2016, ജൂൺ 8, ബുധനാഴ്‌ച

നഗരസഭ ഓഫിസിലേക്ക്‌ 13ന്‌ സിപിഐ മാര്‍ച്ച്‌



കൊച്ചി: മഴക്കാല പൂര്‍വ്വ ശുചീകരണത്തില്‍ കൊച്ചി നഗരസഭാ അധികൃതര്‍ പരാജയപ്പെട്ടെന്നാരോപിച്ച്‌ സി പി ഐ 13ന്‌ മാര്‍ച്ച്‌ നടത്തും. എറണാകുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരസഭാ ഓഫീസിലേക്ക്‌ രാവിലെ 10.30നാണ്‌ മാര്‍ച്ച്‌ നടത്തുന്നതെന്ന്‌ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മഴക്കാല പൂര്‍വ്വ ശുചീകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ കൊച്ചി നഗരസഭയുടെ കീഴിലുള്ള ഡിവിഷനുകളില്‍ ശുചിത്വ മിഷന്‍, എന്‍ യു എച്ച്‌ എം, തദ്ദേശ സ്വയം ഭരണ വകുപ്പ്‌ എന്നിവയുടെ ഭാഗമായി 40,000 രൂപ അനുവദിച്ചിട്ടുണ്ട്‌. എന്നാല്‍ ഈ പദ്ധതി നടപ്പാക്കുന്നതിന്‌ നഗരസഭ ഉദ്യോഗസ്ഥ തലത്തിലോ ജനപ്രതിനിധികളുടേയോ യോഗം ചേര്‍ന്നിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. 
വെള്ളക്കെട്ടും കൊതുക്‌ ശല്യവും രൂക്ഷമായിരിക്കുകയാണ്‌. ഓടകളിലെ മാലിന്യം നിറഞ്ഞ്‌ വെള്ളം ഒഴുക്ക്‌ തടസ്സപ്പെട്ടിരിക്കുന്ന സാഹചര്യമാണ്‌ ഇപ്പോഴുള്ളത്‌. പേരണ്ടൂര്‍ കനാലിലെ മാലിന്യ നീക്കവും പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്‌. മഴക്കാല പൂര്‍വ്വ ശുചീരകണത്തിന്റെ കാര്യത്തില്‍ നഗരസഭ കാണിച്ച അലംഭാവത്തിന്റെ ഫലമാണിതെന്നും ആരോപിച്ചു. വെള്ളക്കെട്ട്‌ മൂലം സൗത്ത്‌ റെയില്‍വേ സ്‌റ്റേഷന്‍ പരിസരം കാല്‍നട യാത്രക്കാര്‍ക്ക്‌ നടക്കാന്‍ പോലും സാധിക്കാത്ത സാഹചര്യത്തിലാണുള്ളത്‌. മെട്രൊ നിര്‍മ്മാണത്തില്‍ പഴിചാരിയാണ്‌ നഗരസഭ ഇത്തരം കാര്യങ്ങളില്‍ ഒഴിഞ്ഞുമാറുന്നത്‌. എന്നാല്‍ മെട്രോ നിര്‍മ്മാണം നടക്കാത്ത സ്ഥലങ്ങളിലും സ്ഥിതി സമാനമാണ്‌. ആരോഗ്യ, ശുചിത്വ, ഗതാഗത മേഖലകളില്‍ നഗരസഭാ ഭരണകൂടം സമ്പൂര്‍ണ പരാജയമായി മാറിയിരിക്കുകയാണ്‌. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയപ്പോള്‍ കൊച്ചി നഗരസഭ നോക്കുകുത്തിയായിരുന്നുവെന്നും വ്യക്തമാക്കി. മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും അടിയന്തിരമായി നടക്കണമെന്നും അതിനായി നഗരസഭ എത്രയും വേഗം യോഗം ചേര്‍ന്ന്‌ കാര്യങ്ങള്‍ തീരുമാനിക്കണമെന്നും ആവശ്യപ്പെട്ടാണ്‌ സി പി ഐ മാര്‍ച്ച്‌ സംഘടിപ്പിക്കുന്നതെന്നും പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സിപിഐ നിയോജക മണ്ഡലം സെക്രട്ടറി എം.പി. രാധാകൃഷ്‌ണന്‍, സി.എ. ഷക്കീര്‍ എന്നിവര്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ