കൊച്ചി: അക്ഷര മധുരം നുകരാൻ ആഘോഷമായെത്തിയ കുരുന്നുകൾക്ക് സ്‌നേഹ നിർഭരമായ സ്വീകരണം. മഴ മാറി നിന്ന പുലരിയിൽ പതിവിൽ നിന്നു വ്യത്യസ്തമായി മടിയും തേങ്ങി കരച്ചിലുകളുമില്ലാതെ ഉത്സാഹത്തോടെയും സന്തോഷത്തോടെയുമാണ് കുരുന്നുകൾ അക്ഷര മുറ്റത്തെത്തിയത്. ചെല്ലാനം പുത്തൻതോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളാണ് ഈ വർഷത്തെ ജില്ലാതല പ്രവേശനോത്സവത്തിനു വേദിയായത്.
രാവിലെ 9.30 ന് ചെല്ലാനം കണ്ടക്കടവ് ജംക്ഷനിൽ നിന്ന് പഞ്ചവാദ്യത്തിന്റെ അകമ്പടിയിൽ വർണ്ണ ശബളമായ ഘോഷയാത്രയോടെയാണ് കുട്ടികളെ സ്‌കൂളിലേക്ക് എതിരേറ്റത്. ചെല്ലാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി ജോസി ഘോഷയാത്ര ഫഌഗ് ഓഫ് ചെയ്തു. സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും കലാരൂപങ്ങളും അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും അണിനിരന്ന ഘോഷയാത്ര പത്തു മണിയോടെ സ്‌കൂളിലെത്തിച്ചേർന്നു. ആദ്യാക്ഷരങ്ങൾ രേഖപ്പെടുത്തിയ വെള്ളത്തൊപ്പിയണിഞ്ഞ് വരിവരിയായി കുട്ടികൾ നിന്നു. ആദ്യം ഒരൽപ്പം ആശങ്കയും പകപ്പുമൊക്കെ പ്രകടമായിരുന്നെങ്കിലും പിന്നീട് അവരുടെ കുഞ്ഞു മുഖങ്ങളിൽ പുഞ്ചിരി വിടർന്നു. ഉത്സവ പ്രതീതി നിറഞ്ഞ സ്‌കൂൾ കവാടത്തിൽ അവരെ സ്വീകരിക്കാൻ എസ്പിസി കേഡറ്റുകളും മുതിർന്ന ക്ലാസിലെ കുട്ടികളും അധ്യാപകരും കാത്തുനിന്നിരുന്നു.
മധുര പലഹാരവും ടൈംടേബിൾ കാർഡും ചിത്രകഥാ പുസ്തകവും സമ്മാനമായി നൽകിയാണ് കുട്ടികളെ വരവേറ്റത്. തുടർന്ന് മുകൾ നിലയിലെ ഹാളിലെത്തിയ കുരുന്നുകൾ രക്ഷിതാക്കളോടൊപ്പം തങ്ങൾക്ക് ലഭിച്ച പുസ്തകവും മറ്റുമായി ഇരിപ്പുറപ്പിച്ചു. 102 വിദ്യാർഥികളാണ് ഇവിടെ ഈ വർഷം പ്രവേശനം നേടിയത്.
ശിവദാസ് പുറമേരി രചിച്ച് എം. ജയചന്ദ്രൻ ആലപിച്ച് സർവ ശിക്ഷ അഭിയാനും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്ന് തയാറാക്കിയ പ്രവേശനോത്സവ ഗാനത്തിന്റെ നൃത്താവിഷ്‌ക്കാരമാണ് ആദ്യം വേദിയിൽ നടന്നത്. പുത്തൻതോട് സ്‌കൂളിലെ വിദ്യാർഥികൾ തന്നെയാണ് നൃത്തരൂപം അവതരിപ്പിച്ചത്. പുതിയ പ്രതീക്ഷകളും സ്വപ്‌നങ്ങളുമായി അക്ഷരലോകത്തെത്തിയ കുട്ടികൾക്ക് വിസ്മയമായി നൃത്താവതരണം. തുടർന്ന് ചടങ്ങുകൾക്ക് ഔപചാരിക തുടക്കമായി.
ജില്ലാതല പ്രവേശനോത്സവം പ്രൊഫ. കെ.വി. തോമസ് എംപി ഉദ്ഘാടനം ചെയ്തു. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാധാരണക്കാർക്ക് അപ്രാപ്യമായ സ്ഥിതിയാണ് ഇന്നുള്ളതെന്നും അതിനാൽ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം വേഗത്തിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളി മേഖലയായ ചെല്ലാനത്ത് ഏറ്റവുമധികം കുട്ടികൾ പഠിക്കുന്ന സ്‌കൂളാണിത്. ഇവിടെയാണ് താൻ ഏറ്റവുമധികം എം.പി ഫണ്ട് ചെലവാക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പൊതുവിദ്യാഭ്യാസത്തോടുള്ള വിശ്വാസം ജനങ്ങളിൽ വർധിച്ചുവരികയാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച നിയുക്ത എംഎൽഎ കെ.ജെ. മാക്‌സി പറഞ്ഞു. പുത്തൻതോട് സ്‌കൂളിൽ കുട്ടികളുടെ കളിസ്ഥലം ചതുപ്പുനിലമായി കിടക്കുകയാണ്. അടുത്ത അധ്യയന വർഷം പ്രവേശന സമയത്ത് ഈ സ്ഥിതിക്ക് മാറ്റമുണ്ടാകുമെന്നും സ്‌കൂളിന്റെ വികസനത്തിനു പുരോഗതിക്കുമായി എല്ലാ സഹായങ്ങളും നൽകുമെന്നും എംഎൽഎ ഉറപ്പുനൽകി.
അക്ഷര ദീപം തെളിക്കൽ ചടങ്ങും വേദിയിൽ നടന്നു. ഉദ്ഘാടന വിളക്കിൽ നിന്നു പകർത്തിയ ദീപവുമായി കുട്ടികൾ ഗോപുരമായി ചേർന്നു നിന്നു. തുടർന്ന് അവരിൽ നിന്ന് പുതുതായെത്തിയ ഓരോ കുട്ടികളുടെ കൈയിലേക്കും ദീപം പകർന്നു നൽകി. അക്ഷര ദീപത്തിന്റെ പ്രകാശം എന്നുമെന്നും ഇവരുടെ ജീവിതത്തിൽ നിലനിൽക്കട്ടെയെന്ന ആശംസയോടെയായിരുന്നു അക്ഷര ദീപം തെളിക്കൽ.
ചലച്ചിത്ര നടി മോളി കണ്ണമാലി ചടങ്ങിൽ പ്രത്യേക അതിഥിയായി. ഇതേ സ്‌കൂളിൽ പഠിക്കുന്ന തന്റെ മൂന്നു പേരമക്കളുമായാണ് അവർ എത്തിയത്. എസ്എസ്എയും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്നു നിർമ്മിച്ച സീറോ ടു ഹീറോ എന്ന ഹ്രസ്വ ചിത്രത്തിന്റെ സിഡി പ്രകാശനവും അവർ നിർവഹിച്ചു. തന്റെ അധ്യാപകരെ ഓർമ്മിച്ചുകൊണ്ടായിരുന്നു മോളി സംസാരിച്ചു തുടങ്ങിയത്. താൻ പഠിച്ച സ്‌കൂളിൽ ഇത്തരമൊരു ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിച്ചതിലുള്ള സന്തോഷവും അവർ പങ്കുവെച്ചു. പഞ്ചായത്ത് പ്രതിനിധികളുടെയും അധ്യാപകരുടെയും ആവശ്യപ്രകാരം ചവിട്ടുനാടക ഗാനവും ആലപിച്ചാണ് അവർ വേദി വിട്ടത്.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനൽ മുഖ്യപ്രഭാഷണം നടത്തി. ഒൻപതു വർഷം തുടർച്ചയായി എസ്എസ്എൽസിക്ക് മികച്ച വിജയം നേടിയ സ്‌കൂളായിരുന്നു ഇതെന്നും തുടർന്നുള്ള വർഷങ്ങളിലും മികച്ച വിജയം നേടാൻ സ്‌കൂളിനാകട്ടെയെന്നും അവർ പറഞ്ഞു. പ്രധാനാധ്യാപിക എൻ.ഗിരിജ പ്രവേശനോത്സവ സന്ദേശം നൽകി. ഒൻപതു ലക്ഷത്തോളം രൂപ ചെലവിൽ നിർമ്മിച്ച എസ്എസ്എ കെട്ടിട ഉദ്ഘാടനം പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എസ്. പീതാംബരൻ നിർവഹിച്ചു. ജില്ല കളക്ടർ എം.ജി. രാജമാണിക്യം നടപ്പാക്കുന്ന ജ്യോതി പദ്ധതി പ്രകാരമുള്ള സ്മാർട്ട് ക്ലാസ് റൂമുകളും ഈ കെട്ടിടത്തിൽ പ്രവർത്തിക്കും.
സ്‌കൂൾ ബാഗുകളുടെ വിതരണം ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ജാൻസി ജോർജ് നിർവഹിച്ചു. ശുചിത്വ മിഷന്റെ വൃക്ഷത്തെ വിതരണം ജില്ല പഞ്ചായത്തംഗം അനിത ഷീലൻ നിർവഹിച്ചു. യൂണിഫോം വിതരണം ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ പുഷ്പി പൊന്നനും ശുചിത്വ മിഷൻ ലഘുലേഖ വിതരണം ചെല്ലാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി ജോസിയും പാഠപുസ്തക വിതരണം ചെല്ലാനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഡി. പ്രസാദും നിർവഹിച്ചു. സ്‌കൂൾ ഗ്രാന്റ് വിതരണം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ അനിത ബാബുവും മെയ്ന്റനൻസ് ഗ്രാന്റ് വിതരണം ഗ്രാമപഞ്ചായത്ത് വാർഡംഗം പ്രവീൺ ദാമോദരപ്രഭുവും വിദ്യാർഥികളെ പ്രതിഭകളെ ആദരിക്കൽ ഡയറ്റ് പ്രിൻസിപ്പൽ ബി. നന്ദകുമാറും നിർവഹിച്ചു.
ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ എം.കെ. ഷൈൻ മോൻ സ്വാഗതം പറഞ്ഞു. എസ്എസ്എ ജില്ല പ്രൊജക്ട് ഓഫീസർ എസ്. സന്തോഷ് കുമാർ പദ്ധതി വിശദീകരണം നടത്തി. പ്രിൻസിപ്പാൾ ഇൻ ചാർജ് കെ.പി. ഷൈനി, എസ്എസ്എ പ്രോഗ്രാം ഓഫീസർ ധന്യ പി. വാസു, ഡിഇഒ ഇൻചാർജ് കെ.സി. ജയകുമാർ, മട്ടാഞ്ചേരി എഇഒ കെ.എ. വഹീദ, മട്ടാഞ്ചേരി ബിപിഒ ആർ. മീര, പിടിഎ പ്രസിഡന്റ് ജോയ് കാക്കത്തറ, വിദ്യാർഥി പ്രതിനിധി ആന്റണീറ്റ ജെയിംസ്, എസ്എംസി ചെയർപേഴ്‌സൺ വിശാല രമേശ്, എസ്എസ്എ ജില്ല പ്രോഗ്രാം ഓഫീസർ സജോയ് ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ