ബിനാലെ ആര്‍ട്ടിസ്റ്റ്‌സ് സിനിമ വിഭാഗത്തില്‍
സി എസ് വെങ്കിടേശ്വരന്‍ ക്യൂറേറ്റ് ചെയ്ത ചിത്രങ്ങള്‍
കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ ആര്‍ട്ടിസ്റ്റ്‌സ് സിനിമ വിഭാഗത്തില്‍ പ്രമുഖ ചലച്ചിത്ര ഗവേഷകനായ ഡോ സി.എസ് വെങ്കിടേശ്വരന്‍ ക്യൂറേറ്റ് ചെയ്ത നാലു ദിവസത്തെ സിനിമ പാക്കേജിന് തുടക്കമായി. എഴുത്തുകാര്‍, ചിന്തകര്‍, സംവിധായകര്‍ എന്നിവരെ ആസ്പദമാക്കിയുള്ള ഡോക്യുമന്ററികളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ബുധനാഴ്ച തുടങ്ങിയ സിനിമ പാക്കേജ് മാര്‍ച്ച് 25 ശനിയാഴ്ച വരെ നീളും. ബിനാലെ വേദിയായ ഫോര്‍ട്ട് കൊച്ചി കബ്രാള്‍ യാര്‍ഡില്‍ വൈകീട്ട് 5.30-നാണ് ആദ്യ മൂന്നു ദിവസവും പ്രദര്‍ശനം ആരംഭിക്കുക. അവസാന ദിവസത്തെ പ്രദര്‍ശനം വൈകീട്ട് 5 മണിക്ക് തുടങ്ങും.
കേരളത്തില്‍ നിന്ന് കലയെ രാജ്യാന്തര തലത്തില്‍ എത്തിച്ച എഴുത്തുകാരെയും ചിന്തകരെയും കുറിച്ചുള്ള അറിവ് നല്‍കുന്ന ഇടമാണ് ബിനാലെയെന്ന് സി.എസ് വെങ്കിടേശ്വരന്‍ പറഞ്ഞു. കേരളത്തിലെ ബൗദ്ധിക തലത്തിന് അടിസ്ഥാനശില പാകിയ നാല് പ്രതിഭകളെക്കുറിച്ചുള്ള ഡോക്യുമന്ററികളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പെരുമ്പടവം ശ്രീധരനെക്കുറിച്ച് ഷൈനി ജേക്കബ് ബെഞ്ചമിന്‍ സംവിധാനം ചെയ്ത ഇന്‍ റിട്ടേണ്‍ ജസ്റ്റ് എ ബുക്ക് എന്ന ഡോക്യുമന്ററിയാണ് പാക്കേജിന്റെ ആദ്യ ദിനം പ്രദര്‍ശിപ്പിക്കുന്നത്. സഖറിയ തിരക്കഥയെഴുതിയ ഈ ചിത്രം കേരളത്തിലും റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലുമാണ് ചിത്രീകരിച്ചിട്ടുള്ളത്. ദസ്‌തേവിയസ്‌കിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് പെരുമ്പടവം എഴുതിയ ഒരു സങ്കീര്‍ത്തനം പോലെ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ഡോക്യുമന്ററി. ദസ്‌തേവിയസ്‌കി ജിവിച്ച സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് കാണാന്‍ പോയ പെരുമ്പടവത്തിന്റെ കഥയാണ് ഉള്ളടക്കം.
ആധുനിക കവിതയില്‍ കേരളത്തിലെ പ്രമുഖനായ ആറ്റൂര്‍ രവിവര്‍മ്മയെക്കുറിച്ച് അന്‍വര്‍ അലി സംവിധാനം ചെയ്ത മറുവിളി, കെജി ജോര്‍ജിനെക്കുറിച്ച് ലിജിന്‍ ജോസ്, ഷാഹിന റഫീഖ് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ലൈഫ് ആന്‍ഡ് ഫിലിംസ് ഓഫ് കെ.ജി ജോര്‍ജ്, കേസരി ബാലകൃഷ്ണപിള്ളയെക്കുറിച്ച് കെ.ആര്‍ മനോജ് സംവിധാനം ചെയ്ത കേസരി, എന്നിവയാണ് മറ്റ് ഡോക്യുമന്ററികള്‍. അവസാനദിനം പ്രദര്‍ശനത്തിനു ശേഷം പ്രശസ്ത ചരിത്രകാരന്‍ ദിലീപ് മേനോനുമായി സംഭാഷണവും സംഘടിപ്പിച്ചിട്ടുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ