2016, മാർച്ച് 31, വ്യാഴാഴ്‌ച

അനാഥമാക്കപ്പെട്ട പേനകള്‍ക്ക്‌ ഇതാ ഒരു നാഥന്‍













കൊച്ചി: ചെറുപ്പം മുതല്‍ എറണാകുളം മഞ്ഞുമ്മല്‍ സ്വദേശി ജോളിക്ക്‌ പേന ഒരു വീക്ക്‌നെസ്‌ ആയിരുന്നു. വിലപിടിച്ച പേനകള്‍ കാണുമ്പോള്‍ കൊതിയൂറും.... വര്‍ഷങ്ങള്‍ കടന്നുപോയെങ്കിലും പേനകള്‍ ഒന്നിനു പുറകെ ഒന്നായി സ്വന്തമാക്കാനുള്ള ഈ കൊതിക്ക്‌ ഒരു അവസാനമില്ലായിരുന്നു. വീടുകളില്‍ പെയിന്റിങ്ങ്‌ പണി കിട്ടിയപ്പോള്‍ ഈ കൊതി ഒന്നുകൂടി കൂടി.
മുറികള്‍ വെള്ളപൂശുമ്പോള്‍ സാധരണയായി ഉപയോഗമില്ലാതെ കിടക്കുന്നവയ്‌ക്ക്‌ എല്ലാം പുറത്തേക്കു പോകാനുള്ള വാതില്‍ തുറക്കപ്പെടും. അലമാരകളിലും മേശകളിലും ഉപയോഗമില്ലാതെ കിടക്കുന്ന വസ്‌തുക്കള്‍ എല്ലാം വലിച്ചു പുറത്തേക്കു കളയുന്ന കൂട്ടത്തില്‍ ഉപയോഗമില്ലാതെ കിടക്കുന്ന പേനകളെ കണ്ടപ്പോള്‍ ജോളിയുടെ ഹൃദയം വല്ലാതെ പെടച്ചു. അങ്ങനെ അനാഥമായി വലിച്ചെറിയപ്പെടുന്ന പേനകളുടെ നാഥനായി ജോളി മാറി. ഇത്‌ കഥയുടെ ഫ്‌ളാഷ്‌ ബാക്ക്‌.
ഇപ്പോള്‍, അനാഥമാക്കപ്പെട്ട ഈ പേനകള്‍ കൊണ്ട്‌ ജോളി പടുത്തുയര്‍ത്തിയ സാമ്രാജ്യം ഒന്നു നോക്കുക.
നാല്‌ ലിംകാ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌സ്‌, അഞ്ച്‌ ഇന്ത്യ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌സ്‌, യൂണീക്‌ വേള്‍ഡ്‌ റെക്കോര്‍ഡ്‌, ഏഷ്യ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌സ്‌, തമിഴ്‌നാട്‌ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡസ്‌ ഗോള്‍ഡന്‍ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌സ്‌..... എന്നിങ്ങനെ 15ഓളം റെക്കോര്‍ഡുകളാണ്‌ അനാഥരായി മാറിയ ഈ പേനകള്‍ ജോളിക്കു പ്രതിഫലമായി നേടിക്കൊടുത്തത്‌
ഇനി സാക്ഷാല്‍ റെക്കോര്‍ഡുകളുടെ തമ്പുരാന്‍ എന്നു തന്നെ പറയാവുന്ന ഗിന്നസ്‌ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌സ്‌ തന്നെ ജോളിയെ തേടി കടന്നുവരുകയാണ്‌. ഇതിനുവേണ്ടി കഴിഞ്ഞ ദിവസം എറണകുളം വുമന്‍സ്‌ അസോസിയേഷന്‍ ഹാളില്‍ ആറായിരം വെരൈറ്റി പേനകളുടെ ഏകദിന പ്രദര്‍ശനം നടത്തി. 14 വര്‍ഷമായി ജോളി ശേഖരിച്ച 30,000 പേനകള്‍പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നു.
ജോളിയുടെ കൈവശമുള്ള പേനകളില്‍ 90 ശതമാനം അനാഥരാണെങ്കിലും സനാഥരായ പേനകളും ഇടം നേടിയിട്ടുണ്ട്‌. സമൂഹത്തിലെ പ്രമുഖര്‍ സംഭാവന ചെയതവയാണ്‌ ഇതിലെ വമ്പന്മാര്‍. അന്തരിച്ച ജസ്റ്റിസ്‌ വി.ആര്‍ . കൃഷ്‌ണയ്യര്‍, പ്രൊഫ.എം.കെ. സാനു, സെബാസ്റ്റ്യന്‍ പോള്‍, കവി ചെമ്മനം ചാക്കോ, കെ.എം.റോയ്‌,പ്രൊഫ. എം.ലീലാവതി, സിനിമാ സംവിധായകന്‍ മെക്കാര്‍ട്ടിന്‍, മുന്‍ മേയര്‍ ടോണി ചമ്മിണി, ഹൈബി ഈഡന്‍ എം.എല്‍.എ എന്നിവര്‍ ജോളിക്കു സമ്മാനമായി നല്‍കിയവയാണ്‌ ഈ വിഐപി പേനകള്‍.ഇതില്‍ഏറ്റവും വിലപിടിച്ചത്‌ സാനുമാഷ്‌ നല്‍കിയ 60 വര്‍ഷം പഴക്കം ചെന്ന പേനയാണ്‌. 32ഓളം വിദേശരാജ്യങ്ങളില്‍ നിന്നുള്ള പേനകളും വിഐപി കളായി ശേഖരത്തിലുണ്ട്‌.
മോണ്ട്‌ ബ്ലാങ്കിന്റെ 30,000 രൂപയുടെ പേനയാണ്‌ ജോളിയുടെ കളക്ഷനിലെ ഏറ്റവും വിലപിടിച്ച പേന. അതിനു പുറമെ റേഡിയോ പേന, റെക്കോര്‍ഡ്‌ ചെയ്യാവുന്ന പേന, അന്ത്യത്താഴത്തിന്റെ ചിത്രം ചുരുട്ടിവെച്ചിരിക്കുന്ന പേന.വിവിധ രാജ്യങ്ങളുടെ ദേശീയപതാകളോടുകൂടിയ പേനകള്‍ എന്നിവ എല്ലാം അപൂര്‍വ കളക്ഷന്റെ ഭാഗമാണ്‌. പാര്‍ക്കര്‍,ക്രോസ്‌, വാട്ടര്‍മാന്‍ഷീഫര്‍, എന്നിവയാണ്‌ ശേഖരത്തില്‍ മുന്നില്‍ നില്‍ക്കുന്നത്‌. ഒരുകാലത്ത്‌ ജനപ്രീയമായിരുന്ന ഹീറോ പേനയുടെ 200ഓളം വെറൈറ്റികള്‍ വേറെ. സീരിയല്‍ നമ്പരുകളാണ്‌ ഇവയെ വ്യത്‌യസ്‌തമാക്കുന്നതെന്നു ജോളി. ഒരു കാലത്ത്‌ ജനപ്രീയമായിരുന്ന റെയ്‌നോള്‍ഡ്‌സ്‌, ബിസ്‌മി, സെല്ലോ, ലക്‌സോര്‍ ,ലില്ലി, മോണ്ടാക്‌സ്‌, തുടങ്ങി ഇപ്പോഴത്തെ ലക്‌സി പേനമുതല്‍ ഒരു രൂപ പേനവരെ ശേഖരത്തിലുണ്ട്‌. റീ ഫില്‍ തീര്‍ന്നാല്‍ വലിച്ചെറിയുന്ന തരത്തിലുള്ള ഈ ഒരു രൂപയുടെ പേനകളാണ്‌ കളക്ഷനിലെ ഏറ്റവും കീഴാളര്‍..
ജോളിയുടെ പേനക്കൊതി മനസിലാക്കി നഗരത്തിലെ വിവിധ ആശുപത്രികളിലെ ഡോക്ടര്‍മാര്‍,അധ്യാപകന്മാര്‍,അഭിഭാഷകര്‍ എന്നിവര്‍ പേനകള്‍ സംഭാവന ചെയ്‌തിട്ടുണ്ട്‌. നിലവില്‍ ജോളിയുടെ വീട്‌ ഇങ്ങനെ അനാഥരായ പേനകളുടെ ആലയം തന്നെ ആയി മാറിയിരിക്കുകയാണ്‌ ഇതില്‍ ഭാര്യ ഡെയ്‌സിക്കും എന്‍ജിനിയറിങ്ങ്‌ വിദ്യാര്‍ഥിയായ മകന്‍ ജെഫിനും ഇതില്‍ എതിര്‍പ്പ്‌ ഇല്ലാതില്ല. മഞ്ഞുമ്മല്‍ പള്ളിയുടെ തെക്കു വശം വടശേരി വീട്ടില്‍ തോമസ്‌-മാഗി ദമ്പതിമാരുടെ പുത്രനായ ജോളി കുടുംബവീട്ടില്‍ തന്നെയാണ്‌ ഇപ്പോഴും താമസം. സ്വന്തമായി ഒരു വീട്‌ ഇല്ലാത്തതിനാല്‍ പേനകള്‍ സൂക്ഷിക്കാന്‍ പെടാപ്പാട്‌ പെടുന്നു. ഈ സ്ഥലപരിമിതി കാരണം രണ്ടു വര്‍ഷം മുന്‍പ്‌ ജോളി ഒരു കടും കൈ ചെയ്‌തു. 150 കിലോഗ്രാം വരുന്ന പേനകള്‍ ആക്രിക്കാരന്‌ വില്‍ക്കേണ്ടി വന്നു. കിട്ടിയത്‌ കേവലം 300 രൂപ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ