2016, നവംബർ 9, ബുധനാഴ്‌ച

സമ്പൂര്‍ണ കാല്‍മുട്ടു മാറ്റിവെയ്‌ക്കല്‍ ശസ്‌ത്രക്രിയയില്‍ വന്‍മുന്നേറ്റവുമായി ആന്തെം നീ സിസ്റ്റം

 കേരളത്തിലാദ്യമായി ആന്തെം നീ സിസ്റ്റം ഉപയോഗിച്ചുള്ള സമ്പൂര്‍ണ കാല്‍മുട്ടു മാറ്റിവെയ്‌ക്കല്‍ ശസ്‌ത്രക്രിയ നടത്തിയ വിപിഎസ്‌ ലേക്ക്‌ഷോര്‍ സന്ദര്‍ശിച്ച ആന്തെം നീ സിസ്റ്റം ഡിസൈനര്‍ ഡോ. റോബര്‍ട്ട്‌ മക്ലെനന്‍ സ്‌മിത്ത്‌ വിപിഎസ്‌ ലേക്ക്‌ഷോറിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ്‌ ഡോ. ബിപിന്‍ തെരുവില്‍, അസ്ഥിരോഗവിഭാഗം തലവന്‍ ഡോ. ജേക്കബ്‌ വര്‍ഗീസ്‌ എന്നിവര്‍ക്കൊപ്പം.


കൊച്ചി: സമ്പൂര്‍ണ കാല്‍മുട്ടു മാറ്റിവെയ്‌ക്കല്‍ ശസ്‌ത്രക്രിയയില്‍ നിലവിലുള്ള ന്യൂനതകള്‍ പരിഹരിച്ചുകൊണ്ട്‌ ആഗോളതലത്തില്‍ ലഭ്യമായിരുന്ന ആന്തെം നീ സിസ്റ്റം കേരളത്തിലും ലഭ്യമായിത്തുടങ്ങി. ടികെആര്‍ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സമ്പൂര്‍ണ കാല്‍മുട്ടു മാറ്റിവെയ്‌ക്കല്‍ ശസ്‌ത്രക്രിയയുടെ (ടോട്ടല്‍ നീ റീപ്ലേസ്‌മെന്റ്‌) ഇന്ത്യയിലെ വിജയനിരക്ക്‌ അടുത്തകാലത്തായി താഴേയ്‌ക്ക്‌ പോരുന്നതിന്റെ പശ്ചാത്തലത്തിലാണ്‌ വിപ്ലവകരമായ ഈ സംവിധാനം ഇന്ത്യയിലും എത്തിയിരിക്കുന്നത്‌. വേദന ഇല്ലാതാക്കുക എന്ന ലക്ഷ്യവും പരമ്പരാഗത മുട്ടുമാറ്റിവെയ്‌ക്കല്‍ ശസ്‌ത്രക്രിയയിയില്‍ നിറവേറ്റപ്പെടാതെ പോയിരുന്നു. ഈ കുറവും ആന്തെം നീ സിസ്റ്റത്തില്‍ നികത്തിയിട്ടുണ്ടെന്ന്‌ കൊച്ചി സന്ദര്‍ശിക്കുന്ന ആന്തെം നീ സിസ്റ്റം ഡിസൈനറും ദക്ഷിണാഫ്രിക്കക്കാരനുമായ ഡോ. റോബര്‍ട്ട്‌ മക്ലെനന്‍ സ്‌മിത്ത്‌ പറഞ്ഞു.

ഓരോ കാല്‍മുട്ടിനും തീര്‍ത്തും സവിശേഷമായ ആകൃതിയും വലിപ്പവും ഉണ്ടെന്നതിനാല്‍ കൃത്യമായ റെഡിമേഡ്‌ ഡിസൈനുകള്‍ അസാധ്യമായതാണ്‌ സാധാരണ ഇംപ്ലാന്റുകള്‍ നേരിട്ട പ്രധാന വെല്ലുവിളി. അങ്ങനെ രണ്ട്‌ കാരണങ്ങളാലാണ്‌ ഇവ പരാജയപ്പെട്ടിരുന്നത്‌ - അസ്ഥിപ്രതലത്തേക്കാള്‍ ഇംപ്ലാന്റ്‌ വലുതാണെങ്കില്‍ കാല്‍മുട്ടിനു ചുറ്റുമുള്ള മൃദുവായ ടിഷ്യുകളില്‍ ഉരഞ്ഞ്‌ വേദനയുണ്ടാകുന്ന ഓവര്‍ഹാംഗാണ്‌ ആദ്യപ്രശ്‌നം. മുറിച്ച അസ്ഥിപ്രതലം മുഴുവന്‍ ഇംപ്ലാന്റ്‌ മൂടാ്‌ത്ത അവസ്ഥയില്‍ വേദനയുണ്ടാകുന്ന അണ്ടര്‍ഹാംഗാണ്‌ രണ്ടാമത്തെ പ്രശ്‌നം. 

ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ചുകൊണ്ട്‌ ലഭ്യമായ ആന്തെം ടോട്ടല്‍ നീ സിസ്‌റ്റം വിപ്ലവകരമായ മുന്നേറ്റമാണ്‌ നടത്തുന്നത്‌. ഓര്‍ത്തോമാച്ച്‌ ഇന്‍സ്‌ട്രുമെന്റേഷന്‍ പ്ലാറ്റ്‌ഫോം ഉപയോഗപ്പെടുത്തിക്കൊണ്ട്‌ കുറഞ്ഞ ഭാരവും കുറഞ്ഞ ആഘാതവും സാധ്യമാക്കുന്നുവെന്നതാണ്‌ ആന്തെത്തിന്റെ പ്രധാന സവിശേഷതകള്‍. അനാവശ്യമായ ഉല്‍പ്പദാനച്ചെലവില്‍ കുറവു വരുത്തിയതുമൂലമുള്ള വിലക്കുറവും ആന്തെമിന്റെ മികവാണ്‌. ഇതുവരെ ലഭ്യമല്ലാതിരുന്ന പ്രശ്‌നപരിഹാരമാണ്‌ പുതിയ രൂപകല്‍പ്പനയിലൂടെ ടോട്ടല്‍ നീ ആര്‍ത്രോപ്ലാസ്റ്റിക്ക്‌ (ടികെഎ) വിധേയമാകുന്ന രോഗികള്‍ക്ക്‌ ആന്തെം ടോട്ടല്‍ നീ സിസ്റ്റം വാഗ്‌ദാനം ചെയ്യുന്നത്‌. കഴിഞ്ഞ 15-ലേറെ വര്‍ഷക്കാലമായി ആഗോളതലത്തില്‍ ലഭ്യമായിരുന്ന നൂതന സംവിധാനത്തിന്റെ ഏറ്റവും പുതിയ മാതൃകയാണ്‌ ഇപ്പോള്‍ ഇന്ത്യയില്‍ ലഭ്യമാക്കിയിരിക്കുന്നത്‌. രാജ്യത്തെ വിവിധ ജനസംഖ്യാ മേഖലകളില്‍ കാണപ്പെടുന്ന ജനങ്ങളുടെ വിവിധ വലിപ്പങ്ങളിലും ആകൃതികളിലുമുള്ള കാല്‍മുട്ടുകള്‍ക്കിണങ്ങുന്ന ഇംപ്ലാന്റുകളാണ്‌ ആന്തെം രൂപകല്‍പ്പന ചെയ്‌ത്‌ ലഭ്യമാക്കിയിരിക്കുന്നത്‌. 

ചെറിയ അസ്ഥികളുള്ള ഇന്ത്യയിലെ ജനങ്ങളെ മനസ്സില്‍ക്കണ്ട്‌ രൂപകല്‍പ്പന ചെയ്‌ത്‌ നിര്‍മിച്ചിരിക്കുന്നവയാണ്‌ രാജ്യത്തിപ്പോള്‍ ലഭ്യമാക്കിയിരിക്കുന്ന വിപ്ലവകരമായ ആന്തെം നീ സിസ്റ്റങ്ങളെന്ന്‌ വിപിഎസ്‌ ലേക്ക്‌ഷോര്‍ അസ്ഥിരോഗവിഭാഗം തലവന്‍ ഡോ. ജേക്കബ്‌ വര്‍ഗീസ്‌ പറഞ്ഞു. വിവിധങ്ങളായ വലിപ്പങ്ങളില്‍ ലഭ്യമായതുകൊണ്ട്‌ ഫലത്തില്‍ നാടകീയമായ മികവു നല്‍കാന്‍ ഇവയ്‌ക്കാവുമെന്നും അദ്ദേഹം പറഞ്ഞു. 

60 വയസ്സ്‌ പ്രായമുള്ള ഒരു രോഗിക്ക്‌ ഈയിടെ വിജയകരമായി ആന്തെം നീ സിസ്റ്റം ഉപയോഗിച്ച്‌ സമ്പൂര്‍ണ കാല്‍മുട്ട്‌ മാറ്റിവെയ്‌ക്കല്‍ നടത്തിയതായി വിപിഎസ്‌ ലേക്ക്‌ഷോറിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ്‌ ഡോ. ബിപിന്‍ തെരുവില്‍ പറഞ്ഞു. സമ്പൂര്‍ണ കാല്‍മുട്ടു മാറ്റിവെയ്‌ക്കല്‍ ശസ്‌ത്രക്രിയക്കു ശേഷമുള്ള വേദന ഗണ്യമായി കുറയ്‌ക്കുന്നതിലൂടെ ആന്തെം ഒരു വന്‍കുതിപ്പാണ്‌ ഈ രംഗത്ത്‌ സാധ്യമാക്കിയിരിക്കുന്നതെന്നും ഡോ. ബിപിന്‍ കൂട്ടിച്ചേര്‍ത്തു.

ചെറിയ അസ്ഥികളുള്ള ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ജനതയ്‌ക്ക്‌ അനുയോജ്യമാം വിധമാണ്‌ ആന്തെം നീ സിസ്‌റ്റത്തിന്റെ രൂപകല്‍പ്പനയെന്നും ഇതിന്റെ വിലക്കുറവും ആകര്‍ഷകമാണെന്നും ഡോ. റോബര്‍ട്ട്‌ മക്ലെനന്‍ സ്‌മിത്ത്‌ പറഞ്ഞു. കൂടുതല്‍ ഈടുനില്‍ക്കുമെന്നതും ഇതിന്റെ സവിശേഷതയാണ്‌. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ