2017, സെപ്റ്റംബർ 15, വെള്ളിയാഴ്‌ച

എന്‍ജിനീയം 2017- കോട്ടയം സെന്റ്‌ ഗിറ്റ്‌സ്‌ കോളേജിന്‌ അഖിലേന്ത്യാ അവാര്‍ഡ്‌



തിരുവനന്തപുരം : ടെക്‌നോപാര്‍ക്കിലെ ക്വസ്റ്റ്‌ ഗ്ലോബല്‍ കമ്പനി അഖിലേന്ത്യാ തലത്തില്‍ കോളേജ്‌ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച എന്‍ജിനീയറിംഗ്‌ സാങ്കേതികവിദ്യാ ആശയങ്ങളുടെ മത്സരമായ എന്‍ജിനീയം 2017 ല്‍ കോട്ടയം സെന്റ്‌ ഗിറ്റ്‌സ്‌ കോളേജിന്‌ പുരസ്‌കാരം. തിരുവനന്തപുരത്ത്‌ താജ്‌ വിവാന്തയില്‍ സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ അവസാന ഘട്ടത്തിലെത്തിയിട്ടുള്ള പത്ത്‌ പ്രോജക്‌ടുകളില്‍ നിന്നാണ്‌ സെന്റ്‌ ഗിറ്റ്‌സ്‌ ഒന്നാമതെത്തിയത്‌. വിജയികളായ സെന്റ്‌ ഗിറ്റ്‌സ്‌ കോളേജ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഒരു ലക്ഷം രൂപയുടെ ക്യാഷ്‌ അവാര്‍ഡും ട്രോഫിയും എയര്‍ബസ്‌ പ്രോജക്‌ട്‌ ലീഡര്‍ ബര്‍ക്‌ ഹാര്‍ഡ്‌ ഹെയ്‌ന്‍കെയില്‍ നിന്ന്‌ ഏറ്റുവാങ്ങി. ഇവര്‍ക്ക്‌ ജര്‍മ്മനിയിലെ എയര്‍ബസ്‌ നിര്‍മ്മാണശാല സന്ദര്‍ശിക്കാനുള്ള അവസരവും ഒരുങ്ങും.
റോഡിലെ സ്‌പീഡ്‌ ബ്രേക്കറുകളില്‍ കൂടി വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ഉണ്ടാകുന്ന മര്‍ദ്ദത്താല്‍ സൃഷ്‌ടിക്കപ്പെടുന്ന ഊര്‍ജ്ജം വൈദ്യുതോര്‍ജ്ജമാക്കി മാറ്റാനുള്ള പദ്ധതിയാണ്‌ സെന്റ്‌ ഗിറ്റ്‌സ്‌ കോളേജിലെ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്‌ വിദ്യാര്‍ത്ഥികളായ ബോബി ജോര്‍ജ്ജും ജോസ്‌ ടോമും അവതരിപ്പിച്ചത്‌. യുദ്ധവിമാനങ്ങളുടെ ഗതിമാറ്റം അനായാസമാക്കാനായി ചിറകുകള്‍ ക്രമീകരിക്കുന്ന പദ്ധതി അവതരിപ്പിച്ച പാര്‍ക്ക്‌ കോളേജ്‌ ഓഫ്‌ എന്‍ജിനീയറിംഗ്‌ തമിഴ്‌നാടിനാണ്‌ രണ്ടാം സ്ഥാനം. ജൈവസാങ്കേതിക വിദ്യാധിഷ്‌ഠിതമായ കൃത്രിമകാലുകളുടെ സാദ്ധ്യതയെ പറ്റിയുള്ള പദ്ധതി അവതരിപ്പിച്ച വെല്ലൂര്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി തമിഴ്‌നാടിന്‌ മൂന്നാം സമ്മാനം ലഭിച്ചു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ