾ തുറന്നുകൊടുത്ത് സഹൃദയ സാഫല്യം തൊഴിൽമേള . എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തനവിഭാഗമായ സഹൃദയയും കാത്തലിക് ഹെൽ ത്ത് അസോസിയേഷൻ ഓഫ് ഇന്ത്യയും ചേർന്ന് കൊച്ചി നഗരസഭ , എറണാകുളം ജില്ലാ സാമൂഹ്യ നീതി വകുപ്പ്, എറണാകുളം പ്രസ് ക്ലബ്, സെന്റ് ആൽബർട്സ് കോളേജ് ബോട്ടണി വിഭാഗം, ഭാരത് മാതാ കോളേജ് എന്നിവരുടെ സഹകരണത്തോടെ എറണാകുളം സെന്റ് മേരീസ് ബസിലിക്ക ഹാളിൽ പ്ലസ് ടു എങ്കിലും വിദ്യാഭ്യാസ യോഗ്യതയുള്ള ഭിന്നശേഷിക്കാർക്കായി സംഘടിപ്പിച്ച തൊഴിൽമേളയിൽ നൂറ്റി അമ്പതിലധികം ഉദ്യോഗാർത്ഥികളാണ് പങ്കെടുത്തത്. ഉദ്യോഗാർത്ഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി പ്രത്യേക പരിശീലനവും കൗൺസിലിംഗും നൽകിയിരുന്നു. പന്ത്രണ്ടോളം കമ്പനികൾ അഭിമുഖത്തിൽ പങ്കെടുത്തു.
അതിരൂപതാ വികാരി ജനറൽ ഫാ. ഹോർമിസ് മൈനാട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ഹൈബി ഈഡൻ എം.പി. ഉദ്‌ഘാടനം ചെയ്തു. സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെടുന്നവരെയും ചേർത്ത് നിർത്തുമ്പോഴാണ് വികസനപ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തിയിലെത്തുന്നതെന് ന് അദ്ദേഹം പറഞ്ഞു. എല്ലാവര്ക്കും സൗജന്യവിദ്യാഭ്യാസം ഉറപ്പാക്കിയിട്ടുള്ള നമ്മുടെ നാട്ടിൽ ഭിന്നശേഷിക്കാർക്കായുള്ള സ്‌പെഷ്യൽ സ്‌കൂളുകളിൽ വിദ്യാഭ്യാസത്തിന് പണച്ചെലവ് വേണ്ടിവരുന്നത് ഖേദകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യാതിഥിയായിരുന്ന ചലച്ചിത്രതാരം സാജു നവോദയ ഉദ്യോർത്ഥികൾക്കുള്ള ഹൈജീൻ കിറ്റിന്റെ വിതരണം നിർവഹിച്ചു. പ്രശസ്ത മോട്ടിവേഷണൽ സ്പീക്കർ അനീഷ് മോഹൻ മുഖ്യപ്രഭാഷണം നടത്തി. സഹൃദയ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ആൻസിൽ മൈപ്പാൻ, ജനറൽ മാനേജർ പാപ്പച്ചൻ തെക്കേക്കര, പ്രോഗ്രാം ഓഫീസർ കെ. ഓ. മാത്യുസ്, സെലിൻ പോൾ, സിസ്റ്റർ ജെയ്‌സി ജോൺ എന്നിവർ സംസാരിച്ചു. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ തൊഴിൽമേളയ്ക്ക് നേതൃത്വം നൽകി. സിസ്റ്റർ അഭയ യോഗനടപടികൾ ആംഗ്യഭാഷയിലേക്ക് പരിഭാഷപ്പെടുത്തി.
ഫോട്ടോ: സഹൃദയ സാഫല്യം ഭിന്നശേഷിക്കാർക്കായുള്ള തൊഴിൽമേള ഹൈബി ഈഡൻ എം.പി. ഉദ്‌ഘാടനം ചെയ്യുന്നു. ഫാ. ആൻസിൽ മൈപ്പാൻ, അനീഷ് മോഹൻ, ഫാ. ഹോർമിസ് മൈനാട്ടി, സാജു നവോദയ, പാപ്പച്ചൻ തെക്കേക്കര, സെലിൻ പോൾ, സിസ്റ്റർ അഭയ എന്നിവർ സമീപം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ