തന്റേതായ ശൈലിയില്‍ നര്‍മ്മങ്ങള്‍ ചാലിച്ച് ഇന്നസെന്റ്
അനുഭവങ്ങള്‍ പങ്കുവച്ചപ്പോള്‍ പെയ്‌തൊഴിഞ്ഞ ആകാശംപോലെ ആശങ്കകള്‍ അകന്ന്
നിര്‍മലയുടെയും വര്‍ഗീസിന്റെയും മുഖത്ത് പുഞ്ചിരിച്ചു വിടര്‍ന്നു. കേരളത്തില്‍
ആദ്യമായി ശ്വാസകോശവും ഹൃദയവും ഒരുമിച്ച് മാറ്റിവച്ച വാര്‍ത്ത കഴിഞ്ഞ ദിവസം
മാധ്യമങ്ങളിലൂടെയാണ് നടനും എം.പിയുമായ ഇന്നസെന്റ് അറിഞ്ഞത്. എറണാകുളത്ത്
മറ്റൊരാവശ്യവുമായി വന്നപ്പോള്‍ ലിസി ആശുപത്രിയില്‍ എത്തി
ജനീഷയുടെ മാതാപിതാക്കളെ
കാണാന്‍ അദ്ദേഹം ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. ജനീഷയുടെ ചികിത്സയ്‌ക്ക് വലിയ
തുക ആവശ്യമാണ്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും സാധാരണ
ഹൃദയശസ്‌ത്രക്രിയകള്‍ക്കു നല്‍കുന്ന തുകയായ അന്‍പതിനായിരം രൂപ മാത്രമാണ്
അനുവദിച്ചിരിക്കുന്നത്. ഇത് അപര്യാപ്‌തമാണെന്നും ഹൃദയം മാറ്റിവയ്‌ക്കല്‍ പോലുള്ള
വലിയ ശസ്‌ത്രക്രിയകള്‍ക്ക് കൂടുതല്‍ തുക അനുവദിക്കുന്ന കാര്യം പ്രധാനമന്ത്രിയുമായി
സംസാരിക്കുമെന്നും ഇന്നസെന്റ് പറഞ്ഞു. ജനീഷയുടെ കാര്യത്തില്‍ മണ്‌ഡലത്തിന്റെ
എം.പിയായ ജോയ്‌സ് ജോര്‍ജുമായി സംസാരിച്ച് പ്രത്യേകമായി എന്തുചെയ്യാന്‍
സാധിക്കുമെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ തമിഴ്‌നാട്,
ആന്ധ്രാപ്രദേശ് സര്‍ക്കാരുകള്‍ ചെയ്യുന്നതുപോലെ ഇത്തരം ശസ്‌ത്രക്രിയകള്‍ക്ക്
കൂടുതല്‍ സഹായങ്ങള്‍ നല്‍കുന്ന കാര്യം സംസ്ഥാന സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അവയവദാനം എന്ന വലിയ
പുണ്യകര്‍മം നടത്തിയ നിഥിന്റെ കുടുംബത്തെ അദ്ദേഹം പ്രത്യേകം സ്‌മരിച്ചു.
ശസ്‌ത്രക്രിയയ്‌ക്ക് നേതൃത്വം നല്‍കിയ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തെ അദ്ദേഹം
പൊന്നാട അണിയിച്ച് ആദരിച്ചു. കഴിഞ്ഞ മാസം ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ
കഴിഞ്ഞ് തുടര്‍ പരിശോധനകള്‍ക്കായി ലിസി ആശുപത്രിയില്‍ എത്തിയ തൃശൂര്‍ ഒല്ലൂര്‍
സ്വദേശി വി.ആര്‍. ഷാജുവിനെയും ഇന്നസെന്റ് സന്ദര്‍ശിച്ചു. ലിസി ആശുപത്രി ഡയറക്‌ടര്‍
ഫാ. തോമസ് വൈക്കത്തുപറമ്പില്‍, പബ്ലിക് റിലേഷന്‍സ് മാനേജര്‍ വി.ആര്‍. രാജേഷ്
എന്നിവര്‍ സന്നിഹിതരായിരുന്നു.
ഗുരുതരമായ അസുഖത്തെ അതിജീവിക്കാന്‍ തന്നെ
സഹായിച്ച ആത്മവിശ്വാസമെന്ന ജീവാമൃതം ജനീഷയ്‌ക്ക് കൂടി പകര്‍ന്നു നല്‍കാന്‍
മാതാപിതാക്കളോട് പറഞ്ഞിട്ടാണ് ആ വലിയ മനുഷ്യന്‍ ആശുപത്രിയില്‍നിന്ന്
മടങ്ങിയത്.
ജനീഷയ്‌ക്ക് വളരെ ഇഷ്‌ടപ്പെട്ട നടനാണ് ഇന്നസെന്റ് എന്നും
അദ്ദേഹത്തിന്റെ സന്ദര്‍ശനത്തെപ്പറ്റി അറിയുമ്പോള്‍ മകള്‍ക്ക് വലിയ
സന്തോഷമാകുമെന്നും നിര്‍മ്മല പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ