2016, നവംബർ 8, ചൊവ്വാഴ്ച

ഡോ. ജോസഫ്‌ കളത്തിപ്പറമ്പിലിന്റെ സ്ഥാനാരോഹണം ഡിസംബര്‍ 18


വരാപ്പുഴ അതിരൂപത നിയുക്ത മെത്രാപ്പോലീത്ത
ഡോ. ജോസഫ്‌ കളത്തിപ്പറമ്പിലിന്റെ സ്ഥാനാരോഹണം ഡിസംബര്‍ 18ന്‌;
ഒരുക്കങ്ങള്‍ ആരംഭിച്ചു

കൊച്ചി: വരാപ്പുഴ അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്തയായി ബിഷപ്‌ ഡോ. ജോസഫ്‌ കളത്തിപ്പറമ്പില്‍ ഡിസംബര്‍ 18ന്‌ സ്ഥാനമേല്‍ക്കും. ദേശീയ തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയിലാണ്‌ സ്ഥാനാരോഹണ ചടങ്ങുകള്‍ നടക്കുകയെന്ന്‌ അതിരൂപത അപ്പസ്‌തോലിക്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ ആര്‍ച്ച്‌ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറക്കല്‍ വ്യക്തമാക്കി. ആര്‍ച്ച്‌ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറക്കലാണ്‌ സ്ഥാനാരോഹണ ചടങ്ങുകളുടെ മുഖ്യകാര്‍മികന്‍. ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങളെല്ലാം ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.
അപ്പസ്‌തോലിക്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ ആര്‍ച്ച്‌ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറക്കലാണ്‌ സംഘാടക സമിതി ചെയര്‍മാന്‍. മോണ്‍. ജോസഫ്‌ പടിയാരംപറമ്പിലാണ്‌ സ്ഥാനാരോഹണ ചടങ്ങുകളുടെ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍. മോണ്‍. മാത്യു ഇലഞ്ഞിമറ്റം, റവ. ഡോ. പ്രസാദ്‌ തെരുവത്ത്‌ ഒസിഡി, പ്രൊഫ. കെ. വി തോമസ്‌ എംപി, ഷാജി ജോര്‍ജ്‌, സിസ്റ്റര്‍ ലൈസ സിടിസി എന്നിവര്‍ വൈസ്‌ ചെയര്‍മാന്‍മാരായി13 വിവിധ കമ്മറ്റികള്‍ രൂപീകരിച്ചു. 
ആര്‍ച്ച്‌ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറക്കല്‍ സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണു ബിഷപ്‌ ഡോ. ജോസഫ്‌ കളത്തിപ്പറമ്പിലിനെ ഫ്രാന്‍സിസ്‌ മാര്‍പാപ്പ പുതിയ മെത്രാപ്പോലീത്തയായി നിയമിച്ചത്‌. കഴിഞ്ഞ ഒക്ടോബര്‍ 31നായിരുന്നു ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്‌. വരാപ്പുഴ അതിരൂപതയുടെ ആറാമത്തെ തദ്ദേശീയ മെത്രാപ്പോലീത്തയാണ്‌ അറുപത്തിനാലുകാരനായ ബിഷപ്‌ ഡോ. ജോസഫ്‌ കളത്തിപ്പറമ്പില്‍. അതിരൂപതയിലെ വടുതല സെന്റ്‌ ആന്റണീസ്‌ ഇടവകാംഗമാണ്‌. കോഴിക്കോട്‌ രൂപതയുടെ മുന്‍ മെത്രാനായിരുന്നു. റോമില്‍ അഭയാര്‍ത്ഥികള്‍ക്കും പ്രവാസികള്‍ക്കും വേണ്ടിയുള്ള പൊന്തിഫിക്കല്‍ കമ്മീഷന്‍ സെക്രട്ടറിയായി സേവനമനുഷ്‌ഠിച്ചു വരികയായിരുന്നു. നേരത്തെ വരാപ്പുഴ അതിരൂപത ചാന്‍സലറായും വികാരി ജനറലായും സേവനം ചെയ്‌തിട്ടുണ്ട്‌.
1978 മാര്‍ച്ച്‌ 13ന്‌ പൗരോഹിത്യം സ്വീകരിച്ച നിയുക്‌ത മെത്രാപ്പോലീത്ത, കാനന്‍ നിയമത്തില്‍ റോമിലെ സെന്റ്‌ പോള്‍സ്‌ കോളജില്‍നിന്നു ഡോക്ടറേറ്റ്‌ നേടി. എറണാകുളം സെന്റ്‌ ഫ്രാന്‍സിസ്‌ അസീസി കത്തീഡ്രല്‍ സഹവികാരി, റോമിലെ സെന്റ്‌ പോള്‍സ്‌ കോളജ്‌ വൈസ്‌ റെക്ടര്‍, കളമശേരി സെന്റ്‌ പോള്‍സ്‌ കോളജ്‌ മാനേജര്‍ എന്നീ നിലകളിലും സേവനം ചെയ്‌തു. 2011 ഫെബ്രുവരി 22 മുതല്‍ പൊന്തിഫിക്കല്‍ കമ്മീഷന്‍ സെക്രട്ടറിയാണ്‌. വടുതല പരേതനായ അവറാച്ചന്‍-ത്രേസ്യ ദമ്പതികളുടെ രണ്ടാമത്തെ മകനായി 1952 ഒക്ടോബര്‍ ആറിനായിരുന്നു ഡോ. കളത്തിപ്പറമ്പിലിന്റെ ജനനം. മേരി, ട്രീസ, ജോര്‍ജ്‌, ജൂഡ്‌ ആന്‍സണ്‍ എന്നിവര്‍ സഹോദരങ്ങളാണ്‌. 
വരാപ്പുഴ അതിമെത്രാസന മന്ദിരത്തില്‍ ഇതു സംബന്ധിച്ചു ചേര്‍ന്ന യോഗത്തില്‍ അതിരൂപതയിലെ വൈദികരും സന്യസ്‌തരും അല്‍മായ നേതാക്കളും രാഷ്ട്രീയ സാമൂഹ്യമേഖലയില്‍ നിന്നുള്ളവരും പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ