2017, ജൂൺ 23, വെള്ളിയാഴ്‌ച

വേറിട്ട ആശയങ്ങളുള്ള സ്റ്റാര്‍ട്ടപ്പുകള്‍ നിക്ഷേപം ആകര്‍ഷിക്കും സീഡിംഗ്‌ കേരള



കൊച്ചി: വേറിട്ട ആശയങ്ങളുള്ള സ്റ്റാര്‍ട്ടപ്പുകളിലാണ്‌ നിക്ഷേപകര്‍ കൂടുതല്‍ താത്‌പര്യം കാണിക്കുകയെന്ന്‌ കൊച്ചിയില്‍ നടക്കുന്ന സീഡിംഗ്‌ കേരളയിലെ ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. കഴിഞ്ഞ കാലങ്ങളിലുണ്ടായവ ഒരേ ഉത്‌പന്നത്തിന്റെ പകര്‍പ്പുകളായിരുന്നു. അത്തരം സ്റ്റാര്‍ട്ടപ്പുകളുടെ കാലം കഴിഞ്ഞെന്നാണ്‌ പങ്കെടുത്തവരുടെ പൊതു അഭിപ്രായം. സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിന്റെ മാര്‍ഗങ്ങളാരായാന്‍ കേരള സ്റ്റാര്‍ട്ടപ്പ്‌ മിഷനാണ്‌ കൊച്ചിയില്‍ ദ്വിദിന സമ്മേളനം സംഘടിപ്പിച്ചത്‌.

രണ്ടാം ദിവസത്തില്‍ പ്രധാനചര്‍ച്ച എങ്ങനെ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങി അതിലേക്ക്‌ നിക്ഷേപം ആകര്‍ഷിക്കാമെന്നുമുള്ളതായിരുന്നു. എസ്‌ ഇ എ ഫണ്ട്‌ സഹ സ്ഥാപകന്‍ മയൂരേഷ്‌ റൗത്ത്‌, യൂണികോണ്‍ വെഞ്ച്വര്‍ െ്രെപവറ്റ്‌ ലിമിറ്റഡ്‌ ഡയറക്ടര്‍ അനില്‍ ജോഷി, കോര്‍പറേറ്റ്‌ 360 സിഇഒ വരുണ്‍ ചന്ദ്രന്‍ എന്നിവരായിരുന്നു പങ്കെടുത്തത്‌.

വിദേശ മാര്‍ക്കറ്റിലുള്ള കമ്പനികളുടെ പകര്‍പ്പാണ്‌ 2015 വരെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ്‌ വിപണിയെ നിയന്ത്രിച്ചിരുന്നതെന്ന്‌ മയൂരേഷ്‌ റൗത്ത്‌ പറഞ്ഞു. എന്നാല്‍ അത്തരം പകര്‍പ്പുകളുടെ കാലം കഴിഞ്ഞു. ഇനി വേറിട്ട ആശയങ്ങള്‍ക്കാണ്‌ സാധ്യതയുള്ളത്‌. 2016 മുതല്‍ സ്റ്റാര്‍ട്ടപ്പ്‌ നിക്ഷേപങ്ങളില്‍ കുറവു വരുന്നതിന്റെ കാര്യവും മറ്റൊന്നല്ല. അതു കൊണ്ട്‌ തന്നെ ഭാവിയെ മുന്നില്‍കണ്ട്‌ വികസിപ്പിക്കാന്‍ സാധ്യതയുള്ള എല്ലാ സ്റ്റാര്‍ട്ടപ്പുകള്‍ക്കും സാധ്യതയുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ വമ്പന്‍ സാധ്യതകളുണ്ടായിട്ടും വിദേശ കമ്പനികള്‍ ഇവിടെ ആധിപത്യമുറപ്പിച്ചത്‌ വേറിട്ട വഴികള്‍ തെരഞ്ഞെടുക്കാത്തതിനാലാണെന്ന്‌ വരുണ്‍ ചന്ദ്രന്‍ ചൂണ്ടിക്കാട്ടി. രാജ്യത്തെ ആദ്യകാല സ്റ്റാര്‍ട്ടപ്പുകള്‍ പലതും ഇന്ന്‌ ആഗോള ഭീമന്മാരായി കഴിഞ്ഞു. ഇന്ത്യയില്‍ നിന്ന്‌ വ്യത്യസ്‌തമായ വാണിജ്യ സ്റ്റാര്‍ട്ടപ്പുകള്‍ വന്നെങ്കില്‍ മാത്രമേ ഫലവത്തായ നിക്ഷേപം ഇത്തരം സംരംഭങ്ങളിലേക്ക്‌ ആകര്‍ഷിക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.

വേറിട്ട സംരംഭങ്ങള്‍ക്ക്‌ തന്നെയാണ്‌ എയ്‌ഞ്‌ജല്‍ നിക്ഷേപകനെന്ന നിലയില്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന്‌ അനില്‍ ജോഷി പറഞ്ഞു. ഭാവിയില്‍ വികസന സാധ്യതയുള്ള ആശയങ്ങളിലാണ്‌ ഇനിയങ്ങോട്ട്‌ സ്റ്റാര്‍ട്ടപ്പുകള്‍ ലക്ഷ്യം വയ്‌ക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പര്‍വതീകരിച്ച വരുമാനത്തിന്റെ കണക്കു മുന്‍നിര്‍ത്തി നിക്ഷേപം ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന സംരംഭങ്ങളും നാട്ടില്‍ കുറവല്ലെന്ന്‌ മയൂരേഷ്‌ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത്തരം സ്റ്റാര്‍ട്ടപ്പുകള്‍ക്ക്‌ അല്‍പായുസ്സാണ്‌. വിപുലമായ തോതിലുള്ള ഗവേഷണങ്ങളാണ്‌ സ്റ്റാര്‍ട്ടപ്പുകളുടെ കാര്യത്തില്‍ നിക്ഷേപകര്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌. സത്യസന്ധതയില്‍ വിട്ടുവീഴ്‌ച ചെയ്യുന്ന സംരംഭങ്ങള്‍ക്ക്‌ നിലനില്‍ക്കാന്‍ പ്രയാസമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കി.

ലെറ്റ്‌സ്‌ വെഞ്ച്വര്‍ ഡയറക്ടര്‍ സുനിത രാമസ്വാമി നയിച്ച പരിശീലന കളരിയോടെയാണ്‌ രണ്ടാം ദിനത്തിലെ പരിപാടികള്‍ ആരംഭിച്ചത്‌. നിക്ഷേപകരുമൊത്തുള്ള കൂടിക്കാഴ്‌ച, അവതരണം, തുടങ്ങിയ കാര്യങ്ങളിലെ വിശദാംശങ്ങള്‍ അവര്‍ സദസ്സിനു മുന്നില്‍ വച്ചു. 

തെരഞ്ഞെടുക്കപ്പെട്ട ആറു സ്റ്റാര്‍ട്ടപ്പുകള്‍ നിക്ഷേപകര്‍ക്കു മുന്നില്‍ തങ്ങളുടെ ഉത്‌പന്നങ്ങള്‍ അവതരിപ്പിച്ചതോടെയാണ്‌ സീഡിംഗ്‌ കേരളയ്‌ക്ക്‌ വിരാമമായത്‌. കൈന്‍മാക്‌, ഐറോവ്‌, എന്‍ഗേജ്‌സ്‌പോട്ട്‌, ടൂട്ടിഫ്രൂട്ടി, പുഷ്‌പകേവ്‌, ഹഗ്ഗാമ എന്നീ സ്റ്റാര്‍ട്ടപ്പുകളാണ്‌ അവതരണം നടത്തിയത്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ