KER ഭേദഗതി: നേതൃയോഗം വെള്ളിയാഴ്‌ച എറണാകുളത്ത്
സംസ്ഥാനത്തെ ക്രൈസ്‌തവ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ
പ്രവര്‍ത്തനങ്ങളെ ആക്ഷേപിച്ച മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ പ്രസ്‌താവന
പ്രതിഷേധാര്‍ഹമാണെന്ന് കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാനസമിതി
അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസരംഗത്ത് ഒരു മാതൃകാസംസ്ഥാനമായി കേരളം രൂപപ്പെട്ട
ചരിത്രം അദ്ദേഹം വിസ്‌മരിക്കരുത്. എയ്‌ഡഡ് വിദ്യാഭ്യാസമേഖലയ്‌ക്കും ന്യൂനപക്ഷ
വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും കൂച്ചുവിലങ്ങിടാന്‍ ശ്രമിച്ച് പരാജയപ്പെട്ട
ഭരണകൂടങ്ങളുടെ ചരിത്രം എല്ലാവരും ഓര്‍ക്കുന്നത് നന്നായിരിക്കും.
ചെമ്പേരി
വിമല്‍ജ്യോതി കോളേജിനു നേരെ കഴിഞ്ഞ ദിവസം നടന്ന ആക്രമണവും, ഭരണഘടനാപരമായ ന്യൂനപക്ഷ
വിദ്യാഭ്യാസ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന കെ.ഇ.ആര്‍. ഭേദഗതിയും,
മുഖ്യമന്ത്രിയുടെ പ്രസ്‌താവനയും ചേര്‍ത്തു വായിക്കേണ്ടതുണ്ട്. ന്യൂനപക്ഷ
സംരക്ഷകര്‍ എന്നവകാശപ്പെടുന്ന ഇടതുപക്ഷജനാധിപത്യമുന്നണിയുടെഇക്കാര്യത്തിലുള്ള നയം
എന്താണെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണം.
കെ. ഇ. ആര്‍ ഭേദഗതി, 2014
മുതലുള്ള ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരുടെ വേതനമില്ലാത്ത സാഹചര്യം,
അധ്യാപകരുടെ ബ്രോക്കണ്‍ സര്‍വ്വീസുകള്‍ പെന്‍ഷന്‍ കണക്കാക്കാന്‍
പരിഗണിക്കേണ്ടതില്ല എന്ന സര്‍ക്കാര്‍ ഉത്തരവ് എന്നീ വിഷയങ്ങളില്‍ ഭാവി പരിപാടികളെ
കുറിച്ച് ആലോചിക്കാന്‍ ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന നേതൃയോഗം ജനുവരി 20-ാം തിയതി
വെള്ളിയാഴ്‌ച രാവിലെ 10.00 മണിക്ക് എറണാകുളത്ത് വെച്ച് ചേരുന്നതാണ്. കേരള
കത്തോലിക്കസഭാ ആസ്ഥാനമായ പാലാരിവട്ടം പി.ഒ.സി. യില്‍ ചേരുന്ന യോഗത്തില്‍ സംസ്ഥാന
ഭാരവാഹികള്‍, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, ടീച്ചേഴ്‌സ് ഗില്‍ഡിന്റെ വിവിധ രൂപത
പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് കെ.സി.ബി.സി. വിദ്യാഭ്യാസകമ്മീഷന്‍
സെക്രട്ടറി ഫാ. ജേക്കബ് പാലയ്‌ക്കാപ്പിള്ളി, ടീച്ചേഴ്‌സ് ഗില്‍ഡ്
സംസ്ഥാനപ്രസിഡന്റ് ജോഷി വടക്കന്‍, ജനറല്‍ സെക്രട്ടറി സാലു പതാലില്‍ എന്നിവര്‍
അറിയിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ