2016, ജൂലൈ 20, ബുധനാഴ്‌ച

ഉന്നതതല ഗൂഢാലോചന നടന്നെന്ന്‌ അഡ്വ. എംകെ ദാമോദരന്‍.





കൊച്ചി: മുഖ്യമന്ത്രിയുടെ നിയമോപദേശക പദവി ഏറ്റെടുക്കുന്നതിനെതിരെ ഉന്നതതല ഗൂഢാലോചന നടന്നെന്ന്‌ അഡ്വ. എംകെ ദാമോദരന്‍. വ്യക്തിഹത്യ നടത്താന്‍ ശ്രമമുണ്ടായി. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ വിഎസിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയതിനുശേഷമാണു തനിക്കെതിരെ സംഘടിത ശ്രമമുണ്ടായത്‌. വിധിയുണ്ടാകുംവരെ നിയമോപദേശകനായി തന്നെ നിയമിച്ചതിനെ ആരും എതിര്‍ത്തിരുന്നില്ല. എന്നാല്‍ വിധിവന്നു മണിക്കൂറുകള്‍ക്കകം തന്നെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഇതിനു പിന്നില്‍ ആരെന്നു ഇപ്പോള്‍ പറയുന്നില്ലെന്നും ദാമോദരന്‍ പറഞ്ഞു. ഒരു ഇംഗ്‌ളീഷ്‌ ദിനപ്പത്രത്തിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ ഭരണ പക്ഷത്തിലെ തന്നെ ചിലര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ദാമോദരന്‍ രംഗത്തെത്തിയിരിക്കുന്നത്‌.
കഴിഞ്ഞ ജൂണ്‍ ഒന്‍പതിന്‌ നിയമോപദേഷ്ടവായി തന്നെ നിയമിച്ചുകൊണ്ട്‌ ഉത്തരവിറങ്ങുമ്‌ബോള്‍ ആര്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ല. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ വിഎസ്‌ അച്യുതാനന്ദന്റെ ഹരജി തള്ളിയതിന്‌ ശേഷമാണ്‌ തനിക്കെതിരെ എതിര്‍പ്പുയര്‍ന്നത്‌ എന്നും എംകെ ദാമോദരന്‍ വ്യക്തമാക്കി. ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിന്റെ കേസില്‍ മൂന്നുവര്‍ഷമായി ഹാജരാകുന്നുണ്ട്‌. അതില്‍ പുതുമയൊന്നുമില്ല. ഐഎന്‍ടിയുസി നേതാവ്‌ ചന്ദ്രശേഖരനുവേണ്ടി ഹാജരായതു സര്‍ക്കാര്‍ നിലപാടിനു വിരുദ്ധമാണെന്നു പ്രചാരണമുണ്ടായി. എന്നാല്‍ സര്‍ക്കാര്‍ നിലപാടിനു വിരുദ്ധമായ നിലപാടല്ല സ്വീകരിച്ചത്‌. ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നിലപാടിനോടു ചേര്‍ന്നു പോകുന്ന രീതിയില്‍തന്നെയാണ്‌ ഹര്‍ജിയില്‍ ഉന്നയിക്കപ്പെട്ട കാര്യങ്ങളെന്നും ദാമോദരന്‍ പറഞ്ഞു.
ലോട്ടറി രാജാവായ സാന്റിയാഗോ മാര്‍ട്ടിനു വേണ്ടിയും ക്വാറി ഉടമകള്‍ക്കുവേണ്ടിയും കോടതിയില്‍ ദാമോദരന്‍ ഹാജരായതും കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതിയാരോപണത്തില്‍ വിജിലന്‍സ്‌ കേസ്‌ നേരിടുന്ന ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ്‌ ആര്‍ ചന്ദ്രശേഖരനു വേണ്ടി വക്കാലത്ത്‌ ഏറ്റെടുത്തതും വിവാദമായിരുന്നു.
മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടവായി എകെ ദാമോദരനെ നിയമിക്കാനുള്ള തീരുമാനം വലിയ വിവാദങ്ങള്‍ക്ക്‌ ഇടയാക്കിയിരുന്നു. ഇത്‌ സംബന്ധിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ എംകെ ദാമോദരന്‍ ചുമതല സ്വീകരിച്ചിട്ടില്ലെന്നും സ്വീകരിക്കില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിക്കുകയായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ